നിഷേധ വോട്ട് ഭീഷണിയുമായി പ്രദേശവാസികള്‍: വണ്ടിക്കടവ് ചാമപ്പാറ തീരദേശപാത യാഥാര്‍ഥ്യമായില്ല

Posted on: April 10, 2014 12:28 am | Last updated: April 10, 2014 at 12:28 am

പുല്‍പ്പള്ളി: ടെണ്ടര്‍ നല്‍കി മൂന്നുവര്‍ഷം പിന്നിട്ടിട്ടും വണ്ടിക്കടവ് ചാമപ്പാറ തീരദേശപാത ഇനിയും യാഥാര്‍ഥ്യമായില്ല. ജനപ്രതിനിധികളുടെ നിസംഗതയില്‍ പ്രതിഷേധിച്ച് നിഷേധ വോട്ട് ചെയ്യുമെന്ന് ജനങ്ങള്‍. 2200 മീറ്റര്‍ ദൂരമുള്ള ഈ പാത നിര്‍മ്മാണത്തിന് മൂന്നു വര്‍ഷം മുന്‍പ് ഒരുകോടി രൂപ അനുവദിച്ച് ടെണ്ടര്‍ ചെയ്തിരുന്നു. എന്നാല്‍ റോഡുള്‍പ്പെടുന്ന ചിലഭാഗം വനഭൂമിയാണെന്ന അവകാശവാദവുമായി വനംവകുപ്പ് രംഗത്തുവരികയും നിര്‍മ്മാണം തടയുകയുമായിരുന്നു. വനംവകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ വനഭൂമിയായി വരുന്ന ഭാഗത്ത് മെറ്റലിംഗ് മാത്രം നടത്തി റോഡ് പണിയുന്നതിന് വനംവകുപ്പ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിവാദത്തെതുടര്‍ന്ന് നിര്‍മ്മാണം നിലച്ചതോടെ ടാറിംഗ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ കരാറുകാരന്‍ ഉള്‍പ്പെടെ പലരും കടത്തിക്കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു.
ലക്ഷങ്ങളുടെ സാമഗ്രികളാണ് ഇത്തരത്തില്‍ കാണാതായത്. റോഡിന്റെ മെറ്റലിംഗ് പ്രവൃത്തിമാത്രം പൂര്‍ത്തിയാക്കി കരാറുകാരന്‍ തുകയും കൈപ്പറ്റി സ്ഥലം വിടുകയായിരുന്നു. എന്നാല്‍ ഈ റോഡിന്റെ അവസ്ഥ ഇന്ന് വളരെ പരിതാപകരമാണ്. റോഡില്‍ പാകിയ കല്ലുകള്‍ മുഴുവന്‍ ഇളകിമാറി. വാഹനങ്ങള്‍ പോകുമ്പോള്‍ ഇളകിമാറിയ കല്ലുകള്‍ വീട്ടിലേക്ക് തെറിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ നാട്ടുകാര്‍ പലവട്ടം അധികാരികള്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഒരു നടപടിയുമില്ല. റോഡ് കടന്നുപോകുന്ന ഭാഗം വനഭൂമിയല്ലെന്നും ജനവാസ കേന്ദ്രമായ ഇവിടെ വനഭൂമിയായി പരിഗണിക്കേണ്ടതില്ലെന്നും സൗത്ത്‌വയനാട് ഡി.എഫ്.ഒ. റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. എന്നാല്‍ നിയമമനുസരിച്ച് റോഡ് വനേതര ആവശ്യത്തിന് വിട്ടുകൊടുക്കുന്നതിന് എട്ടുലക്ഷം രൂപാ വനംവകുപ്പിന് കൈമാറണമെന്ന വനംവകുപ്പിന്റെ നിര്‍ദ്ദേശം പിന്നീടു വന്നു. എന്നാല്‍ ഈ തുക കണ്ടെത്താനാകാതെ മരാമത്ത് വകുപ്പ് ഫയല്‍ അനക്കാതെ വെച്ചിരിക്കുകയാണ്. കല്‍പ്പറ്റയില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ഉമ്മന്‍ചാണ്ടി വനംവകുപ്പിനും, മരാമത്ത് വകുപ്പിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിലേക്കുവേണ്ടുന്ന തുക എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിക്കാമെന്ന് എം.എല്‍.എയും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലും ഇതുവരെ നടപടി ആയില്ല. ഇതില്‍ പ്രതിഷേധിച്ച് നിഷേധവോട്ട് ഉള്‍പ്പെടെ പ്രതിഷേധവുമായി മുമ്പോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം.