Connect with us

Ongoing News

മാറാതെ മലപ്പുറം

Published

|

Last Updated

മലപ്പുറം മണ്ഡലത്തെ യു ഡി എഫിന്റെ ഉറച്ച സീറ്റുകളിലൊന്നായിട്ടാണ് കണക്കാക്കുന്നത്. മുസ്‌ലിം ലീഗിലെ ഇ അഹമ്മദിനെതിരെ കരുത്തനായ സ്ഥാനാര്‍ഥിയെ എല്‍ ഡി എഫ് നിര്‍ത്താത്ത് യു ഡി എഫിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ പി കെ സൈനബക്ക് വനിതാ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ച പരിചയമുണ്ടെങ്കിലും ലീഗിന് മേല്‍ ആധിപത്യം സ്ഥാപിക്കാനാകുമെന്ന് കരുതാനാകില്ല.
വനിതാ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമായതിനാല്‍ അവരുടെ വോട്ടുകള്‍ പി കെ സൈനബക്ക് ലഭിക്കുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. പ്രചാരണത്തിനിടയില്‍ വനിതകളില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചതായും അവര്‍ പറയുന്നു. 2004ല്‍ ടി കെ ഹംസ അട്ടിമറിയിലൂടെ കെ പി എ മജീദിനെ തറപറ്റിച്ച മലപ്പുറത്ത് അത്തരമൊരു വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും എസ് ഡി പി ഐയുടെ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം രംഗത്തുള്ളതും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇ അഹമ്മദിനെതിരെ ലീഗിനുള്ളില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നതയും യു ഡി എഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നും ഇടതുപക്ഷം സ്വപ്‌നം കാണുന്നുണ്ട്. ഇ അഹമ്മദിന്റെ അവസാനത്തെ തിരഞ്ഞെടുപ്പ് പോരാട്ടമായതിനാല്‍ വിജയത്തോടെയാകണം മടക്കമെന്ന നിര്‍ബന്ധം ലീഗിനുണ്ട്. വിദേശ രാഷ്ട്രങ്ങളുമായിട്ടുള്ള അഹമ്മദിന്റെ ബന്ധവും പ്രവാസികള്‍ ഏറെയുള്ള മലപ്പുറത്തുകാര്‍ക്കായി അദ്ദേഹം നടത്തിയ ഇടപെടലുകളും വോട്ടായി മാറുമെന്ന് തന്നെയാണ് മുസ്‌ലിംലീഗും യു ഡി എഫ് കേന്ദ്രങ്ങളും കരുതുന്നത്. 2009ല്‍ 1,15,597 എന്ന വലിയ ഭൂരിപക്ഷത്തിനാണ് അഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണയും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് അഹമ്മദിന്റെ പ്രതീക്ഷ. മുസ്‌ലിം ലീഗ് കോട്ടയായ മലപ്പുറത്ത് ലീഗിന് അഭിമാനപ്പോരാട്ടമാണെങ്കില്‍ ഈ കോട്ടയില്‍ വിള്ളലുണ്ടാക്കുകയാണ് ഇടതു മുന്നണിയുടെ ലക്ഷ്യം.

Latest