വനംവകുപ്പ് പ്രഖ്യാപിച്ച പൂച്ച പിടികൂടിയപ്പേള്‍ പുലിയായി

Posted on: April 9, 2014 10:16 am | Last updated: April 9, 2014 at 10:16 am

ചാലക്കുടി: കോക്കാന്‍ പൂച്ചയെന്ന് വനംവകുപ്പ് പ്രഖ്യാപിച്ച മൃഗത്തെ ഫയര്‍ഫോഴ്‌സ് പുറത്തെടുത്തപ്പോള്‍ പുലിയായി. ഇത് വനംവകുപ്പിന് പുലിവാലായി.
പൂലാനി കുറുപ്പം എടയപുറം സതീശന്റെ ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്നുമാണ് ഫയര്‍ഫോഴസ് അതിസാഹസികമായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുള്ളിപുലിയെ പുറത്തെടുത്തത്. കഴിഞ്ഞ ഞായറാഴ്ച പ്രദേശത്ത് പുലിയെ കണ്ടിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിരുന്നു.
എന്നാല്‍ ഇത് പുലിയല്ല കോക്കാന്‍പൂച്ചയാണെന്ന് വനംവകുപ്പ് ഉദ്യഗസ്ഥര്‍ പറഞ്ഞു. പുലിയുടെ കാല്‍പ്പാടുകള്‍ കാട്ടികൊടുത്തിട്ടും വനംവകുപ്പ് നിലപാട് മാറ്റയില്ല.ര ാത്രിമുഴുവനും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല .ഇതിനിടെയാണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പുലി കിണറ്റിലകപ്പെട്ടത്. പോലീസും ഫയര്‍ഫോഴ്‌സും നേര്‍ത്തേ സ്ഥലത്തെത്തി പുലിയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
നാട്ടുകാരെ ബോധിപ്പിക്കാന്‍ വൈകിയാണെങ്കിലും വനംവകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാല്‍ കിണറ്റിലകപ്പെട്ടത് പുലിയല്ല കൊക്കാന്‍പൂച്ചയാണെന്ന് തന്നെയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. അവസാനം ചെവ്വാഴ്ച പുലര്‍ച്ചെ അതിസാഹസികമായി ഫയര്‍ഫോഴ്‌സ് ‘പൂച്ച’യെ പിടികൂടിയപ്പേള്‍ വനംവകുപ്പിന്റെ കോക്കാന്‍പൂച്ച മറ്റുള്ളവര്‍ക്ക് പുള്ളിപുലിയായി.