Connect with us

Palakkad

ശിരുവാണിപ്പുഴയില്‍ തുരിശും കുമ്മായവും കലക്കി വ്യാപക മീന്‍പിടിത്തം

Published

|

Last Updated

മണ്ണാര്‍ക്കാട്: കൊടുംവരള്‍ച്ചയില്‍ നീര്‍ച്ചാലായ ശിരുവാണിപ്പുഴ ഗതിമാറ്റിയൊഴുക്കിയും തുരിശും കുമ്മായവും കലക്കിയും വ്യാപക മീന്‍പിടിത്തം. വിഷബാധയേറ്റ് ചത്തൊടുങ്ങുന്ന എണ്ണമറ്റ ജലജീവികളും മത്സ്യങ്ങളും മലിനജലവും ഒഴുകിയെത്തുന്ന ഈ പുഴവെള്ളമാണ് ജനങ്ങള്‍ കുടിവെള്ളമായി ഉപയോഗിക്കുന്നത്.
അട്ടപ്പാടിയിലെ ജനത്തിരക്കേറിയ അഗളി ഗൂളിക്കടവ് പ്രദേശത്തെ ജനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശിരുവാണിപുഴയിലെ ജലമാണ് കുടിവെള്ളമാക്കുന്നത്. അട്ടപ്പാടിയില്‍ കൊടുംചൂടും വ്യാപക തീപിടിത്തവും പടര്‍ന്നതോടെ ശിരുവാണി, ഭവാനി പുഴകള്‍ ഇടമുറിയുന്ന സ്ഥിതിയിലാണ്.
മണ്‍സൂണ്‍ മഴക്ക് ഇനിയും രണ്ട് മാസത്തോളം കാത്തിരിക്കണം. ഇതിനിടെ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ പുഴയിലെ നീരൊഴുക്ക് നിലക്കും.
സൈലന്റ്‌വാലിയില്‍നിന്നും ഉത്ഭവിക്കുന്ന മന്ദംപൊട്ടി തോട്ടിലെ നീരൊഴുക്കും നിലച്ച മട്ടിലാണ്. പ്രധാന കാര്‍ഷിക മേഖലയായ ജെല്ലിപ്പാറ, കള്ളമല, കുറുക്കന്‍കുണ്ട്, പല്ലിയറ, പുലിയറ, പെട്ടിക്കല്‍, ഷോളയൂര്‍ പ്രദേശത്തുനിന്നും ഉത്ഭവിച്ച് ശിരുവാണി- ഭവാനി പുഴകളില്‍ ലയിക്കുന്ന തോടുകളില്‍ മിക്കതും വറ്റിക്കഴിഞ്ഞു.
കിഴക്കന്‍ അട്ടപ്പാടിയിലൂടെ ഒഴുകുന്ന പ്രധാന പുഴയായ കൊടുങ്ങരപ്പള്ളം വറ്റിവരണ്ട നിലയിലാണ്. പുതൂര്‍ പഞ്ചായത്തിലൂടെ ഒഴുകുന്ന വരഗാര്‍ പുഴയിലെ ഒഴുക്കും നിലച്ചു. പുഴ പുറമ്പോക്കുകളും തുരുത്തുകളും വന്‍തോതില്‍ കൈയടക്കി കഴിഞ്ഞു.
ജലക്ഷാമം രൂക്ഷമാകുമ്പോഴും തോട്ട പൊട്ടിച്ചും വിഷം കലര്‍ത്തിയും പുഴ ഗതിമാറ്റിവിട്ടും ജലമലനീകരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ വൈമനസ്യം കാട്ടുകയാണ്.

Latest