Connect with us

Kerala

സിമന്റിന് വില കൂട്ടി; കരിഞ്ചന്ത വ്യാപകം

Published

|

Last Updated

തിരുവനന്തപുരം :നിര്‍മാണ മേഖലയെ സ്തംഭിപ്പിച്ച് നിര്‍മാണ കമ്പനികള്‍ സിമന്റിന് അനിയന്ത്രിതമായി വില കൂട്ടി. വിപണിയില്‍ സിമന്റിന് കൃത്രിമ ക്ഷാമം സൃഷ്ടിച്ചാണ് വിലകൂട്ടിയിരിക്കുന്നത്. ക്ഷാമം സൃഷ്ടിക്കാന്‍ ഒരാഴ്ചയോളം സിമന്റ് പൂഴ്ത്തിവെച്ചിരുന്നു. കടകളില്‍ ഒരു ചാക്ക് സിമന്റ് പോലും കിട്ടാനില്ലാത്ത അവസ്ഥ ഇപ്പോഴുമുണ്ട്. സിമന്റ് കിട്ടാതായതോടെ കരിഞ്ചന്തയും വ്യാപകമായിട്ടുണ്ട്.
കേരളത്തില്‍ ലഭ്യമാകുന്ന എല്ലാ സിമന്റിനും വില കൂടിയിട്ടുണ്ട്. വിലക്കയറ്റത്തെ തുടര്‍ന്ന് സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ സമരത്തിലേക്ക് കടന്നിരിക്കുകയാണ്. മാര്‍ച്ച് അവസാനം മുതല്‍ കമ്പനികള്‍ സിമന്റ് വിതരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പത്ത് ദിവസത്തിനിടെ ചാക്കൊന്നിന് 25-30 രൂപ വീതമാണ് വില വര്‍ധിപ്പിച്ചത്.
ഇതോടെ വ്യാപാരികള്‍ സിമന്റ് എടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. വില കൂടിയതും കൃത്രിമ ഡിമാന്‍ഡ് സൃഷ്ടിച്ച് സിമന്റ് ലഭ്യമല്ലാതാക്കിയതും കാരണം പലയിടങ്ങളിലും കെട്ടിട നിര്‍മാണങ്ങള്‍ നിലച്ചു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ദൗര്‍ലഭ്യവും മൂലം മന്ദഗതിയിലായ നിര്‍മാണ മേഖലക്ക് സിമന്റ്കൂടി കിട്ടാതായതോടെ ഇരുട്ടടിയാകുകയാണ്.
ശങ്കര്‍, എ സി സി, ചെട്ടിനാട്, അള്‍ട്രാ ടെക്, സുവാരി, ജെ കെ, രാംകോ, അംബുജം എന്നീ കമ്പനികളാണ് കേരളത്തില്‍ സിമന്റ് വിതരണം ചെയ്യുന്നത്. തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തില്‍ സിമന്റ് എത്തുന്നത്. ചാക്കൊന്നിന് 300 രൂപ വിലയുണ്ടായിരുന്ന രാംകോക്ക് 330 രൂപയാണ് പുതിയ വില. പേപ്പര്‍ ബാഗില്‍ ലഭ്യമാകുന്ന സിമന്റിന് 250 രൂപയായിരുന്നത് 300 രൂപയായി.
300 രൂപ വിലയുണ്ടായിരുന്ന ചെട്ടിനാടിന് 310-320 രൂപയാണ് പുതിയ വില. എ സി സി, അംബുജ സിമന്റിന്റെ വില 340 ആയും ഉയര്‍ന്നിട്ടുണ്ട്. ഉത്പാദനം താത്കാലികമായി നിര്‍ത്തിയെന്നാണ് കമ്പനി വക്താക്കള്‍ വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ മെയിന്റനന്‍സ് പ്രവൃത്തികള്‍ നടത്തുന്നതിനായി ഏപ്രില്‍- മെയ് മാസങ്ങളില്‍ ഉത്പാദനം കുറക്കാറുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ട് വ്യാപാരികളും കെട്ടിട നിര്‍മാണ കമ്പനികളും സിമന്റ് ശേഖരിക്കാറുണ്ടായിരുന്നു.
എന്നാല്‍, അപ്രതീക്ഷിതമായി വില കൂട്ടിയതും സ്‌റ്റോക്ക് ഇല്ലാത്തതും ഇവരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് സിമന്റ് ചാക്കൊന്നിന് 270 രൂപയായിരുന്നു വില. മണ്‍സൂണ്‍ സീസണോടു കൂടി താഴ്ന്നു തുടങ്ങിയ വിലയാണ് ഇപ്പോള്‍ കുത്തനെ കൂട്ടിയത്. സിമന്റ് ബാഗുകള്‍ക്കു ശരാശരി 30 രൂപ വര്‍ധിപ്പിക്കാനാണ് നിര്‍മാണക്കമ്പനികളുടെ തീരുമാനം. ഇതോടെ 50 കിലോ സിമന്റ് പാക്കറ്റിന്റെ ശരാശരി വില്‍പ്പന വില 350 കടക്കും. ചില കമ്പനികള്‍ പുതിയ വില വ്യാപാരികളെ അറിയിക്കുകയും ചെയ്തു.
എന്നാല്‍, വ്യാപാരം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കുന്നതിന് സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ എതിരാണ്. സാമ്പത്തിക മാന്ദ്യം രൂക്ഷമായ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവില്‍ 345 രൂപക്ക് ലഭിക്കുന്ന ഒരു ചാക്ക് സിമന്റിന് ഇനി 375-385 രൂപ നല്‍കണം. വില വര്‍ധിപ്പിക്കാന്‍ തയാറാകാത്ത വ്യാപാരികള്‍ക്ക് തുടര്‍ന്ന് സിമന്റ് നല്‍കില്ലെന്നാണ് കമ്പനികളുടെ പ്രഖ്യാപനം. കൂടുന്ന വിലക്കനുസരിച്ച് ഇന്‍സെന്റീവും ഉയര്‍ന്ന ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും മുന്‍ കാലങ്ങളില്‍ കമ്പനികള്‍ വ്യാപാരികള്‍ക്ക് നല്‍കിയിരുന്നു.
ഇത്തവണ ഉള്ള ആനുകൂല്യങ്ങള്‍ എല്ലാം വെട്ടിക്കുറച്ചാണ് വില കൂട്ടിയിരിക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം വിവിധ ഘട്ടങ്ങളിലായി 37 രൂപയോളം കമ്പനികള്‍ ചാക്കൊന്നിനു കുറച്ചിരുന്നു. എന്നാല്‍ ഈ വിലയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചതെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വില വര്‍ധനവെന്നും പറയപ്പെടുന്നു. അതേസമയം പ്രശ്‌നം ഗുരുതരമാണെങ്കിലും വകുപ്പ് മന്ത്രിയോ സര്‍ക്കാറോ സംഭവം അറിഞ്ഞ മട്ടില്ല.

 

Latest