Connect with us

National

ഉത്തരേന്ത്യയില്‍ കനത്ത പോളിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ പതിനാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. 91 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വിധിയെഴുത്താണ് നടന്നത്. 1,414 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
ഡല്‍ഹിയില്‍ 64 ശതമാനവും ഉത്തര്‍പ്രദേശില്‍ 65, ജമ്മുകാശ്മീരില്‍ 66.29, മധ്യപ്രദേശില്‍ 55.98, ചണ്ഡീഗഢില്‍ 74, മഹാരാഷ്ട്രയില്‍ 54.13 ശതമാനം പേരും വോട്ട് ചെയ്തു.
ത്രികോണ മത്സരം നടന്ന ഡല്‍ഹിയില്‍ പോളിംഗ് ശതമാനത്തില്‍ വലിയ വര്‍ധനവുണ്ടായി. 12.15 ശതമാനം പോളിംഗാണ് ഇത്തവണ വര്‍ധിച്ചത്. 2009ല്‍ 51.85 ശതമാനമായിരുന്നു പോളിംഗ്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ 55.30 ശതമാനമായിരുന്നു പോളിംഗ്. കലാപം നടന്ന മുസാഫര്‍നഗറില്‍ 70.85 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ചണ്ഡീഗഢില്‍ പത്ത് ശതമാനം പോളിംഗ് വര്‍ധിച്ചു. ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 66 ശതമാനമായിരുന്നു പോളിംഗ്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലാണ് കൂടുതല്‍ പോളിംഗ് 63 ശതമാനം. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 61.1 ശതമാനമാണ് പോളിംഗ്. കിഴക്കന്‍ ഡല്‍ഹിയിലും 61.2ഉം ന്യൂഡല്‍ഹിയില്‍ 59.2ഉം ശതമാനം പേര്‍ വോട്ട് ചെയ്തു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 59.3 ശതമാനവും ചാന്ദ്‌നിചൗക്കില്‍ അറുപത് ശതമാനവും പോളിംഗ് നടന്നു. കേന്ദ്ര മന്ത്രിമാരായ കപില്‍ സിബല്‍, കൃഷ്ണാ തീരാത്ത്, എ ഐ സി സി ജനറല്‍ സെകട്ടറി അജയ് മാക്കന്‍, ബി ജെ പി നേതാവ് ഹര്‍ഷവര്‍ധനന്‍, ബി ജെ പി വക്താവ് മീനാക്ഷി ലേഖി, കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത്, ഗാന്ധിജിയുടെ ചെറുമകന്‍ രാജ്‌മോഹന്‍ ഗാന്ധി തുടങ്ങിയവരാണ് ജനവിധി തേടിയത്.
ഗ്രാമ നഗര വ്യത്യാസമില്ലാതെ വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇന്നലെ രാജ്യത്തുടനീളം കണ്ടത്. 1,40,850 പോളിംഗ് കേന്ദ്രങ്ങളാണ് വോട്ടിംഗിന് ഒരുക്കിയിരുന്നത്. ബീഹാറിലൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പോളിംഗ് സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ബീഹാറില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ സി ആര്‍ പി എഫ് ജവാന്‍ കൊല്ലപ്പെട്ടു. മുന്‍ഗര്‍ ജില്ലയിലാണ് സംഭവം. ജുമൈയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളിന് സമീപം സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിയത്. നക്‌സല്‍ ഭീഷണിയുള്ളതിനാല്‍ ഛത്തീസ്ഗഢിലെ ബസ്തര്‍ മണ്ഡലത്തിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. 52 ശതമാനം. ഇവിടെ സ്‌ഫോടനത്തില്‍ പോലീസുകാരന് പരുക്കേറ്റു.
ഡല്‍ഹിയിലെ ഏഴ്, ഉത്തര്‍പ്രദേശിലെ പത്ത്, ബിഹാറിലെ ആറ്, മഹാരാഷ്ട്രയിലെ പത്ത്, ഒഡീഷയിലെ പത്ത്, മധ്യപ്രദേശിലെ ഒമ്പത്, ഝാര്‍ഖണ്ഡിലെ നാല് മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ജമ്മു കാശ്മീര്‍, ലക്ഷദ്വീപ്, ഝാര്‍ഖണ്ഡ,് ഛത്തീസ്ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ ഓരോ മണ്ഡലത്തിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. ഒഡീഷയില്‍ എഴുപത് നിയമസഭാ സീറ്റുകളിലും ഇന്നലെയായിരുന്നു വോട്ടെടുപ്പ്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സോണിയയുടെ മകള്‍ പ്രിയങ്ക വദേരയും ഭര്‍ത്താവ് റോബര്‍ട്ട് വദേരയും ഡല്‍ഹി ലോധി എസ്‌റ്റേറ്റ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്ത് മോദി തരംഗമില്ലെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രിയങ്ക പറഞ്ഞു.
ബി ജെ പി മുന്‍ പ്രസിഡന്റ് നിതിന്‍ ഗാഡ്ഗരി നാഗ്പൂരില്‍ വോട്ട് രേഖപ്പെടുത്തി. ബി ജെ പി നേതാവ് വരുണ്‍ ഗാന്ധി, സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നിവരും വോട്ട് രേഖപ്പെടുത്തി. ന്യൂഡല്‍ഹി മണ്ഡലത്തിലെ സഞ്ചാര്‍ ഭവനില്‍ പന്ത്രണ്ട് മണിയോടെയാണ് പ്രകാശ് കാരാട്ട് വോട്ട് രേഖപ്പെടുത്തിയത്.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഏഴ് സീറ്റുകളിലും വിജയിക്കുമെന്ന് തിലക് മാര്‍ഗില്‍ വോട്ടുചെയ്ത ശേഷം അരവിന്ദ് കെജ്‌രിവാള്‍ അവകാശപ്പെട്ടു.

Latest