Connect with us

Ongoing News

ഇവിടെ വോട്ടുകള്‍ക്ക് മാറ്റമില്ല

Published

|

Last Updated

കോട്ടയത്ത് ഇത്തവണ അട്ടിമറി വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ്. ജനതാദള്‍ ടിക്കറ്റില്‍ മത്സരിക്കുന്ന മാത്യു ടി തോമസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടുമെന്ന് എല്‍ ഡി എഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് വി എന്‍ വാസവന്‍ അവകാശപ്പെട്ടു. കോട്ടയം മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലുള്ള ചേരിപ്പോര് യു ഡി എഫ് വോട്ടുകളില്‍ വിള്ളല്‍ സൃഷ്ടിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താകും തിരഞ്ഞെടുപ്പെന്നും എല്‍ ഡി എഫ് പറയുന്നു. റബ്ബര്‍ വിലയിടിവ്, നാണ്യവിളകളുടെ വിലത്തകര്‍ച്ച, ശബരി റെയില്‍ പാത യാഥാര്‍ഥ്യമാക്കുന്നതിലെ അനിശ്ചിതത്വം, കോട്ടയം റെയില്‍വേ വികസനത്തില്‍ എം പി കാണിച്ച അലംഭാവം എന്നിവയൊക്കെ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിക്ക് അനുകൂലമാകുമെന്നും എല്‍ ഡി എഫ് വിശ്വസിക്കുന്നു.

മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിക്ക് കഴിഞ്ഞ തവണ ലഭിച്ച 7,31,245 ഭൂരിപക്ഷം ഇത്തവണ കഴിഞ്ഞ ഒരുലക്ഷമാക്കി വര്‍ധിപ്പിക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് മുന്നണി നേതൃത്വം നടത്തിയിരിക്കുന്നതെന്ന് യു ഡി എഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. ടോമി കല്ലാനി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനമാണ് ജോസ് കെ മാണിയുടെ തുറുപ്പ് ചീട്ട്. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കില്ലെന്നും യു ഡി എഫ് ക്യാമ്പ് കരുതുന്നു. സി പി എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളും എല്‍ ഡി എഫില്‍ ഘടക ക്ഷികളോടുള്ള സി പി എമ്മിന്റെ വല്യേട്ടന്‍ മനോഭാവവും ഇടതു വോട്ടുകള്‍ യു ഡി എഫിന് അനുകൂലമാക്കാന്‍ വഴിയൊരുക്കുമൊന്നുമാണ് യു ഡി എഫിന്റെ പ്രതീക്ഷ.

Latest