Connect with us

Articles

എനിക്കുറപ്പുണ്ട്; ജനം പ്രതികരിക്കും

Published

|

Last Updated

പറക്കമുറ്റാത്ത രണ്ട് കുഞ്ഞു മക്കള്‍ക്കൊപ്പം ആ പെണ്‍കുട്ടി എന്റെ മുന്നിലിരുന്നു. മുപ്പതാം വയസ്സില്‍ വിധവയായ ആ കുട്ടിയുടെ മുഖം എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല. 2014 മാര്‍ച്ച് രണ്ടിന് തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനത്ത് ക്വട്ടേഷന്‍ സംഘം ആളുമാറി കൊലപ്പെടുത്തിയ നവാസിന്റെ ഭാര്യ സിമി ഇഖ്ബാല്‍ ആയിരുന്നു ആ കുട്ടി. ഒരു മാസം കഴിഞ്ഞ് ഞാന്‍ അവരുടെ വീട് സന്ദര്‍ശിച്ചപ്പോഴും സിമി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നിരുന്നില്ല.
ആ കുട്ടിയുടെ മുന്നിലിരുന്നപ്പോള്‍ ഞാന്‍ വല്ലാതെ ദുഃഖിതനായിരുന്നു. ഒരു പരാതിയോ പരിഭവമോ പറയാതെ, കണ്ണീര്‍ തൂകാതെ കടന്നുപോയ നിമിഷങ്ങള്‍. ഒരുപക്ഷേ, എന്നോടും സമൂഹത്തോടും ഈ നാടിനോടുമൊക്കെയുള്ള മറ്റൊരു രീതിയിലുള്ള നിശ്ശബ്ദ പ്രതിഷേധമായിരിക്കാം. നാടിന്റെ സുരക്ഷിതത്വത്തിനു കാവല്‍നില്‍ക്കേണ്ടവരില്‍ ഒന്നാമന്‍ എന്ന നിലയിലായിരിക്കാം എന്നോടുള്ള പ്രതിഷേധം. ആ നിശ്ശബ്ദതക്ക് ആയിരം കണ്ഠങ്ങളില്‍ നിന്ന് അലറിവിളിക്കുന്നതിനേക്കാള്‍ ശക്തിയുണ്ടായിരുന്നു. ഇതിനിടെ, നവാസിനോടൊപ്പം ആക്രമിക്കപ്പെട്ട് ആശുപത്രിയിലായിരുന്ന രണ്ട് സുഹൃത്തുക്കളെ അവിടെ കൊണ്ടുവന്നു. ഒരു മാസത്തെ ചികിത്സക്കു ശേഷം നേരെ ആശുപത്രിയില്‍ നിന്നുള്ള വരവാണ്. തലക്ക് വെട്ടേറ്റ ഒരാളുടെ ഓര്‍മശക്തി ഇനിയും വീണ്ടെടുക്കാനായിട്ടില്ല. അടുത്തയാള്‍ മരം കയറി ജീവിതോപാധി തേടുന്നയാളാണ്. ഇനി അതിന് സാധിക്കുമെന്നു തോന്നുന്നില്ല. നിശ്ശബ്ദമായ ആ അന്തരീക്ഷത്തില്‍ ഞാന്‍ സ്വയം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ആരുടെ ജീവിതത്തിലും സംഭവിക്കാവുന്നതല്ലേ ഇത്? എങ്ങനെ നമുക്കു പുറത്തിറങ്ങാന്‍ കഴിയും? പുറത്തുപോകുന്നവരെയോര്‍ത്ത് വീട്ടിലുള്ളവര്‍ എങ്ങനെ കഴിയും? ഒരു ജീവനെടുക്കാന്‍ ആര്‍ക്കാണധികാരം? എന്തുകൊണ്ട് തെറ്റുകളില്‍ നിന്നു മനുഷ്യര്‍ പാഠം പഠിക്കുന്നില്ല?
കണ്ണൂര്‍ ജില്ലയില്‍ അരിയില്‍ ഷുക്കൂറിനെ പാര്‍ട്ടി വധശിക്ഷക്കു വിധിക്കുകയാണ് ചെയ്തത്. സംഘര്‍ഷ മേഖലയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ തടഞ്ഞതിന്റെ പേരില്‍ പരസ്യവിചാരണ നടത്തി ജനമധ്യത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞടുക്കി. 2012 മെയ് നാലിനു ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് നടത്തിയ ടി പി ചന്ദ്രശേഖരന്‍ വധവും നാടിനെ ഞെട്ടിച്ചു. ടി പി വധം ജനങ്ങളില്‍ ഉണ്ടാക്കിയ അഗാധമായ മുറിവും വേദനയും സി പി എമ്മുകാരും നേരിട്ടു കണ്ടതാണ്. അത് അവര്‍ക്ക് വലിയൊരു മനംമാറ്റം ഉണ്ടാക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അതു കഴിഞ്ഞാണ്് പെരിഞ്ഞനത്ത് നവാസിന്റെ രാഷ്ട്രീയ കൊലപാതകം അരങ്ങേറിയത്. സി പി എം ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം ആളുമാറി നവാസിനെ കൊല്ലുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കണ്ണൂരില്‍ 35 പേര്‍ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. കണ്ണൂര്‍ ജില്ലയില്‍ ബി ജെ പിയില്‍ നിന്നും രാജി വെച്ച നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ സി പി എം അടുത്ത കാലത്ത് പാര്‍ട്ടിയിലേക്കു സ്വീകരിച്ചു. ഇരു ചേരികളില്‍ നിന്ന് പരസ്പരം വെട്ടിനുറുക്കിയ ഇവര്‍ ഇപ്പോള്‍ തമ്മില്‍ കൈകോര്‍ക്കുന്ന കാഴ്ച കണ്ട് കേരളം ഒരിക്കല്‍ക്കൂടി ഞെട്ടി. ഇടതുപക്ഷത്തിന് വ്യവസായവും വികസനവുമൊന്നും വേണ്ട. അങ്ങനെയുള്ള സ്ഥലത്ത് പട്ടിണിയായിരിക്കും മിച്ചം. പട്ടിണിയും തൊഴിലില്ലായ്മയും അസംതൃപ്തിയും നിലനിന്നാല്‍ മാത്രമേ കമ്യൂണിസം വളരുകയുള്ളുവെന്ന് അവര്‍ക്കറിയാം. യു പി എ സര്‍ക്കാറും യു ഡി എഫ് സര്‍ക്കാറും അതിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേന്ദ്രത്തില്‍ ഉറച്ച സര്‍ക്കാറിനെ പ്രദാനം ചെയ്യാനും മതേതരത്വത്തെ കാത്തുസൂക്ഷിക്കാനും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും സാധിച്ചു എന്നതാണ് യു പി എ സര്‍ക്കാരിന്റെ വലിയ നേട്ടം. സ്വാതന്ത്ര്യം നേടിയപ്പോള്‍ ദരിദ്ര രാജ്യമായിരുന്ന ഭാരതം ഇന്ന് ലോകത്തിലെ പ്രബല ശക്തിയായി. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം, മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി, ബഹിരാകാശ ഗവേഷണ, ശാസ്ത്ര സാങ്കേതികരംഗത്തെ വമ്പന്‍ തുടങ്ങിയ നേട്ടങ്ങള്‍ നിരവധിയാണ്. 67 വര്‍ഷത്തെ ജനായത്ത ഭരണത്തിനിടയില്‍ 56 വര്‍ഷവും ഭരിച്ചത് കോണ്‍ഗ്രസാണ്. വിദ്യാഭ്യാസം, ഭക്ഷണം, തൊഴില്‍ തുടങ്ങിയവ ജനങ്ങളുടെ മൗലികാവകാശമായി. അറിയാനുള്ള അവകാശം അധികാരത്തിന്റെ ഇടനാഴിയിലെ ഇരുട്ടിനെ നീക്കം ചെയ്തു. ഇനി വീടും ആരോഗ്യവും അവകാശമായി മാറാന്‍ പോകുന്നു.
കേരളത്തെ ഏറ്റവുമധികം സഹായിച്ചത് യു പി എ സര്‍ക്കാറാണ്. നാം ചോദിച്ചതും അതിനപ്പുറവും കേന്ദ്രം തന്നു. ഏതാണ്ട് 70,000 കോടി രൂപയുടെ കേന്ദ്ര നിക്ഷേപമാണ് നമുക്കു ലഭിച്ചത്. 13 കേന്ദ്ര അക്കാദമിക് സ്ഥാപനങ്ങളും പത്ത് കേന്ദ്ര സ്ഥാപനങ്ങളും പ്രതിരോധ വകുപ്പിന്റെ മാത്രം ഏഴ് സ്ഥാപനങ്ങളും നമുക്കു ലഭിച്ചു. ഏറ്റവുമൊടുവില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. കേരളത്തിന്റെ സ്വപ്‌ന പദ്ധതികളെല്ലാം ഇപ്പോള്‍ അതിവേഗം മുന്നോട്ടുപോകുകയാണ്. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികള്‍ക്കെല്ലാം കേന്ദ്രം മികച്ച പിന്തുണയാണ് നല്‍കിയത്. എല്‍ എന്‍ ജി ടെര്‍മിനല്‍ യാഥാര്‍ഥ്യമായത് വ്യവസായ വികസനത്തിന് ആക്കം കൂട്ടും.
കേരളത്തില്‍ ഏറ്റവുമധികം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടന്ന കാലഘട്ടമാണിത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ജനസമ്പര്‍ക്ക പരിപാടി ജനലക്ഷങ്ങള്‍ക്ക് സമാശ്വാസം എത്തിച്ചു. ക്ഷേമപ്രവര്‍ത്തനത്തിലൂന്നിയതും സമഗ്രവുമായ കേരള മോഡല്‍ എല്ലാ മേഖലകളിലും ഗുജറാത്തിനെ മറികടന്നു. ക്ഷേമവികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ന് രാജ്യത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് കേരളമാണ്. ഇന്ത്യാ ടുഡേ നടത്തിയ സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്‌സ് സര്‍വേ 2013ല്‍ കേരളം ഒന്നാമതായി. 2012ല്‍ രണ്ടാം സ്ഥാനത്തും 2011 ല്‍ ഒന്‍പതാം സ്ഥാനത്തുമായിരുന്നു കേരളം. കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്തായിരുന്ന ഗുജറാത്ത് ഇത്തവണ നാലാം സ്ഥാനത്ത്. കേന്ദ്ര സ്ഥാപനമായ നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് 2014ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജനങ്ങളുടെ ആളോഹരി ക്രയശേഷിയില്‍ കേരളം ഏറെ മുന്നില്‍. ഗ്രാമീണ ക്രയശേഷിയില്‍ കേരളം ഒന്നാമതും നഗരങ്ങളില്‍ രണ്ടാമതുമാണ്. നാഗരിക ക്രയശേഷിയില്‍ പോലും ഗുജറാത്ത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. ജനത്തിനു പണം ചെലവഴിക്കാനുള്ള ശേഷി വികസനത്തിന്റെ സൂചികയാണ്. ആസൂത്രണ കമ്മീഷന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് മാന്‍ പവര്‍ റിസര്‍ച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം മാനവശേഷി വികസനത്തില്‍ കേരളമാണ് ഒന്നാമത്. ഗുജറാത്ത് 11-ാം സ്ഥാനത്തും. സാക്ഷരതാ നിരക്ക്, ആരോഗ്യ പരിപാലനം, ഉപഭോഗം, ക്രയശേഷി എന്നിവ ഉന്നതനിലവാരം പുലര്‍ത്തുന്നതിനാലാണ് കേരളം ഒന്നാമതായത്. റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ 2013ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും വികസനം നേടിയ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. ഗോവ ഒന്നാമത്. ഗുജറാത്തിനു 12-ാം സ്ഥാനമേയുള്ളു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു ഡി എഫും എക്കാലവും മികച്ച പ്രകടനം കാഴ്ച െവച്ചിട്ടുണ്ട്. യു ഡി എഫ്, എല്‍ ഡിഎഫ് മുന്നണികള്‍ രൂപവത്കൃതമായ 1980 മുതല്‍ 2009 വരെ നടന്ന ഒന്‍പത് തിരഞ്ഞെടുപ്പുകളില്‍ ആറ് തവണയും യു ഡി എഫ് മുന്നിലെത്തി. 1996ല്‍ ഒപ്പത്തിനൊപ്പം.
യു ഡി എഫ് സര്‍ക്കാറിന്റെ ആയിരം ദിവസത്തെ പ്രവര്‍ത്തനം ജനങ്ങളുടെ മുന്നിലുണ്ട്. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനവും വിലയിരുത്തപ്പെടും. ബന്ദ്, ഹര്‍ത്താല്‍, ഉപരോധം, വഴിതടയല്‍ തുടങ്ങിയ പ്രാകൃതമായ സമരമുറകളുള്ള ഏക നാട് കേരളമായിരിക്കും. അതോടൊപ്പമാണ് അരുംകൊലകള്‍. ബി ജെ പിയുടെ വിഭാഗീയതയുടെയും വര്‍ഗീയതയുടെയും രാഷ്ട്രീയം കേരളത്തിനു സ്വീകാര്യമല്ല. വികസനവും കരുതലുമായി മുന്നേറുന്ന യു ഡി എഫ് സര്‍ക്കാറിന് കേരളത്തിലെ ജനങ്ങളുടെ മനഃസാക്ഷിയുടെ അംഗീകാരമുണ്ട്. അക്രമരാഷ്ട്രീയത്തിന് അന്ത്യം കുറിക്കാനുള്ള ജനങ്ങളുടെ കൈയൊപ്പ് ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്.