Connect with us

Gulf

റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരില്‍ ഇന്ത്യക്കാര്‍ ഒന്നാമത്‌

Published

|

Last Updated

ദുബൈ: റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം ഇറക്കുന്നവരില്‍ ഇന്ത്യക്കാര്‍ ഒന്നാമതെന്ന് കണക്കുകള്‍. വെസ്റ്റ് ഏഷ്യന്‍ മെട്രോ പോളിസ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ഇന്റര്‍നാഷനല്‍ പ്രോപ്പര്‍ട്ടി ഷോയുടെ ഭാഗമായാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഇന്ത്യന്‍ കമ്പനികളുടെ കൂട്ടായ്മയായ നാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കൗണ്‍സിലി (എന്‍ എ ആര്‍ ഇ ഡി ഇ ഒ)ന്റെ നേതൃത്വത്തിലാണ് ദുബൈയില്‍ ഐ പി എസ് സംഘടിപ്പിച്ചിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് രംഗത്ത് ദുബൈയില്‍ മാത്രമല്ല, മികച്ച അവസരമുള്ള മറ്റ് ജി സി സി നഗരങ്ങളിലും നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ ഒരുക്കമാണെന്നും ഐ പി എസ് സംഘാടകര്‍ പറഞ്ഞു. ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തു വിട്ട കണക്കു പ്രാകരം 2013 ല്‍ 71,93,000 കോടി ദിര്‍ഹമാണ് 8,092 നിക്ഷേപകര്‍ ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചത്.
മധ്യപൗരസ്ത്യ ദേശത്ത് ഏറ്റവും മികച്ചതും ത്വരിതഗതിയില്‍ വളരുന്നതുമാണ് ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് രംഗം.
ലോക റിയല്‍ എസ്റ്റേറ്റ് രംഗത്തും മധ്യപൗരസത്യ ദേശം ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ദുബൈയുടെ തന്ത്രപ്രധാനമായ സ്ഥാനവും പാശ്ചാത്തല വികസനത്തില്‍ നഗരം കൈവരിച്ച കുതിപ്പുമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് മുന്‍നിര കമ്പനികളെയും വ്യക്തികളെയും ദുബൈയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബൂതി ബിന്‍ മുജ്‌റിന്‍ വ്യക്തമാക്കി.
യു എ ഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ നിക്ഷേപം നടത്താന്‍ മികച്ച സാധ്യതകളാണ് ഉള്ളതെന്ന് സംഘാടകരില്‍ പ്രധാനിയായ സ്ട്രാ ജിക് മാര്‍ക്കറ്റിംഗ് ആന്‍ഡ് എക്‌സിബിഷന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ദാവൂദ് അല്‍ ഷിസാവി സൂചിപ്പിച്ചു. പണപ്പെരുപ്പം കുറഞ്ഞതും വളര്‍ച്ചാ നിരക്ക് മെച്ചപ്പെട്ടതും വ്യവസായിക ഉല്‍പാദനം വര്‍ധിച്ചതുമെല്ലാം ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest