Connect with us

Ongoing News

12 ഉറപ്പിച്ച് യുഡിഎഫ്: പത്തിന് മുകളിലെന്ന് എല്‍ഡിഎഫ്

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കണക്കുകള്‍ കൊണ്ട് കളിക്കുകയാണ് ഇരു മുന്നണികളും. ബി ജെ പി ക്യാമ്പിലും ആത്മവിശ്വാസത്തിന് കുറവൊന്നുമില്ല. 12 സീറ്റ് ഉറപ്പായി ലഭിക്കുമെന്നാണ് യു ഡി എഫിന്റെ ആദ്യ വിലയിരുത്തല്‍.

പത്ത് മുതല്‍ 14വരെ സീറ്റുകള്‍ കിട്ടുമെന്ന് എല്‍ ഡി എഫും. കഴിഞ്ഞ തവണത്തേത് പോലെ 16വരെ ഉയര്‍ന്നേക്കാമെന്ന ശുഭപ്രതീക്ഷയും യു ഡി എഫ് മുന്നോട്ടുവെക്കുന്നു. എല്‍ ഡി എഫ് നില മെച്ചപ്പെടുത്തുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഒന്‍പത് സീറ്റ് എല്‍ ഡി എഫിന് ഉറപ്പിക്കാമെന്നാണ് പൊതുനിരീക്ഷണം. ജില്ലാ ഘടകങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെങ്കിലും മുന്നിലെത്തുമെന്ന് നേതൃത്വം ഉറപ്പിച്ചു പറയുന്നു.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വടകര, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, കൊല്ലം, ആറ്റിങ്ങല്‍ സീറ്റുകളില്‍ വിജയം സുനിശ്ചിതമാണെന്നാണ് എല്‍ ഡി എഫിന്റെ വിലയിരുത്തല്‍. ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി സീറ്റുകളില്‍ കൂടി പാര്‍ട്ടി തികഞ്ഞ പ്രതീക്ഷ പുലര്‍ത്തുന്നു. വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ചാലക്കുടി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര, കോട്ടയം, ഇടുക്കി, തിരുവനന്തപുരം സീറ്റുകളെക്കുറിച്ച് ഒരു സംശയവും വേണ്ടെന്നാണ് യു ഡി എഫിന്റെ കണക്ക്. പ്രേമചന്ദ്രന്‍ കൊല്ലം പിടിക്കുമെന്നും കാസര്‍കോട് അട്ടിമറിയുണ്ടാകുമെന്ന ശുഭപ്രതീക്ഷയും നേതൃത്വം പങ്കുവെക്കുന്നു.
പോളിംഗ് ശതമാനം ഉയര്‍ത്തിയ അടിയൊഴുക്കില്‍ ഇരുപക്ഷവും ഒരു പോലെ വിശ്വാസമര്‍പ്പിക്കുകയാണ്. മോദിയുടെ വരവില്‍ ആശങ്കയുള്ള ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി കേന്ദ്രീകരിച്ചതാണ് പോളിംഗ് ശതമാനം ഉയര്‍ത്തിയതെന്നാണ് യു ഡി എഫിന്റെ വാദം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ വികാരമാണ് പ്രതിഫലിച്ചതെന്ന് എല്‍ ഡി എഫ് വിലയിരുത്തുന്നു. ഓരോ മണ്ഡലങ്ങളിലും പ്രാദേശിക പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഇരു പക്ഷവും കരുതുന്നു.
വടകരയില്‍ ടി പി ചന്ദ്രശേഖരന്‍ വധം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് കരുതുമ്പോള്‍ ഇടുക്കിയില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ആനുകൂല്യം എല്‍ ഡി എഫും പ്രതീക്ഷിക്കുന്നു. ഒ രാജഗോപാലിന്റെ സാന്നിധ്യം ത്രികോണ മത്സരത്തിന് അരങ്ങൊരുക്കിയതാണ് തിരുവനന്തപുരത്തെ കണക്കുകള്‍ അട്ടിമറിക്കുന്നത്. ശശി തരൂരിനെതിരെ വ്യക്തിപരമായി ഉയര്‍ന്ന വിമര്‍ശങ്ങള്‍ രാജഗോപാലിന് അനുകൂലമാകുമെന്നാണ് പൊതുവിലയിരുത്തല്‍. നാടാര്‍ സമുദായംഗത്തെ ഇടതുപക്ഷം സ്ഥാനാര്‍ഥിയാക്കിയതോടെ തരൂരിന് ലഭിക്കുമായിരുന്ന മറ്റു ജാതി വോട്ടുകളില്‍ വലിയൊരു ഭാഗം രാജഗോപാലിന്റെ പെട്ടിയില്‍ വീണതായും വിലയിരുത്തുന്നു. ഫലത്തില്‍ ഇതിന്റെ ആനുകൂല്യം ബെന്നറ്റിന് ലഭിക്കുമെന്നും എല്‍ ഡി എഫ് വിലയിരുത്തുന്നു.
ശ്രദ്ധേയമായ പോരാട്ടം നടന്ന കൊല്ലത്ത് സി പി എം ശക്തികേന്ദ്രങ്ങളിലെ ഉയര്‍ന്ന പോളിംഗ് ശതമാനത്തിലാണ് എം എ ബേബിയുടെ പ്രതീക്ഷ. ആര്‍ എസ് പിക്ക് സ്വാധീനമുള്ള ചവറയിലും ഇരവിപുരത്തും മോശമല്ലാത്ത പോളിംഗ് ശതമാനം പ്രേമചന്ദ്രന് അനുകൂലമാകുമെന്നും യു ഡി എഫ് വിലയിരുത്തുന്നു. കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും കേരളാ കോണ്‍ഗ്രസ് വോട്ട് മറിച്ചെന്നാണ് പി സി ജോര്‍ജ് പരോക്ഷമായി പറയുന്നതെങ്കിലും ആന്റോ ആന്റണിയുടെ ജയത്തെ ബാധിക്കില്ലെന്നാണ് യു ഡി എഫിന്റെ വിലയിരുത്തല്‍.
കോട്ടയത്തും എറണാകുളത്തും ഒരു ആശങ്കയുമില്ലെന്ന് യു ഡി എഫ് ഉറപ്പിക്കുന്നു. ആലപ്പുഴയില്‍ കടുത്ത മത്സരം നടന്നെങ്കിലും കെ സി വേണുഗോപാല്‍ ജയിക്കുമെന്ന് തന്നെയാണ് ആലപ്പുഴ ഡി സി സിയുടെ വിലയിരുത്തല്‍. ഗൗരിയമ്മ സി പി എമ്മിനൊപ്പം പോയെങ്കിലും ജെ എസ് എസ് അണികളില്‍ ഭൂരിഭാഗവും കെ സിയെ തുണച്ചെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഉണ്ടാകില്ലെങ്കിലും പൊന്നാനിയില്‍ ജയിച്ച് കയറുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. മലപ്പുറത്തെക്കുറിച്ച് ലീഗിന് ഒരു ആശങ്കയുമില്ല. പാലക്കാട് വീരേന്ദ്രകുമാറിന്റെ സാന്നിധ്യം വീറും വാശിയും കൂട്ടിയെങ്കിലും ജയം രാജേഷിന് തന്നെയാണെന്നാണ് സി പി എമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. ആലത്തൂരിലും ജയത്തില്‍ കുറഞ്ഞൊന്നും സി പി എം കണക്ക് കൂട്ടുന്നില്ല.
കണ്ണൂരിലെ കണക്ക് ഇത്തവണ പിഴക്കില്ലെന്നാണ് സി പി എം ഉറപ്പിച്ച് പറയുന്നത്. കോഴിക്കോടും തികഞ്ഞ വിജയപ്രതീക്ഷ പുലര്‍ത്തുന്നു. ത്രികോണ മത്സരം നടന്ന കാസര്‍കോട് അട്ടിമറിയുണ്ടാകുമെന്നാണ് യു ഡി എഫിന്റെ കണക്ക്.
മോദിയുടെ വരവോടെ കാസര്‍കോട് ന്യൂനപക്ഷ വോട്ട്, ടി സിദ്ദീഖിന് അനുകൂലമായെന്ന് യു ഡി എഫും ബി ജെ പി ജയിച്ചേക്കുമെന്ന ആശങ്കയില്‍ കരുണാകരനെ തുണച്ചെന്ന് സി പി എമ്മും അവകാശപ്പെടുന്നു. കണക്കുകള്‍ ആരെ തുണച്ചാലും കൃത്യമായ ഉത്തരം ലഭിക്കാന്‍ ഇനിയും 34 ദിവസം കാത്തിരിക്കണം. അതുവരെ കണക്ക് കൂട്ടലുകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും.

---- facebook comment plugin here -----

Latest