Connect with us

Kerala

ഈസ്റ്റര്‍-വിഷു ഫെയര്‍ സബ്‌സിഡി തുക നാമമാത്രമെന്ന് പരാതി

Published

|

Last Updated

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ക്ക് വേണ്ടത്ര പണം അനുവദിച്ചില്ലെന്ന് പരാതി. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി സാധാരണ നല്‍കുന്ന സബ്‌സിഡി വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ സഹകരണ വകുപ്പിന് നിര്‍ദേശം നല്‍കിയെന്നാണ് ആക്ഷേപം. ഇത്തവണ 20 ശതമാനം സബ്‌സിഡിയാണ് ഈസ്റ്റര്‍- വിഷു ചന്തക്കായി കണ്‍സ്യുമര്‍ഫെഡിന് സര്‍ക്കാര്‍ നല്‍കുന്നത്. സപ്ലൈകോയുടെ ഈസ്റ്റര്‍- വിഷു ഫെയറുകളുടെ തുല്യമായ വിലക്കുറവിലാണ് എല്ലാ വര്‍ഷവും ഉത്സവ സീസണുകളില്‍ സാധനങ്ങള്‍ നല്‍കിയിരുന്നത്.
കഴിഞ്ഞ വര്‍ഷം 35 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണു ഉത്സവ സീസണില്‍ സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും സാധനങ്ങള്‍ വിറ്റത്. ഇന്നലെ ആരംഭിച്ച ഈസ്റ്റര്‍- വിഷു ഫെയര്‍ ഈമാസം 19 വരെയുണ്ടാകും. അരിയും പയര്‍വര്‍ഗങ്ങളും പഞ്ചസാരയുമടക്കം 13 ഇനം അവശ്യസാധനങ്ങളാണ് വിലക്കുറവില്‍ കണ്‍സ്യുമര്‍ഫെഡ് നല്‍കിയിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സബ്‌സിഡി നല്‍കിയ വകയില്‍ 424 കോടി രൂപയാണു കണ്‍സ്യൂമര്‍ഫെഡിന് സര്‍ക്കാര്‍ നല്‍കാനുള്ളത്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഫണ്ട് തന്നാല്‍ മാത്രം വിഷുചന്തകള്‍ തുടങ്ങിയാല്‍ മതിയെന്നായിരുന്നു കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം. എന്നാല്‍ ഇത്തവണ സാമ്പത്തിക പ്രതിസന്ധി കാരണം 20 ശതമാനം സബ്‌സിഡി കൊടുത്താല്‍ മതിയെന്ന് സഹകരണവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
അതില്‍ കൂടുതല്‍ സബ്‌സിഡി കൊടുത്താല്‍ ഉണ്ടാകുന്ന നഷ്ടം കണ്‍സ്യൂമര്‍ഫെഡ് തന്നെ വഹിക്കേണ്ടി വരും. 130 രൂപക്ക് പൊതുവിപണിയില്‍ ലഭിക്കുന്ന വെളിച്ചെണ്ണ സപ്ലൈകോയില്‍ 62 രൂപക്ക് ലഭിക്കുമ്പോള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി,•നീതി സ്‌റ്റോറുകളില്‍ 102 രൂപ കൊടുക്കേണ്ടി വരും. സര്‍ക്കാറിന്റെ രണ്ട് പൊതുവിതരണ സമ്പ്രദായങ്ങള്‍ രണ്ട് വിലക്കു സാധനങ്ങള്‍ നല്‍കുമ്പോള്‍ ഉപഭോക്താക്കള്‍ വിലക്കുറവ് തേടി പോകുമെന്നുറപ്പാണ്.

Latest