Connect with us

Ongoing News

ചാന്ദ്‌നി ചൗക്കില്‍ ചലനമുണ്ടാക്കുക മുസ്ലിം വോട്ടുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുഗള്‍ ഭരണകാലത്ത് രൂപകല്‍പ്പന ചെയ്ത ചാന്ദ്‌നി ചൗക്ക് പുരാതന ഡല്‍ഹിയുടെ ഹൃദയമായി തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്. മൊത്ത തുണിവ്യാപാരത്തിന്റെ കേന്ദ്രമാണിന്ന് ഇവിടം. ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഏറെ ശ്രദ്ധേയമായ മത്സരം നടക്കുന്നതും ഇവിടെ തന്നെ. കഴിഞ്ഞ രണ്ട് തവണ തുടര്‍ച്ചയായി ഇതേ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കേന്ദ്ര മന്ത്രി വരെയായ കപില്‍ സിബല്‍ തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബി ജെ പിക്ക് വേണ്ടി പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം അധ്യക്ഷനും നിയമസഭാംഗവുമായ ഹര്‍ഷവര്‍ധനാണ് രംഗത്തുള്ളത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി പത്രപ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ അശുതോഷ് കൂടി രംഗത്തെത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം വേദിയാകുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും ബി എസ് പിയും ഇവിടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.

പൊതുവെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് ചാന്ദ്‌നി ചൗക്ക്. 2004ല്‍ ബി ജെ പിയുടെ സ്മൃതി ഇറാനിയെയും 2009ല്‍ ബി ജെ പിയുടെ തന്നെ വിജേന്ദര്‍ ഗുപ്തയെയും പരാജയപ്പെടുത്തിയാണ് കപില്‍ സിബല്‍ പാര്‍ലിമെന്റിലെത്തിയത്. കഴിഞ്ഞ തവണ രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കപില്‍ സിബലിന്റെ വിജയം. ആ വിജയം ഇത്തവണയും നിലനിര്‍ത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സിബല്‍. അതുകൊണ്ട് തന്നെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് തന്നെ മണ്ഡലത്തില്‍ സിബല്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു.
പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഹര്‍ഷവര്‍ധന്റെ രംഗപ്രവേശം. ഡോക്ടറായ ഹര്‍ഷവര്‍ധനു വേണ്ടി ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വീടുകള്‍ കയറി പ്രചാരണം നടത്തുകയാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍. പതിമൂവായിരത്തോളം വരുന്ന രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരെ ഉള്‍ക്കൊള്ളുന്ന ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ ഹര്‍ഷവര്‍ധന് പിന്തുണ പ്രഖ്യാപിച്ചതായി പ്രസിഡന്റ് ഡോ. അനില്‍ ബന്‍സാല്‍ പറയുന്നു.
രാഷ്ട്രീയമായ പരിചയക്കുറവുകളെ മാറ്റിനിര്‍ത്തിയാണ് എ എ പി സ്ഥാനാര്‍ഥി അശുതോഷിന്റെ പ്രചാരണം. ഡല്‍ഹിയില്‍ കുറച്ചുകാലം നിലനിന്ന എ എ പി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളിലൂന്നിയാണ് അശുതോഷ് വോട്ട് പിടിക്കുന്നത്. ചാന്ദ്‌നി ചൗക്ക് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണവും എ എ പിക്കൊപ്പമാണ്. ഇത് എ എ പിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. മൂന്ന് മണ്ഡലം ബി ജെ പിയെ തുണച്ചപ്പോള്‍ രണ്ടെണ്ണം മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നിന്നത്. ഒരെണ്ണം ഐക്യ ജനതാദളിനൊപ്പമാണ്.
ആകെയുള്ള പതിനാല് ലക്ഷം വോട്ടര്‍മാരില്‍ ഇരുപത് ശതമാനത്തോളം വരുന്ന മുസ്‌ലിം വോട്ട് ഇവിടെ നിര്‍ണായകമാണ്. മുസ്‌ലിം വോട്ട് കോണ്‍ഗ്രസിനും എ എ പിക്കുമായി വിഭജിക്കുകയാണെങ്കില്‍ അതിന്റെ ഗുണം ലഭിക്കുക ബി ജെ പിക്കായിരിക്കും.
മണ്ഡലത്തിലെ പ്രധാന വിഭാഗങ്ങളിലൊന്നായ വൈശ്യ സമുദായക്കാരനാണ് ഹര്‍ഷവര്‍ധന്‍. ഇതുവഴി ഈ വിഭാഗത്തിന്റെ വോട്ട് ബി ജെ പി ലക്ഷ്യമിടുന്നുണ്ട്. മുസ്‌ലിം വിഭാഗത്തിന്റെ വോട്ട് പൂര്‍ണമായും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായി മണ്ഡലത്തിലെ ജനങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ എ എ പിക്ക് അനുകൂലമാകും.

 

---- facebook comment plugin here -----

Latest