Connect with us

Ongoing News

തിരക്കൊഴിയാതെ നേതാക്കള്‍

Published

|

Last Updated

തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങള്‍ക്കൊടുവില്‍ തിരഞ്ഞെടുപ്പ് ദിനം കഴിഞ്ഞതോടെ തിരക്കൊഴിഞ്ഞ സ്ഥാനാര്‍ഥികളെല്ലാം ആശ്വാസത്തില്‍ നെടുവീര്‍പ്പിടുകയാണ്. ഈ തിരഞ്ഞെടുപ്പിലെ ഏക താര സ്ഥാനാര്‍ഥിയായിരുന്ന ചാലക്കുടിയിലെ ഇന്നസെന്റ് ഇന്നലെ കുടുംബത്തോടൊപ്പമാണ് ചെലവഴിച്ചത്. തിരഞ്ഞെടുപ്പിനായി അഭിനയത്തിന് ചെറിയ ഇടവേള നല്‍കിയ താന്‍ അഭിനയത്തില്‍ കൂടുതല്‍ സജീവമാകുമെന്നും തിരഞ്ഞെടുപ്പുകാല അനുഭവങ്ങള്‍ വിശദീകരിച്ച് പുസ്തകമെഴുതാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും യു ഡി എഫ് സ്ഥാനാര്‍ഥികളായ ശശി തരൂരും ബിന്ദു കൃഷ്ണയും ഇന്നും നാളയെുമായി ഡല്‍ഹിയിലേക്ക് തിരിക്കും. ഉത്തരേന്ത്യയിലെ യു പി എ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഇരുവരും പോകുന്നത്. ബിന്ദു കൃഷ്ണ ഇന്നലെ മകനോടൊപ്പം ചെലവഴിച്ചപ്പോള്‍ ശശി തരൂര്‍ കരിക്കകം ക്ഷേത്രത്തിലും ഡി സി സി ഓഫീസിലുമായാണ് കഴിച്ചു കൂട്ടിയത്.
22 വരെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത ശേഷം അമേരിക്കയില്‍ മക്കളുടെ അടുത്തേക്ക് തരൂര്‍ പോകും.
എന്നാല്‍, ബെന്നറ്റ് എബ്രഹാം പൊതുരംഗത്ത് സജീവമാകുമെന്ന് സൂചിപ്പിച്ച് മരണ വീടുകളിലും ശ്രീചിത്ര പുവര്‍ഹോമിലും പാര്‍ട്ടി ഓഫീസിലുമായാണ് ചെലവഴിച്ചത്. പൂജയുള്‍പ്പെടെ തന്റെ പേഴ്‌സനല്‍ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പറഞ്ഞ ഒ രാജഗോപാല്‍ ഇന്നലെ മുഴുവന്‍ ജവഹര്‍ നഗറിലെ തന്റെ ഫ്‌ളാറ്റിലാണ് കഴിച്ചു കൂട്ടിയത്.
തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ തൃശൂരില്‍ കാണുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ പി ധനപാലന്‍ ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ പരിശോധന നടത്തുന്നതിനായി ആശുപത്രിയില്‍ പോകുമെന്നും അറിയിച്ചു.
എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ സി പി ഐ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് പൊതുരംഗത്ത് കൂടുതല്‍ സജീവമാകുമെന്ന സൂചനകളാണ് നല്‍കിയത്. അതേസമയം, ജനകീയ മുന്നേറ്റ സമരങ്ങളില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്ന ആം ആദ്മി സ്ഥാനാര്‍ഥി സാറാ ജോസഫ് ഒരു രാഷ്ട്രീയ നോവല്‍ എഴുതാനും സമയം കണ്ടെത്തുമെന്നും പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന കൊല്ലത്തെ ഇരു സ്ഥാനാര്‍ഥികളും വളരെ സന്തോഷത്തിലാണ്. തിരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ച ബേബി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകാനാണ് തീരുമാനം. വിജയ പ്രതീക്ഷ ഏറെ വെച്ചുപുലര്‍ത്തുന്ന എന്‍ കെ പ്രേമചന്ദ്രന്‍ കൊല്ലം കേന്ദ്രീകരിച്ച് തന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനം. ഇന്നലെ ഡി സി സി ഓഫീസിലെത്തി നേതാക്കള്‍ക്കൊത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
എറണാകുളത്തെ യു ഡി എഫ് സ്ഥാനാര്‍ഥി കെ വി തോമസ് വത്തിക്കാനില്‍ നടക്കുന്ന രണ്ട് പുണ്യാളന്മാരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധിയായി പോകാനുള്ള ഒരുക്കത്തിലാണ്. വിജയം ഏറെക്കുറെ ഉറപ്പാണെന്ന് ആണയിടുന്ന കെ വി തോമസ് സമയം ഒത്തുവന്നാല്‍ വേളാങ്കണ്ണിയില്‍ തീര്‍ഥാടനത്തിന് പോകുമെന്നും അറിയിച്ചു.
പ്രവര്‍ത്തകര്‍ക്കൊപ്പം തിരഞ്ഞെടുപ്പ് കണക്കുകള്‍ വിലയിരുത്തിയ ക്രിസ്റ്റി ഫര്‍ണാണ്ടസ് നിലവിലെ അവസ്ഥയില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. ആം ആദ്മി സ്ഥാനാര്‍ഥി അനിതാ പ്രതാപ് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിലേക്ക് പോകുമെന്നറിയിച്ചു.
മാവേലിക്കരയിലെ കൊടിക്കുന്നില്‍ സുരേഷ് തിരഞ്ഞെടുപ്പിന് ശേഷം അല്‍പ്പം വിശ്രമിക്കാനാണ് സമയം കണ്ടെത്തുന്നത്. ചെങ്ങറ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ് തീരുമാനം. പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് ഇന്നലെ വിവാദങ്ങളുടെ ദിനമായിരുന്നു. പി സി ജോര്‍ജുമായി ഏറ്റുമുട്ടുന്ന അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പ്രതികാരം വീട്ടാന്‍ കാത്തിരിക്കുകയാണ്.
എന്നാല്‍, എല്‍ ഡി എഫ് സ്ഥാനാര്‍ഥി പീലിപ്പോസ് തോമസ് ഭാവി കാര്യങ്ങളില്‍ ഉറച്ച തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞതോടെ കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് തത്കാലത്തേക്ക് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ പാര്‍ട്ടി ചുമതലയിലേക്ക് പ്രവേശിക്കാനാണ് എസ് ബി ചന്ദ്രബാബുവിന്റെ തീരുമാനം.
ഇടുക്കിയിലെ ഡീന്‍ കൂര്യാക്കോസും ജോയ്‌സ് ജോര്‍ജും ജയം ഉറപ്പിച്ചു തന്നെ പ്രതീക്ഷയോടെ കഴിയുകയാണ്. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം നീക്കിവെക്കാനാണ് കോട്ടയത്തെ ജോസ് കെ മാണിയുടെ തീരുമാനം.
എന്നാല്‍, എം എല്‍ എ എന്ന നിലയില്‍ തിരുവല്ലയിലെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മാത്യു ടി തോമസിന്റെ തീരുമാനം. ചിറ്റൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ആലത്തൂരിലെ കെ എ ഷീബ തന്റെ ഭരണ കാര്യങ്ങളിലേക്ക് തിരികെ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്.
പ്രചാരണത്തിന്റെ ക്ഷീണം തീര്‍ത്ത ശേഷം തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുകയെന്ന് പി കെ ബിജുവും പാലക്കാട്ടെ എം ബി രാജേഷും വ്യക്തമാക്കുന്നു. കല്‍പ്പറ്റയില്‍ തിരിച്ചെത്തിയ എം പി വീരേന്ദ്രകുമാര്‍ തന്റെ പതിവ് രീതികളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പൊന്നാനിയിലെ ഇ ടി മുഹമ്മദ് ബഷീറും മലപ്പുറത്തെ ഇ അഹമ്മദും വിശ്രമത്തിന് മുന്‍തൂക്കം നല്‍കിയപ്പോള്‍ വി അബ്ദുര്‍റഹ്മാന്‍ കുടുംബ സന്ദര്‍ശനത്തിനും പി കെ സൈനബ പാര്‍ട്ടി പരിപാടികള്‍ക്കുമാണ് സമയം കണ്ടെത്തിയത്.
കോഴിക്കോട്ട് നിന്ന് മടങ്ങിയ എ വിജയരാഘവന്‍ പാര്‍ട്ടി പരിപാടികളില്‍ സജീവമാകാന്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. എന്നാല്‍, എം കെ രാഘവനും ശ്രദ്ധേയ പോരാട്ടം നടന്ന വടകരയിലെ എ എന്‍ ഷംസീറും മുല്ലപ്പള്ളിയും ഫലവും കാത്ത് മണ്ഡത്തില്‍ തന്നെയുണ്ടാകും. കാസര്‍ക്കോട്ടെ ടി സിദ്ദീഖ് ഭാര്യയുടെ ചികിത്സാര്‍ഥം തിരുവനന്തപുരം ആര്‍ സി സിയിലേക്ക് മടങ്ങിയപ്പോള്‍ പി കരുണാകരനും കണ്ണൂരിലെ പി കെ ശ്രീമതിയും കെ സുധാകരനും വിശ്രമത്തിലാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം