Connect with us

Kozhikode

ചിട്ടിത്തട്ടിപ്പ്: രേഖകള്‍ കടത്താന്‍ ശ്രമിച്ച ബ്രാഞ്ച് മാനേജറെ തടഞ്ഞു

Published

|

Last Updated

വടകര: കോടികള്‍ തട്ടിയെടുത്ത വടകര അനശ്വര ചിറ്റ്‌സ് കമ്പനി ഉടമയുടെ വീട്ടില്‍ നിന്ന് രഹസ്യമായി രേഖകള്‍ കടത്താന്‍ ശ്രമിച്ച ബ്രാഞ്ച് മാനേജറെയും മകളെയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തടഞ്ഞു.
ചിറ്റ് ഫണ്ട് ഉടമ ചോമ്പാല കൊരാട്ട് തെരുവിലെ മുക്കന്റവിട വിജയന്റെ വീട്ടില്‍ സൂക്ഷിച്ച രേഖകളാണ് ഇയാളുടെ മകള്‍ വിബിനയും പേരാമ്പ്ര ബ്രാഞ്ച് മാനേജര്‍ കൊയിലാണ്ടി നമ്പ്രത്ത്കര സ്വദേശി വി സി ബാലകൃഷ്ണനും ചേര്‍ന്ന് കടത്താന്‍ ശ്രമിച്ചത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും ചിട്ടിയില്‍ വരിക്കാരായി ചേര്‍ന്ന് വഞ്ചിതരായവരും ചേര്‍ന്നാണ് ഇവരെ തടഞ്ഞത്.
ഫയലുകളും രജിസ്റ്ററുകളും തുണികൊണ്ട് പൊതിഞ്ഞാണ് കടത്താന്‍ ശ്രമിച്ചത്. ഏകദേശം ആറ് കോടിയോളം രൂപയാണ് ഇയാള്‍ വരിക്കാരില്‍ നിന്നായി തട്ടിയെടുത്തത്. സംഭവമറിഞ്ഞ് ചോമ്പാല്‍ എസ് ഐ. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി പോലീസ് നടത്തിയ ചര്‍ച്ചയില്‍ ഇന്ന് ഇതുമായി ബന്ധപ്പെട്ട് വടകരയില്‍ വെച്ച് സംസാരിക്കാമെന്ന ധാരണയില്‍ സമരക്കാര്‍ പിരിഞ്ഞുപോയി.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ ടി രവീന്ദ്രന്‍, സി പി ശ്രീധരന്‍, ഷാജി കുരുക്കിലാട്, സുരേന്ദ്രന്‍ വൈക്കിലശ്ശേരി, ഗിരീഷ് കൊളരാട്, അഡീഷനല്‍ എസ് ഐ. രാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Latest