Connect with us

Kannur

ചീഫ് സെക്രട്ടറി യു ഡി എഫിനു വേണ്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു: ഇ പി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍: എല്‍ ഡി എഫ് കണ്ണൂര്‍ ജില്ലയില്‍ കള്ളവോട്ട് ചെയ്തതിനാല്‍ റീ-പോളിംഗ് നടത്തണമെന്ന യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ പ്രസ്താവന പരാജയ ഭീതിയില്‍ നിന്നുണ്ടായതാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍. വികസനപ്രവര്‍ത്തനങ്ങള്‍ നടത്താതെ ജനങ്ങളില്‍ നിന്ന് അകന്ന സുധാകരന്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കപട അവകാശവാദങ്ങളാണ് നടത്തിയത്.
ജനങ്ങള്‍ ബാലറ്റിലൂടെ ഇതിന് മറുപടി നല്‍കിയപ്പോള്‍ മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിന്റെ ഭാഗമായാണ് പരിഹാസ്യമായ വാദങ്ങളുമായി വരുന്നത്. വിഭ്രാന്തിയിലായ സുധാകരന്‍ എന്തും വിളിച്ചുപറയുന്ന സ്ഥിതിയിലാണ്. അഴീക്കോടന്‍ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.
തിരഞ്ഞെടുപ്പിന്റെ മറവില്‍ ജില്ലയിലുടനീളം യു ഡി എഫ് വ്യാപകമായ അക്രമം നടത്തി. പ്രയോഗിക്കാന്‍ സാധിക്കാതെ പോയ ചില ഗൂഢ പദ്ധതികളും ഇവര്‍ക്കുണ്ടായിരുന്നു. ജനാധിപത്യ മര്യാദക്കും രാഷ്ട്രീയ മാന്യതക്കും നിരക്കുന്ന പ്രവൃത്തികളല്ല യു ഡി എഫിന്റെ ഭാഗത്തുനിന്നുണ്ടായത്. തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിലും ടാഗോര്‍ വിദ്യാലയത്തിലെ ബൂത്തിലും എല്‍ ഡി എഫ് ഏജന്റുമാരെ ലീഗുകാര്‍ മര്‍ദിച്ചു. എല്‍ ഡി എഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ തകര്‍ത്തു. ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ നേരിട്ടെത്തിയാണ് യു ഡി എഫിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിയന്ത്രിച്ചത്. പദവിക്ക് കളങ്കമുണ്ടാക്കിയ ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കേണ്ടതാണ്. ജയരാജന്‍ പറഞ്ഞു.

Latest