Connect with us

Ongoing News

കൂട്ടിയും കുറച്ചും ചാലക്കുടി

Published

|

Last Updated

അങ്കമാലി: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ആരു ജയിക്കുമെന്ന് കണക്കുകൂട്ടലിലാണ് ഇരു മുന്നണികളും. എന്നും യു ഡി എഫിന്റെ കൂടെ നിന്നിട്ടുള്ള പഴയ മുകുന്ദപുരം പാര്‍ലിമെന്റ് മണ്ഡലമായ പുതിയ ചാലക്കുടി മണ്ഡലം കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം, ചാലക്കുടി, അങ്കമാലി, ആലുവ, കുന്നത്തുനാട്, പെരുമ്പാവൂര്‍ എന്നീ നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്നാണ്. രണ്ട് ജില്ലകളിലായി വ്യത്യസ്തമായ ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചാലക്കുടി പാര്‍ലിമെന്റ് മണ്ഡലത്തിന് രാഷ്ട്രീയ കാഴ്ചപ്പാടുകളിലും വ്യത്യസ്തതകളുണ്ട്.
പേര് മാറിയെങ്കിലും മുകുന്ദപുരത്തിന്റെ രാഷ്ട്രീയ സ്വഭാവങ്ങളാണ് കൂടുതലും ചാലക്കുടിക്ക് കിട്ടിയിട്ടുള്ളത്. വലതുപക്ഷ രാഷ്ട്രീയത്തോട് അല്‍പ്പം കൂടുതല്‍ കൂറു പുലര്‍ത്തിയിട്ടുള്ള പഴയ മുകുന്ദപുരം ഇടക്ക് എല്‍ ഡി എഫിന് മൃഗീയ ഭൂരിപക്ഷം നല്‍കി വഴിമാറി നടക്കുകയും ചെയ്തിട്ടുണ്ട്. സി പി എം താത്വികാചാര്യന്‍ പി ഗോവിന്ദപിള്ളയെയും ഇ എം എസ് നമ്പൂരിപ്പാടിന്റെ മകന്‍ ഇ എം ശ്രീധരനെയും മുന്‍ മന്ത്രി വിശ്വനാഥനെയും തോല്‍പ്പിച്ച പാരമ്പര്യമുള്ള മുകുന്ദപുരം മണ്ഡത്തില്‍ ലീഡര്‍ കെ കരുണാകരന്റെ മകള്‍ പത്മജയെ റെക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച ചരിത്രവുമുണ്ട്. ഒരു ലക്ഷത്തില്‍പരം വോട്ട് വാങ്ങി വിജയിച്ച ലോനപ്പന്‍ നമ്പാടനായിരുന്ന മുകുന്ദപുരത്തിന്റെ അവസാനത്തെ എം പിയെങ്കില്‍ കോണ്‍ഗ്രസിലെ കെ പി ധനപാലനായിരുന്നു ചാലക്കുടി മണ്ഡലത്തിലെ ആദ്യത്തെ എം പി.
മണ്ഡലത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുള്ള കെ പി ധനപാലന് പകരം വന്ന പി സി ചാക്കോ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വന്‍ പ്രതീക്ഷയിലാണ്. കഴിഞ്ഞ പ്രാവശ്യം ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പ്രതീക്ഷയാണ് പി സി ചാക്കോ പങ്കുവെച്ചതെങ്കില്‍, ലോനപ്പന്‍ നമ്പാടനിലൂടെ നേടിയ പാര്‍ലിമെന്റ് സീറ്റ് നിലനിര്‍ത്താന്‍ എല്‍ ഡി എഫ് ഇറക്കിയ ഇന്നസെന്റ് മെയ് പതിനാറ് കഴിയട്ടെ, എന്നിട്ട് എല്ലാം പറയാം എന്ന നിലപാടിലാണ്. ആം ആദ് മി പാര്‍ട്ടി സ്ഥാനാര്‍ഥി കെ എം നുറൂദ്ദിനും വെല്‍ഫെയര്‍ പര്‍ട്ടി സ്ഥാനാര്‍ഥി കെ അബുജാക്ഷനും ബി ജെ പി സ്ഥാനാര്‍ഥി ബി ഗോപാലകൃഷണനും ചാലക്കുടി മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമാണ് അറിയിച്ചിട്ടുള്ളത്. ഇരു മുന്നണികളിലും അസംതൃപ്തരായവരും നിക്ഷ്പക്ഷരും ആം ആദ്മി പാര്‍ട്ടിയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും പിന്തുണക്കുമെന്ന കണക്കുകൂട്ടലുമുണ്ട്. അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ നിയോജക മണ്ഡലങ്ങളില്‍ യു ഡി എഫിന് ശക്തമായ വോട്ട് ബേങ്കുണ്ട്. കൂടാതെ ഈ ഭാഗത്തെ ക്രിസ്ത്യന്‍, യാക്കോബായ വിഭാഗങ്ങള്‍ പി സി ചാക്കോയെ തുണക്കുമെന്ന പ്രതീക്ഷയും യു ഡി എഫിനുണ്ട്. കുന്നത്തുനാട് മണ്ഡലത്തില്‍ സി പി എം നേതാവും മുന്‍ എം എല്‍ എയുമായ എം എം മോനായിക്ക് സീറ്റ് നല്‍കാത്തതില്‍ വി എസ് പക്ഷ നേതാക്കളും അണികളും വന്‍ നിരാശയിലാണ്. ഈ നിരാശ വോട്ടുകള്‍ ഗുണകരമാക്കാമെന്ന പ്രതിക്ഷയിലാണ് യ ുഡി എഫ് നേതൃത്വം. ചാലക്കുടി, അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ മികച്ച ഭൂരിപക്ഷം യു ഡി എഫിന് ലഭിക്കുമെന്നും മറ്റു സ്ഥലങ്ങളില്‍ എല്‍ ഡി എഫിന് ലഭിക്കുന്ന ഭൂരിപക്ഷം മറികടന്ന് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് യു ഡി എഫിനുള്ളത്.
എന്നാല്‍ അങ്കമാലി, പെരുമ്പാവൂര്‍ മണ്ഡലങ്ങളെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളോടൊപ്പം നിലനിര്‍ത്തുവാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസം എല്‍ ഡി എഫിനുണ്ട്.
കൊടുങ്ങല്ലൂരിലാകട്ടെ എല്‍ ഡി എഫും യു ഡി എഫും തുല്യ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നുണ്ട്.
അതേസമയം, കൈപ്പമംഗലം എല്‍ ഡി എഫിന് മികച്ച ലീഡ് നല്‍കുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ് നേതൃത്വം.
പ്രചാരണ രംഗത്ത് തുടക്കത്തില്‍ ആവേശം നിലനിര്‍ത്താനായില്ലെങ്കിലും ബി ജെ പി മണ്ഡലത്തിലെ നിര്‍ണായക ശക്തിയാണ്. ഏതായാലും ആ ആദ്മി പാര്‍ട്ടിയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും അസംതൃപ്തരെയും നിക്ഷ്പക്ഷമതികളെയും റാഞ്ചിയാല്‍ ചാലക്കുടി പാര്‍ലിമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അക്ഷരാര്‍ഥത്തില്‍ ഫോട്ടോ ഫിനിഷിലെത്തിക്കും.
17,171 പുതിയ വോട്ടുകള്‍ അതുകൊണ്ടു തന്നെ മണ്ഡലത്തില്‍ നിര്‍ണായകമാണ്. ആര് വിജയിച്ചാലും വലിയ ഭൂരിപക്ഷം നല്‍കി മണ്ഡലം ആരോടും അമിത സ്‌നേഹം കാണിക്കില്ലായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

---- facebook comment plugin here -----

Latest