Connect with us

Eranakulam

148 സ്‌കൂളുകളില്‍ പ്ലസ് ടു : സര്‍ക്കാര്‍ തീരുമാനം ശരിവെച്ചു

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് 148 സ്‌കൂളുകളില്‍ പുതിയ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവെച്ചു. തീരുമാനം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് തള്ളിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
കേരള വിദ്യാഭ്യാസ ചട്ടം ചാപ്റ്റര്‍ അഞ്ചിലെ വ്യവസ്ഥകള്‍ പാലിച്ച ശേഷം മാത്രമേ പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കളുകളും ബാച്ചുകളും അനുവദിക്കാവൂവെന്നായിരുന്നു സിംഗിള്‍ ബഞ്ച് വിധി. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കുകയായിരുന്നു.
ഹയര്‍ സെക്കന്‍ഡറി പഠനത്തിന് സൗകര്യമില്ലാത്ത മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് അത് ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ സര്‍ക്കാര്‍ സ്വീകരിച്ച നയപരമായ തീരുമാനത്തില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബഞ്ച് സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയത്. പുതിയ സ്‌കൂളുകള്‍ക്കല്ല, ഹയര്‍ സെക്കന്‍ഡറി നിലവിലുള്ള സ്‌കൂളുകളില്‍ തന്നെ ആവശ്യകത പരിശോധിച്ച് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
അടിസ്ഥാന യാഥാര്‍ഥ്യം കണക്കിലെടുത്ത് നയപരമായ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറുകള്‍ക്ക് അധികാരമുണ്ടെന്ന് നര്‍മദ ബച്ചാവോ ആന്തോളന്‍ കേസ് ഉദ്ധരിച്ച് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ചാപ്റ്റര്‍ അഞ്ച് പാലിക്കണമെന്ന നിബന്ധനയില്ലാതെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ്. ചാപ്റ്റര്‍ അഞ്ച് ഇക്കാര്യത്തില്‍ നടപ്പാക്കേണ്ട ആവശ്യമില്ല. സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നത്. നയപരമായ കാര്യങ്ങളെ ചോദ്യം ചെയ്യാനാകില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് കോടതി വ്യക്തമാക്കി.
2007ല്‍ പ്ലസ്്ടു സ്‌കൂളുകള്‍ അനുവദിച്ചപ്പോള്‍ കേരള വിദ്യാഭ്യാസ ചട്ടത്തിലെ ചാപ്റ്റര്‍ അഞ്ചിലെ വ്യവസ്ഥകള്‍ പാലിച്ചിരുന്നുവെന്നും ഈ രീതി ഇക്കാര്യത്തിലും നടപ്പാക്കണമെന്നുമുള്ള സിംഗിള്‍ ബഞ്ചിന്റെ നിരീക്ഷണം കോടതി തള്ളി. പുതിയ സാഹചര്യം കണക്കിലെടുത്താണ് പഴയ തീരുമാനം തിരുത്തി സര്‍ക്കാര്‍ നയപരമായ പുതിയ തീരുമാനം കൈക്കൊണ്ടത്. ഇത് നിയമവിരുദ്ധമാണെന്ന് പറയാനാകില്ലെന്ന്് കോടതി വ്യക്തമാക്കി.
പുതിയ ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ മലബാര്‍ മേഖലയെ മാത്രമാണ് പരിഗണിച്ചതെന്ന് എതിര്‍കക്ഷികളായ ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ അനുവദിച്ചുകിട്ടിയ ഹരജിക്കാര്‍ക്ക് ഈ വാദം ഉന്നയിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ചില വസ്തുതകളുടെയും സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് സ്‌കൂളുകള്‍ നടത്താന്‍ മാനേജ്‌മെന്റിന് ഭരണഘടനാപരമായി അവകാശമുള്ളത്.
ഈ നിയന്ത്രണങ്ങളെ വിവേചനമായി കാണാനാകില്ല. അതിനാല്‍, പുതിയ ബാച്ചുകള്‍ അനുവദിക്കാനുള്ള നടപടികളുമായി സര്‍ക്കാറിന് മുന്നോട്ടുപോകാം. അതേ സമയം, പ്ലസ്ടു കോഴ്‌സുകള്‍ അനിവാര്യമെന്ന് കരുതുന്ന മറ്റു മേഖലകള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടക്കുന്നതും ശരിയല്ല. പ്ലസ്ടു കോഴ്‌സുകള്‍ അനിവാര്യമെന്ന് കണ്ടെത്തി കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ച എട്ട് വടക്കന്‍ ജില്ലകളെ കൂടാതെ ബാച്ചുകള്‍ ആവശ്യമുള്ള സ്‌കൂളുകള്‍ മറ്റ് മേഖലകളിലുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. ആവശ്യകത കണക്കിലെടുത്ത് ഓരോ അപേക്ഷയും പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.