Connect with us

Articles

മോദി പറഞ്ഞ സത്യവും ബാബരി മസ്ജിദും

Published

|

Last Updated

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഇത്തിരി വൈകിയാണെങ്കിലും ഒരു സത്യം പറഞ്ഞിരിക്കുന്നു; രാജ്യത്തെ മുസ്‌ലിം ജനവിഭാഗത്തെ കോണ്‍ഗ്രസ് പാര്‍ട്ടി വഞ്ചിച്ചിരിക്കുന്നുവെന്ന്. ഒരു പതിറ്റാണ്ട് കാലം അധികാരത്തില്‍ ഇരുന്നിട്ടും മുസ്‌ലിം ജനവിഭാഗത്തിന്റെ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസോ സോണിയാ ഗാന്ധിയോ ഒന്നും ചെയ്തില്ലെന്നും ദരിദ്രരായ മുസ്‌ലിംകള്‍ക്ക് സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി ഇങ്ങനെ പറഞ്ഞത്. എവിടെ എങ്ങനെ പ്രസംഗിക്കണമെന്ന് മറ്റാരേക്കാളും മോദിക്ക് നന്നായി അറിയാം. തീവ്ര ഹിന്ദുത്വം പറയേണ്ടിടത്ത് തീവ്ര ഹിന്ദുത്വവും മൃദു ഹിന്ദുത്വം പറയേണ്ടിടത്ത് അതും “ന്യൂനപക്ഷപ്രീണനം” നടത്തേണ്ടിടത്ത് ന്യൂനപക്ഷപ്രീണനവും പറയാന്‍ മോദിയെ ആരും പഠിപ്പിക്കേണ്ടതില്ല. നമോവിചാരം അനുസരിച്ചേ മോദി അത് പറയൂ എന്ന് മാത്രമേയുള്ളൂ. യു പിയില്‍ അങ്ങനെ പ്രസംഗിച്ചാലല്ലേ പണി നടക്കുകയുള്ളൂ. വോട്ട് പെട്ടിയില്‍ വീഴണ്ടേ. പറഞ്ഞത് മോദിയാണെങ്കിലും സത്യം സത്യമല്ലാതാകുന്നില്ലല്ലോ. മുസ്‌ലിംകളെ മതേതരത്വത്തിന്റെ പേര് പറഞ്ഞ് കോണ്‍ഗ്രസ് വഞ്ചിക്കുകയായിരുന്നു. അതേ സമയം, മോദിക്ക് മുസ്‌ലിങ്ങളോടുള്ള ഗുണകാംക്ഷയിലായിരുന്നു അത് പറഞ്ഞതെങ്കില്‍ അങ്ങനെയല്ലല്ലോ പ്രസംഗിക്കേണ്ടിരുന്നത്. ഈ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും മാറി മാറി അധികാരത്തില്‍ വന്ന ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌ലിംകളെ വഞ്ചിക്കുകയായിരുന്നുവെന്നല്ലേ? അതല്ലേ പച്ചയായ സത്യം? കോണ്‍ഗ്രസും ബി ജെ പിയും സി പി എമ്മും സമാജ് വാദി പാര്‍ട്ടിയും തുടങ്ങി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ തരാതരം പോലെ മുസ്‌ലിംകളെ ഉപയോഗിച്ചിട്ടില്ലേ? അങ്ങനെ നോക്കുകയാണെങ്കില്‍ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ മുസ്‌ലിങ്ങളെ വഞ്ചിച്ചത് ബി ജെ പിയല്ലേ? പട്ടിണി കിടന്ന് വയറൊട്ടിയ ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളിലേക്ക് വിശപ്പകറ്റാന്‍ ഒരു കിലോ റേഷനരി അധികമനുവദിച്ചാല്‍ “ന്യുനപക്ഷ പ്രീണനം” എന്ന് പറഞ്ഞ് ആദ്യം ഒച്ച വെക്കുന്നത് മോദിയുടെ ബി ജെ പിയല്ലേ? ഇതിനുമൊക്കെ പുറമേ മുസ്‌ലിംകളെ ചുട്ടുകരിച്ചും ആട്ടിയോടിച്ചും “സംരക്ഷിച്ച” ഗുജറാത്ത് മോഡല്‍ മുന്നിലുണ്ടല്ലോ. ഇതൊക്കെ മറന്നുകൊണ്ടായിരുന്നോ മുലായംസിംഗും മകനും മുസാഫര്‍ നഗര്‍ പോലെ “സംരക്ഷിച്ചു”കൊണ്ടിരിക്കുന്ന യു പി മുസ്‌ലിംകളുടെ മുന്നില്‍ അങ്ങ് ഇങ്ങനെ സംസാരിച്ചത്?
ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ കുപ്പായം തൈപ്പിച്ച് നടക്കുന്ന മോദിക്ക് മുസ്‌ലിംകളെ ഓര്‍ത്ത് വിഷമിക്കാനും ദുഃഖിക്കാനുമുള്ള അവകാശം ആരും നിഷേധിക്കുന്നില്ല. കാരണം എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും ജനങ്ങളുടെ മുന്നില്‍ പറഞ്ഞ് കരയാന്‍ മുസ്‌ലിംകള്‍ എന്നും ഈ രാജ്യത്ത് ഇങ്ങനെ തന്നെ കഴിയണമല്ലോ. കാരണം ഇന്നാട്ടിലെ മുസ്‌ലിംകളാണല്ലോ ഇവിടെ ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ വോട്ടുള്ള നിര്‍ഭാഗ്യവാന്‍മാര്‍. അതുകൊണ്ട് തന്നെ മുസ്‌ലിംകള്‍ക്കറിയാം തങ്ങളെ കോണ്‍ഗ്രസുകാര്‍ കാലങ്ങളായി നല്ല വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയായിരുന്നുവെന്ന്. മുസ്‌ലിംകള്‍ക്ക് അര്‍ഹമായത് നല്‍കിയില്ലെന്നത് അവിടെ ഇരിക്കട്ടെ. മുസ്‌ലിം വിഷയങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്ന സര്‍ക്കാരുകള്‍ നിഷ്പക്ഷവും നീതിയുക്തവുമായി നിയമം നടപ്പിലാക്കിയിരുന്നെങ്കില്‍, ഇന്ന് മോദിയെപ്പോലെ ഒരാള്‍ മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിലേക്ക് ഉയര്‍ന്നുവരുന്ന ഗതികേട് ഈ നാടിന് ഉണ്ടാകുമായിരുന്നില്ല. ഗുജറാത്ത് പഠിപ്പിച്ചത് അതായിരുന്നില്ലേ? ഇങ്ങനെയൊക്കയുള്ള കോണ്‍ഗ്രസുകാരുടെ “നല്ല ഭരണം” വീണ്ടും 90-92 കാലങ്ങളിലെ വര്‍ഗീയ ചിന്തകളിലേക്ക് ഈ നാടിനെ എന്തിച്ചു കൊണ്ടിരിക്കുകയാണെന്ന് സംശയിക്കേണ്ട സാഹചര്യമല്ലേ നില നില്‍ക്കുന്നത്? മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഭീതിയിലാണ് ഈ നാട്ടിലെ മതേതര വിശ്വാസികള്‍. അതും ഒരു തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യം. ഒരു വശത്ത് തീവ്ര വര്‍ഗീയ ഫാസിസ്റ്റ് ചിന്താഗതിക്കാരും മറു വശത്ത് കോര്‍പ്പറേറ്റുകാരും കുടുംബാധിപത്യ നേതാക്കളും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണം ആരെ ഏല്‍പ്പിക്കണമെന്നറിയാതെ ഈ രാജ്യത്തെ ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണ്.
ഇത്തരം ഒരു സാഹചര്യത്തലാണ് മറ്റൊരു വിഷയം വീണ്ടും നമ്മുടെ നാട്ടില്‍ ചര്‍ച്ചക്ക് വരുന്നത്; ബാബരി മസ്ജിദ് ധ്വംസനം. രാജ്യം അന്താരാഷ്ട്രതലത്തില്‍ അത്രയും കാലം ഉയര്‍ത്തി പിടിച്ചിരുന്ന അതിന്റെ അന്തസ്സ് തകര്‍ന്നു വീണൊരു ദിനമായിരുന്നു 1992 ഡിസംബര്‍ ആറ്. മതേതര വിശ്വാസികള്‍ ഇന്നും ഞെട്ടലോടെ ഓര്‍ക്കുന്ന ദിവസം. ഇന്ത്യ പോലെ ഒരു രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടല്ലാത്തതാണ് അന്ന് സംഭവിച്ചത്.എല്ലാ ഭരണകൂട സ്ഥാപനങ്ങളെയും നിശ്ശബ്ദമാക്കി കര്‍സേവകര്‍ ബാബരി മസ്ജിദിന്റെ ഒരോ കല്ല് തച്ചുതകര്‍ത്തപ്പോഴും തകര്‍ന്നു വീണത് ഇന്ത്യയെന്ന മഹാ രാജ്യത്തിന്റെ അടിസ്ഥാന ശിലകളായിരുന്നു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓരോ തിരഞ്ഞെടുപ്പ് കാലത്തും ബാബരി വിഷയം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കാറുണ്ട്. ഇത്തവണയും ചര്‍ച്ചകളില്‍ ഇടം നേടുകയാണ്. ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്ന് തെളിവുകള്‍ സഹിതം പുറത്തു വിട്ടുകൊണ്ടുള്ള കോബ്രാ പോസ്റ്റിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ബാബരിയെ വീണ്ടും ചര്‍ച്ചാവിഷയമാക്കിയത്. സംഘപരിവാറിന്റെയും ശിവസേനയുടെയും ആസൂത്രിത നീക്കത്തോടെ നടന്ന മസ്ജിദ് തകര്‍ക്കല്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റ അറിവോടെയുമായിരുവെന്നാണ് വെളിപ്പെടുത്തല്‍. ബാബരി മസ്ജിദ് തകര്‍ത്തതില്‍ പങ്കെടുത്ത 23 പ്രധാന വ്യക്തികളെ നേരിട്ട് അഭിമുഖം നടത്തി ദൃശ്യങ്ങള്‍ സഹിതമാണ് കോബ്രാ പോസ്സ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എല്‍ കെ അഡ്വാനി, ഉമാഭാരതി, കല്യാണ്‍ സിംഗ്, വിനയ് കത്യാര്‍, ബാല്‍ താക്കറെ എന്നിവരെ കൂടാതെ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനും മസ്ജിദ് തകര്‍ക്കുമെന്നത് നേരത്തെ അറിയാമായിരുന്നുവെന്നും കോബ്രാ പോസ്റ്റ് പറയുന്നു. പക്ഷേ ഈ വെളിപ്പെടുത്തലുകള്‍ കേട്ട് ആരും ഞെട്ടിയില്ല. കാരണം അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയായിരുന്നു ആരാണ് ഇതിന് പിന്നിലെന്ന്. രാജ്യത്തിന്റെ എല്ലാ സുരക്ഷാ വിഭാഗങ്ങളെയും ഒരു സംസ്ഥാനത്തെ എല്ലാ ഭരണസംവിധാനങ്ങളെയും നിശ്ശബ്ദവും നിശ്ചലവുമാക്കി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പള്ളി പൊളിക്കണമെങ്കില്‍ അന്ന് രാജ്യം ഭരിച്ചവരുടെയും സംസ്ഥാനം ഭരദമില്ലാതെ എങ്ങനെ സാധിക്കും? അതും ഇന്ത്യ പോലെ ഒരു രാജ്യത്ത്. അതുകൊണ്ട് അന്നേ ഇന്നാട്ടിലെ സത്യം തിരിച്ചറിയാമായിരുന്നു. പക്ഷേ, പള്ളി പൊളിച്ച് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആര് എന്ത് നേടി എന്നൊരു ചോദ്യമുയരുന്നുണ്ട്. ചെയ്തത് ആരായാലും ഇന്നും ഈ നാട് അതിന്റെ പേരില്‍ നീറുകയാണ്.
അന്ന് ബാബരി മസ്ജിദ് തകര്‍ക്കുന്നതിനു വേണ്ടി ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് വി എച്ച് പിയും ശിവസേനയും പരിശീലനം നല്‍കിയതായി കോബ്രാ പോസ്റ്റ് അന്വേഷണത്തില്‍ കണ്ടെത്തി. നമ്മുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്ര തിരഞ്ഞിട്ടും കണ്ടെത്താനാകാത്ത കാര്യമാണ് കോബ്രാ പോസ്റ്റ് തെളിവുകള്‍ സഹിതം കണ്ടെത്തിയിരിക്കുന്നത് എന്നതാണ് രസകരം. പരിശീലനം സിദ്ധിച്ച പ്രവര്‍ത്തകരാണ് മസ്ജിദ് തകര്‍ക്കാന്‍ മുന്‍ നിരയിലുണ്ടായിരുന്നത്. മസ്ജിദ് തകര്‍ക്കുന്നതിന് വന്‍ തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചതിന് പുറമെ, ആര്‍ എസ് എസ് പ്രത്യേക ചാവേര്‍ സംഘത്തെയും രൂപവത്കരിച്ചതായി കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുസ്തകം എഴുതുന്നതിന്റെ ഭാഗമായി കോബ്രാ പോസ്റ്റ് അസോസിയേറ്റ് എഡിറ്റര്‍ കെ ആശിഷ് ആണ് വിനയ് കത്യാര്‍ അടക്കമുള്ള 23 പേരെ അഭിമുഖം നടത്തിയത്. അയോധ്യ, ഫൈസാബാദ്, ലക്‌നോ, ഗോരഖ്പൂര്‍, മഥുര, മുറാദാബാദ്, ജയ്പൂര്‍, ഔറംഗബാദ്, മുംബൈ, ഗ്വാളിയോര്‍ എന്നിവ സന്ദര്‍ശിച്ചാണ് ഇദ്ദേഹം ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കോബ്രാ പോസ്റ്റല്ല, കോണ്‍ഗ്രസ് പോസ്റ്റാണെന്നാണ് ബി ജെ പി ഇതിനോട് പ്രതികരിച്ചത്. ആര്‍ക്ക് വേണ്ടയിട്ടാണെങ്കിലും എന്ത് ഉദ്ദേശ്യത്തിലാണെങ്കിലും കോബ്രാ പോസ്റ്റ് അസോസിയേറ്റ് എഡിറ്റര്‍ കെ ആശിഷ് നടത്തിയ ധീരമായ മാധ്യമ പ്രവര്‍ത്തനത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ എല്ലാ സംവിധാനങ്ങളും കുറ്റവാളികളേ പ്രത്യക്ഷമായൊ പരോക്ഷമായോ സഹായം ചെയ്യുന്ന സാഹചര്യമുണ്ടാകുമ്പോള്‍ ഇത്തരം മാധ്യമ പ്രവര്‍ത്തത്തരിലാണ് പ്രതീക്ഷ. നിയമ നടപടികള്‍ ഒന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലല്ല. മറിച്ച് സമൂഹത്തില്‍ മാന്യന്മാരായി വിലസുന്ന കപട മതേതരവാദികളുടെ മുഖംമൂടി പിച്ചിച്ചീന്താനെങ്കിലും ഇങ്ങനയുള്ള മാധ്യമ പ്രവര്‍ത്തനം കൊണ്ട് സാധിക്കും. കോണ്‍ഗ്രസാണ്് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെന്ന് പറയുമ്പോഴും ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മറ്റ് സഖ്യ കക്ഷികളുടെ സഹായം തേടി ബി ജെ പി അധികാരത്തില്‍ വരേണ്ട സാഹചര്യമുണ്ടായാല്‍ മോദിയെ പ്രധാനമന്ത്രി ആക്കാന്‍ മറ്റു പാര്‍ട്ടികള്‍ സമ്മതിക്കില്ലെന്ന് മറ്റാരേക്കാളും മോദിക്ക് നന്നായി അറിയാം. അവര്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ആദ്യം പറയുന്ന പേര് അഡ്വാനിയുടെതായിരിക്കും. ഒരു കാലത്ത് ബി ജെ പിയിലെ “മോദി”യായിരുന്ന അഡ്വാനി ഇന്ന് പല്ല് കൊഴിഞ്ഞ സിംഹമാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അഡ്വാനി സട കുടഞ്ഞ് എഴുന്നേല്‍ക്കുമെന്ന് മുന്‍കൂട്ടി മോദി കണ്ടതിന്റെ പരിണത ഫലമാണ് റിപ്പോര്‍ട്ടെന്ന് പറഞ്ഞുകൂടേ? ഗുജറാത്ത് മറക്കാനും ബാബരി മറക്കാതിരിക്കാനും താത്പര്യങ്ങളുണ്ടാകില്ലേ? ഇങ്ങനെ റിപ്പോര്‍ട്ടും വെളിപ്പെടുത്തലുകളും പ്രസ്താവനകളും സമയാസമയങ്ങളില്‍ വന്നുകൊണ്ടേയിരുക്കും. അന്വേഷിച്ചോ, നടപടിയെടുത്തോ, ശിക്ഷിച്ചോ എന്നൊന്നും ആരും ചോദിക്കരുത്. കാരണം ഇപ്പുറത്ത് മുസ്‌ലിംകളല്ലേ? അവര്‍ ഇങ്ങനെയൊക്കെ ഈ രാജ്യത്ത് അങ്ങ് കഴിഞ്ഞു പോകുമെന്ന ചിന്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. എന്നാല്‍ അത്തരം തോന്നലുകള്‍ക്ക് മാറ്റം വരുത്തേണ്ട സമയമായി എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഗുജറാത്തില്‍ നിന്നു പോലും വരുന്നത്. കേരളത്തിലെ മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ പ്രബുദ്ധത ഉണ്ടാക്കി നല്‍കിയ പണ്ഡിതന്‍മാര്‍ക്ക് പിന്നില്‍ അവിടെയും ജനങ്ങള്‍ ഒരുമിച്ച് കൂടിത്തുടങ്ങിയിരിക്കുന്നു. ദൂരമല്ലാതെ ഫലം കാണുമെന്നതില്‍ തര്‍ക്കമില്ല. ഇനിയും ഒരു പാട് കാലം ഒരു സമുദായത്തെ പറഞ്ഞു പറ്റിക്കാന്‍ ആര്‍ക്കുമാകില്ലെന്നതിന് തെളിവാണത്.
ഇതിനൊക്കെ ഇടയിലാണ് നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും ശാസ്ത്ര, ഗണിതശാസ്ത്ര അധ്യാപകരെക്കൂടി നിയമിച്ച് രാജ്യത്തെ മദ്‌റസകളെ നവീകരിക്കുമെന്നും ബി ജെ പി ഇറക്കിയിരിക്കുന്ന പ്രകടനപത്രികയില്‍ പറയുന്നത്. കൂടാതെ അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. പുറമേ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ാം വകുപ്പും എടുത്തുകളയുമത്രേ. തിരഞ്ഞടുപ്പ് പ്രകടന പത്രികയില്‍ തന്നെ മുസ്‌ലിംകളെ സേവിച്ചു തുടങ്ങിയിരിക്കുന്നു. ഒരു ദുര്‍ഘട ഘട്ടത്തിലെങ്ങാനും മോദി അധികാരത്തില്‍ വരുന്ന ഗതികേട് ഈ നാട്ടികളെ വഞ്ചിക്കില്ലെന്ന് നമുക്ക് സ്വപ്‌നം കാണാം. മുസ്‌ലിംകളുടെ ദുരിതങ്ങള്‍ക്ക് അറുതി വരുമെന്ന് പ്രതീക്ഷിക്കാം. വെറുതെ സ്വപ്‌നം കാണാം, എന്നും സ്വപ്‌നം കാണാന്‍ വിധിക്കപ്പെട്ടവരാണല്ലോ ഭാരതീയ മുസ്‌ലിംകള്‍.