Connect with us

Editorial

സമ്മതിദാനാവകാശം കരുതലോടെ

Published

|

Last Updated

രാമക്ഷേത്ര നിര്‍മാണം, ഏക സിവില്‍ കോഡ്, ഗോവധ നിരോധം, ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളയല്‍ തുടങ്ങി ഹിന്ദുത്വ അജന്‍ഡകള്‍ക്ക് ഊന്നല്‍ നല്‍കുന്ന പ്രകടനപത്രികയാണ് ബി ജെ പി കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുള്ള സാധ്യതകളാണ് വിനിയോഗിക്കുകയെന്ന് പറയുന്നുണ്ടെങ്കിലും, ബാബരി ധ്വംസനത്തിനായി ഭരണഘടനാ തത്വങ്ങളെയെല്ലാം കാറ്റില്‍ പറത്തി അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് തിരിഞ്ഞ ഹിന്ദുത്വ ശക്തികളില്‍ നിന്ന് രാമക്ഷേത്ര നിര്‍മാണത്തിനും അതേ മാതൃകയേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഏക സിവില്‍ കോഡ് എന്ന പുളിച്ചു പഴകിയ ആശയം നടപ്പാക്കാതെ ലിംഗസമത്വം സാധ്യമല്ലെന്ന പത്രികയിലെ പരാമര്‍ശം മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിച്ചു ഇതര പാര്‍ട്ടികള്‍ക്ക് മുമ്പേ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ബി ജെ പി, മറ്റെല്ലാ പാര്‍ട്ടികളും പ്രകടനപത്രിക പ്രസിദ്ധീകരിച്ച ശേഷം ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ച ശേഷമാണ് പത്രിക പുറത്തിറക്കുന്നത്. നേതൃത്വത്തിനിടയിലെ ഭിന്നതയാണ് പത്രിക ഏറെ വൈകാന്‍ കാരണമെന്നാണറിയുന്നത്. ഇതുതന്നെയാണ് അടുത്ത നാള്‍ വരെ ഗുജറാത്ത് വികസനത്തെ മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങളിലേര്‍പ്പെട്ട പാര്‍ട്ടി, തീവ്രഹിന്ദുത്വ നയങ്ങളിലേക്ക് മാറിച്ചവിട്ടാനും കാരണം. തൊണ്ണൂറുകളിലെ അനുഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വര്‍ഗീയ അജന്‍ഡകളിലേക്കുള്ള തിരിച്ചുപോക്കിലൂടെ ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കാനാണ് ശ്രമം.
വര്‍ഗീയത രാഷ്ട്രീയ ഊര്‍ജമാക്കി മാറ്റാനുള്ള പാര്‍ട്ടിയുടെ നീക്കം അപകടകരമാണ്. ഇനിയുമൊരു വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തില്‍ തിരിച്ചുവരാനുള്ള നീക്കത്തെ പ്രതിരോധിക്കുകയാണ് ജനാധിപത്യ മതേതര വിശ്വാസികളുടെ ഈ തിരഞ്ഞെടുപ്പിലെ മുഖ്യബാധ്യത. രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി മതസൗഹാര്‍ദമാണ്. വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളും സംസ്‌കാരങ്ങളും ഭാഷകളും നിലനില്‍ക്കെ, ജനങ്ങള്‍ ഐക്യത്തിലും സൗഹാര്‍ദത്തിലും വര്‍ത്തിക്കുന്നുവെന്നതാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയത്. ഹിന്ദുവിനും മുസ്‌ലിമിനും ക്രിസ്ത്യാനിക്കും അവരവരുടെ വിശ്വാസങ്ങള്‍ സംരക്ഷിച്ചും ആചാരങ്ങള്‍ പുലര്‍ത്തിയും ജീവിക്കാനുള്ള സാഹചര്യമുണ്ടാകുമ്പോഴാണ് മതേതരത്വവും ജനാധിപത്യവും അര്‍ഥപൂര്‍ണമാകുന്നത്. വര്‍ഗീയതയിലൂടെ ഭീകരത ഇളക്കിവിട്ട് മുതലെടുപ്പിന് ശ്രമിച്ചവരൊക്കെ രക്ഷപ്പെട്ടില്ലെന്നതാണ് അനുഭവം. ഭാവിയിലും ഇതു തന്നയാവും സ്ഥിതിയെന്ന തിരിച്ചറിവാണ് നമ്മുടെ രാഷ്ട്രീയ ബോധം സമ്മാനിക്കുന്നതും. രാജ്യം ആര് ഭരിക്കണം എന്നതിനപ്പുറം ആര് ഭരിക്കരുത് എന്ന ഉറച്ചതീരുമാനം മനസിലിട്ടു വേണം ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. വര്‍ഗീയ ശക്തികളെ അധികാരത്തിലെത്തിക്കാതിരിക്കാനുള്ള തീരുമാനവും ക്രിയാത്മക നിലപാടുകളുമാണ് മതേതര ഇന്ത്യക്ക് ഇന്നാവശ്യം. വര്‍ഗീയ ശക്തികള്‍ക്ക് വോട്ട് ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തോടൊപ്പം മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള ആലോചനാ ശക്തിയും കൂടി അനിവാര്യമാണ്. വര്‍ഗീയ ശക്തികള്‍ക്കാണ് മതേതര വോട്ടുകളുടെ ഭിന്നിപ്പ് ഗുണം ചെയ്യുക.
ആരോടും വിധേയത്വമോ അസ്പൃശ്യതയോ ഇല്ലെന്നതാണ് സുന്നി പ്രസ്ഥാനത്തിന്റെ കാലങ്ങളായുളള നയം. സമസ്തയുടെ ദീര്‍ഘദൃക്കുകളായ പണ്ഡിത മഹത്തുക്കള്‍ എടുത്ത ആ തീരുമാനം തന്നെയാണ് ഈ പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും സുന്നി പ്രസ്ഥാനം മുന്‍വെക്കുന്നത്. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ വകവെച്ചു തരികയും രാജ്യത്തിന്റെ മതേതരത്വ നിലപാട് പോറലേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുമായിരിക്കണം നമ്മുടെ വോട്ട്. ജനങ്ങളുടെ ആത്മബോധവും സാംസ്‌കാരികാസ്തിത്വവും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് സമ്മതിദാനാവകാശമെന്ന വസ്തുത വിസ്മരിക്കരുത്.