Connect with us

Kozhikode

സമൂഹ പുരോഗതിക്ക് ചിന്തകരുടെ കൂട്ടായ്മകള്‍ രൂപപ്പെടണം; നോളജ് സെമിനാര്‍

Published

|

Last Updated

കോഴിക്കോട്: സമൂഹ പുരോഗതിക്ക് വിവിധ മേഖലകളിലെ ചിന്തകരുടെയും വിദഗ്ധരുടെയും കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് മര്‍കസ് എക്‌സലന്‍സി ക്ലബ്ബ് സംഘടിപ്പിച്ച നോളജ് സെമിനാര്‍ അഭിപ്രായപ്പെട്ടു. അത്തരം കൂട്ടായ്മകള്‍ക്ക് അത്ഭുതകരമായ സംഭാവനകള്‍ ലോകത്തിന് സമര്‍പ്പിക്കാനാകും. കാലിക്കറ്റ് ടവറില്‍ നടന്ന സെമിനാറില്‍ ആരോഗ്യ, വിദ്യാഭ്യാസ, നിയമ, സാങ്കേതിക രംഗത്തെ പ്രൊഫഷനലുകളും വാണിജ്യ, വ്യാവസായിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. മാനവികതയിലധിഷ്ഠിതമായ വൈജ്ഞാനിക നാഗരികതയുടെ സൃഷ്ടിപ്പില്‍ അതിവേഗം വികാസം പ്രാപിക്കുന്ന ശാസ്ത്ര, സാങ്കേതിക സാധ്യതകള്‍ സെമിനാര്‍ ചര്‍ച്ച ചെയ്തു.
എം ഇ സി സ്ഥാപക ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ബൈപ്പാസ് ഓപ്പറേഷനിലെ അഡ്വാന്‍സ് ടെക്‌നോളജി ഇന്ത്യയില്‍ പരിചയപ്പെടുത്തിയ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. മൂസക്കുഞ്ഞി വര്‍ധിച്ചു വരുന്ന ഹൃദയാഘാതത്തിന്റെ കാരണങ്ങളെയും പ്രതിരോധ മാര്‍ഗങ്ങളെയും അധികരിച്ച് പ്രബന്ധം അവതരിപ്പിച്ചു.
മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനും മദീന വികസന പദ്ധതിയുടെ സാങ്കേതിക ഉപദേശകനുമായ ഡോ. അബ്ദുസ്സലാം സാമ്പ്രദായിക വിദ്യാഭ്യാസ രീതിശാസ്ത്രത്തില്‍ മര്‍കസ് നോളജ് സിറ്റി വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ പരിചയപ്പെടുത്തി. വിദ്യാഭ്യാസ രംഗത്തെ സാമൂഹിക പദ്ധതികളുടെ സാമ്പത്തിക പ്രഭാവത്തെ സംബന്ധിച്ച് പ്രമുഖ ബിസിനസ് കണ്‍സല്‍ട്ടന്റായ എസ് എസ് എ ഖാദര്‍ ബംഗളൂരു പ്രഭാഷണം നടത്തി. സാങ്കേതിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന പ്രിന്റഡ് ഇലക്‌ട്രോണിക് ടെക്‌നോളജിയെ കുറിച്ച് ഡോ. ഉമര്‍ സലീം പ്രസന്റേഷന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഓപ്പണ്‍ ഡിസ്‌കഷനും നടന്നു.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സി മോയിന്‍കുട്ടി എം എല്‍ എ, എം ഇ സി പ്രസിഡന്റും ആപ്‌കോ ഗ്രൂപ്പ് സി എം ഡിയുമായ എ പി അബ്ദുല്‍ കരീം ഹാജി, മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, വി അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.