തെരെഞ്ഞെടുപ്പ്: സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Posted on: April 8, 2014 5:59 am | Last updated: April 9, 2014 at 7:36 am

votingതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ദിനമായ 10ന് സംസ്ഥാനത്തെ പബ്ലിക് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പബ്ലിക് ഓഫീസുകള്‍ എന്നിവക്ക് അവധി ബാധകമാണ്. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങള്‍, വ്യാപാര, കച്ചവട, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 1951ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 135 ബി പ്രകാരം ശമ്പളത്തോടെയുള്ള അവധിയായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാക്കി ഉത്തരവായിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍, ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ലേബര്‍ കമ്മീഷനര്‍ സ്വീകരിക്കും. ജീവനക്കാരുടെ ശമ്പളവും മറ്റും അവധിയുടെ പേരില്‍ തടഞ്ഞുവെക്കാന്‍ പാടില്ല. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ പിഴ ചുമത്തും. തങ്ങളുടെ ലോക്‌സഭാ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യുന്നതിന് അവസരം നല്‍കണം. ഇവര്‍ക്കും ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 135 ബി (1) പ്രകാരം ശമ്പളത്തോടെയുള്ള അവധി നല്‍കണം. ദിവസ വേതന/ താത്കാലിക ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.