Connect with us

Wayanad

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ജയലളിത സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്ന് നടി ഖുശ്ബു

Published

|

Last Updated

ഗൂഡല്ലൂര്‍: തമിഴ്‌നാട്ടിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ജയലളിത സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഡി എം കെ നേതാവും നടിയുമായ ഖുശ്ബു പറഞ്ഞു. ഊട്ടിയില്‍ നടന്ന ഡി എം കെ സ്ഥാനാര്‍ഥി എ രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. കരുണാനിധി തമിഴ്‌നാട്ടില്‍ അഞ്ച് പ്രാവശ്യം മുഖ്യമന്ത്രിയായിട്ടുണ്ട്. നല്ലഭരണമാണ് അദ്ദേഹം കാഴ്ചവെച്ചത്. നല്ലപദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഡി എം കെ ഭരണകാലത്ത് തമിഴ്‌നാട്ടില്‍ രണ്ട് മണിക്കൂര്‍ പവര്‍കട്ടായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ എ ഐ എ ഡി എം കെ ഭരണകാലത്തില്‍ 14 മണിക്കൂറാണ് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജയലളിത അധികാരത്തിലെത്തിയശേഷം വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു. ആവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചു.
വിദ്യാസമ്പന്നരായവര്‍ക്ക് ജോലി ഇല്ല. സംസ്ഥാനത്ത് 1. 15 ലക്ഷം സ്ത്രീകള്‍ക്ക് ജോലിയില്ല. തിരിപ്പൂരില്‍ മാത്രം 25,000 സ്ത്രീകള്‍ക്ക് ജോലിയില്ല. കരുണാനിധി തീരുമാനിക്കുന്ന ആളായിരിക്കും അടുത്ത ഇന്ത്യയുടെ പ്രധാനമന്ത്രി. തമിഴ്‌നാട്ടില്‍ ജയലളിതക്ക് മാത്രം ഇറങ്ങാനായി നാല്‍പ്പത് സ്ഥലങ്ങളില്‍ ഹെലിപ്പാട് നിര്‍മിച്ചിട്ടുണ്ട്. ഇതിന് അഞ്ച് കോടി രൂപ ചെലവ് വന്നിട്ടുണ്ടെന്നും ഇത് ആരുടെ പണമാണെന്ന് ജനങ്ങള്‍ ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിയും കുന്നൂര്‍ എം എല്‍ എയുമായ കെ രാമചന്ദ്രന്‍, ഊട്ടി ടൗണ്‍ സെക്രട്ടറി രവികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മഞ്ചൂര്‍, കോത്തഗിരി, കുന്താ, എളനെല്ലി, അറുവങ്കാട് തുടങ്ങിയ സ്ഥലങ്ങളിലും ഖുശ്ബു പ്രചാരണം നടത്തി.

Latest