Connect with us

Wayanad

പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ കുടിവെള്ള പദ്ധതികള്‍

Published

|

Last Updated

വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ കുടിവെള്ള പദ്ധതികള്‍ വേനല്‍ തുടങ്ങുന്നതോടെ തന്നെ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ കുടിവെള്ളത്തിനായി ദുരിതമനുഭവിക്കേണ്ടിവരുന്നു. നിലവിലുള്ള പദ്ധതികളെല്ലാം തന്നെ കാലപ്പഴക്കം കൊണ്ടും ജല സ്രോതസ്സുകളിലെ വരള്‍ച്ചകാരണവും പഞ്ചായത്തിന് അധിക ബാധ്യതയും ജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമവുമാണ് നല്‍കുന്നത്.
പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ പുളിഞ്ഞാല്‍ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്തിട്ട് 18 വര്‍ഷം പിന്നിട്ടു. ബാണാസുര മംഗലശ്ശേരി മലയില്‍ നിന്നും ഉത്ഭവിക്കുന്ന കല്ലാന്തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്. തോട്ടില്‍ നിന്നും പൈപ്പ് വഴി പുളിഞ്ഞാല്‍ മലമുകളില്‍ സ്ഥാപിച്ച് ടാങ്കിലേക്ക് വെള്ളമെത്തിക്കുകയും സ്വാഭാവിക ഫില്‍ട്ടറിങ്ങിന് ശേഷം പുളിഞ്ഞാല്‍ മുതല്‍ വെള്ളമുണ്ട കിണറ്റിങ്ങല്‍ എട്ടേനാല്‍, മൊതക്കര തുടങ്ങിയ പ്രദേശങ്ങളില്‍ പൊതുടാപ്പിലൂടെയും ഹൗസ് കണക്്ഷനിലൂടെ വെള്ളമെത്തിക്കുന്നതാണ് പദ്ധതി. 2400 ഹൗസ് കണഷനുകളും 180 പൊതു ടാപ്പുകളുമാണ് വാട്ടര്‍ അതോറിറ്റി നല്‍കിയിരിക്കുന്നത്. എന്നാല്‍ മലമുകളില്‍ വന്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തനം തുടങ്ങുകയും കൃഷിയിടങ്ങളിലേക്കും മറ്റും വ്യാപകമായി ജലമെടുക്കാനും തുടങ്ങിയതോടെ ജനുവരി, ഫെബ്രുവരി, മാസമാകുന്നതോടെ തന്നെ കല്ലാന്തോട്ടിലെ നീരൊഴുക്ക് കുറയും. വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിലേക്ക് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യും. മലയില്‍ കാട്ടു തീ കൂടി പടര്‍ന്നതോടെ നീരൊഴുക്ക് തീരെകുറഞ്ഞ് ടാങ്കില്‍ വെള്ളം കിട്ടാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇതോടെ ആശ്ചയിലൊരിക്കല്‍പോലും പൊതുജനങ്ങള്‍ക്ക് വെള്ളം തുറന്നുവിടാന്‍ കഴിയാത്ത സാഹചര്യമാണ് ഈ പദ്ധതിക്കുള്ളത്.
തരുവണയിലും പീച്ചങ്കോടും കുടിവെള്ളമില്ല
തരുവണ, കരിങ്ങാരി, പാലയാണ, പീച്ചങ്കോട് പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ 20 വര്‍ഷം മുമ്പ് തുടങ്ങിയ മുഴുവന്‍ കുടിവെള്ള പദ്ധതികളുടെയും അവസ്ഥ വ്യത്യസ്ഥമല്ല. മാനന്തവാടി കൂടല്‍ക്കടവില്‍ നിന്നും വെള്ളം പമ്പ് ചെയ്താണ് തരുവണ മുഴവന്നൂര്‍കുന്നിന് മുകളിലെ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നത്. എന്നാല്‍ ഇതിനായി 25 വര്‍ഷം മുമ്പ് ഭൂമിക്കടയിലൂടെ കൊണ്ടുവന്ന പൈപ്പ് മുഴുവന്‍ പൊട്ടി ജലം പാഴാകുന്നത് പതിവ് കാഴ്ചയാണ്. ഇതോടെ ഈ ഭാഗത്തേക്കുള്ള പമ്പിങ് വാട്ടര്‍ അതോറിറ്റിക്ക് തോന്നുംപോലെയാണ്. ജലം മാസത്തില്‍ ഒന്നോ രണ്ടോ തവണ വന്നെങ്കിലായി. വേനല്‍കനത്താല്‍ തീരെ വെള്ളം ലഭിക്കുകയുമില്ല.
ബണാസുര ഡാമിന് താഴെ മുള്ളങ്കണ്ടി പുഴയില്‍ തടയണ തീര്‍ത്ത് കടമാന്‍തോടിനെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയാണ് മറ്റൊന്ന്. ഈ പദ്ധതിയിലൂടെയാണ് വാരാമ്പറ്റ, ആലക്കണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി വെള്ളം നല്‍കുന്നത്. കെ.എസ്.ഇ.ബി. തടയണയില്‍ നിന്നും വെള്ളം ലഭിക്കാതെ വരുന്നതോടെ വേനല്‍കാലത്തൊരിക്കലും തന്നെ ഈ പ്രദേശത്തുകാര്‍ക്ക് വെള്ളം ലഭിക്കാറില്ല. ടാങ്കിനേക്കാള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വാട്ടര്‍ കണക്്ഷന്‍ നല്‍കിയതിലുള്ള സാങ്കേതിക തടസങ്ങളും കുടിവെള്ളം കിട്ടാതാകാന്‍ കാരണമായി. മൂന്നു പ്രധാന പദ്ധതികളാണ് വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ വെള്ളമുണ്ട പഞ്ചായത്തില്‍ കുടിവെള്ളമെത്തിക്കാനുള്ളത്. ഇതു മൂന്നും വേനല്‍കാലത്ത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നില്ലെന്നതാണ് സത്യം. ത്രിതല പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന പല പദ്ധതികളും ഉദ്ഘാടനത്തിന് മുമ്പുതന്നെ വെള്ളമില്ലാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്. മൊതക്കര നാലു സെന്റ് കോളനിയിലെ കുടിവെള്ള പദ്ധതി, തരുവണ തിരുമോത്ത്കുന്ന് കുടിവെള്ള പദ്ധതി ഇങ്ങനെ അവതാളത്തിലായ പദ്ധതികള്‍ നിരവധി പഞ്ചായത്തിലുടനീളമുണ്ട്.

---- facebook comment plugin here -----

Latest