Connect with us

Ongoing News

എറണാകുളത്ത് ജയം ഉറപ്പിച്ച് മുന്നണികള്‍

Published

|

Last Updated

മണ്ഡലത്തിലെ എല്ലാ ഘടകങ്ങളും ക്രിസ്റ്റി ഫെര്‍ണാണ്ടസിന് അനുകൂലമാണ്. അതുകൊണ്ടു തന്നെ നല്ല രീതിയില്‍ ജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്- എറണാകുളം പാര്‍ലിമെന്റ് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പി രാജീവ് എം പിയുടെ വാക്കുകളില്‍ നിറഞ്ഞ ആത്മവിശ്വാസം.
അഴിമതിക്കെതിരായ വികാരം മണ്ഡലത്തിലുണ്ട്. അഴിമതിരഹിതനായ ഒരാളെ അവതരിപ്പിച്ചതിന്റെ നേട്ടം ലഭിക്കുമെന്നാണ് ഇടതു മുന്നണി പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയിലുണ്ടായിരുന്ന അപരിചിതത്വമാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ് നേരിട്ട ഭീഷണി. അത് മറികടന്നതായും ഇടത് നേതാക്കള്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ തവണ ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ പിന്നിലായിരുന്ന കെ വി തോമസിന് അവസാന റൗണ്ടില്‍ വിജയം സമ്മാനിച്ച എറണാകുളം, തൃക്കാക്കര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വിജയ സാധ്യതയുണ്ടെന്നും സാമുദായിക ഘടകങ്ങളും അനുകൂലമാണെന്നും ഇടതു മുന്നണി അവകാശപ്പെടുന്നു.
അതേസമയം, പ്രൊഫ. കെ വി തോമസിന്റെ വ്യക്തി പ്രഭാവവും വികസന നേട്ടങ്ങളും യു ഡി എഫിന്റെ പ്രതീക്ഷയെ വാനോളമുയര്‍ത്തുന്നു. കെ വി തോമസിന് പറ്റിയ എതിരാളിയെല്ല ക്രിസ്റ്റി ഫെര്‍ണാണ്ടസെന്നും എഴുപതിനായിരത്തിലേറെ വോട്ടിന് യു ഡി എഫ് ഇവിടെ വിജയം നേടുമെന്നും മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ബഹനാന്‍ എം എല്‍ എ ഉറപ്പിച്ചു പറയുന്നു.
കേന്ദ്ര മന്ത്രിയെന്ന നിലയില്‍ കെ വി തോമസ് മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു ഡി എഫ്.

---- facebook comment plugin here -----

Latest