Connect with us

Ongoing News

'തെറ്റ് മനസ്സിലാക്കി നില മെച്ചപ്പെടുത്തും'

Published

|

Last Updated

?ഈ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള പ്രതീക്ഷകള്‍കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ തിരിച്ചുവരവിനുള്ള ശക്തമായ പരിശ്രമത്തിലാണ്. 2009 മുതല്‍ ഞങ്ങളുടെ ശക്തിയില്‍ ക്രമാനുഗതമായ ചോര്‍ച്ച ആരംഭിച്ചിരുന്നു. അതിനിടെയാണ് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നത്. ആ തിരഞ്ഞെടുപ്പ് ഫലം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും, ഏതാണ്ട് മുപ്പത് ലക്ഷം വോട്ടിന്റെ വ്യത്യാസമാണ് ഞങ്ങള്‍ക്ക് മുഖ്യ എതിരാളികളുമായി ഉണ്ടായിരുന്നത്. ഇതൊരു ചെറിയ വ്യത്യാസമല്ല. ഈ പ്രശ്‌നത്തെ എങ്ങനെ അതിജീവിക്കാം എന്നാണ് ഞങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. തെറ്റുകള്‍ തിരുത്തി നയങ്ങള്‍ സംബന്ധിച്ച് പുനരാലോചന നടത്താനാണ് ശ്രമം. ഇതുമായി ഞങ്ങള്‍ വീണ്ടും ജനങ്ങളെ സമീപിക്കും. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഞങ്ങളെ ഒറ്റപ്പെടുത്തിയ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും. പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായ ഒരു തിരിച്ചുവരവ് നടത്തും എന്നൊന്നും ഞാനിപ്പോള്‍ പറയുന്നില്ല. അതിനുള്ള ഒരു തുടക്കം. നില മെച്ചപ്പെടുത്തുക തന്നെ ചെയ്യും- അത് ഞാന്‍ ഉറപ്പ് പറയുന്നു.

? എന്തായിരിക്കും പശ്ചിമ ബംഗാളിലെ ചതുഷ്‌കോണ മത്സരത്തിന്റെ പരിണിത ഫലം
യഥാര്‍ഥത്തില്‍ ഇതൊരു ചതുഷ്‌കോണ മത്സരമൊന്നുമല്ല. ഇടതു പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. മൂര്‍ഷിദാബാദ്, മാല്‍ഡ തുടങ്ങിയ അപൂര്‍വം ചിലയിടങ്ങളില്‍ കോണ്‍ഗ്രസും എതിരാളിയായി വരുന്നുണ്ടെന്നതൊഴിച്ചാല്‍ യുദ്ധം ഇടതുമുന്നണിയും തൃണമൂലും തമ്മിലാണ്. അതുകൊണ്ടുതന്നെ വോട്ടുകളുടെ വിഭജനം എന്നത് പ്രധാനപ്പെട്ട പ്രശ്‌നമൊന്നുമല്ല. രാഷ്ട്രീയം എന്നത് അത്ര ലാഘവമായ കണക്കല്ല.

? നരേന്ദ്ര മോദിയുടെ ഉദയത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്
എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം ഒരു പുതിയ പ്രതിഭാസമാണ്. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി ഒരു പ്രചാരണ കമ്മിറ്റി രൂപവത്കരിച്ച് തിരഞ്ഞെടുപ്പിനിറങ്ങുകയായിരുന്നു മുമ്പൊക്കെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തുകൊണ്ടിരുന്നത്. ഒരു നേതാവ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ കൈക്കലാക്കുകയും അയാളെ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന പ്രവണത പുതിയതു തന്നെ. വാജ്പയിയോടൊപ്പം അഡ്വാനിയും അതുപോലുള്ള നാലോ അഞ്ചോ നേതാക്കളും ഉണ്ടാകാറുണ്ടായിരുന്നു. അതൊരു കൂട്ടായ പ്രവര്‍ത്തനമാണ്. എന്നാല്‍, ഇവിടെ മുതിര്‍ന്ന നേതാക്കളെ ചവിട്ടിപ്പുറത്താക്കി വണ്‍ മാന്‍ ഷോ നടത്തുകയാണ് മോദി. ആര്‍ എസ് എസിന്റെയും കോര്‍പറേറ്റുകളുടെയും സംയുക്ത തിരഞ്ഞെടുപ്പാണ് നരേന്ദ്ര മോദി. വര്‍ഗീയ തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ് ആര്‍ എസ് എസ്. അതൊടൊപ്പം കുത്തകകളും ചേരുന്നു. ഇതൊരു വിലക്ഷണമായ ഒത്തുചേരലാണ്.

? മോദിയും അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഈ തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുമോ
ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുള്ളതായുള്ള ആരോപണം നിലനില്‍ക്കുന്നുണ്ട്. 2002ലെ കലാപത്തില്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ഇതുവരെ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല.
അതു കൂടാതെ, പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ മോദി ഉയര്‍ത്തിക്കാട്ടുന്ന വികസന ആശയം കുത്തകകളുടെ നിയന്ത്രണത്തിലുള്ള വികസനമാണ്. അതായത് മൂലധനം കൊണ്ടുമാത്രം ഇന്ത്യയുടെ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ കഴിയും എന്നാണ് മോദിയുടെ വാദം. ഇത് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ഞങ്ങള്‍ ആഗ്രഹിക്കുന്നത് സമഗ്ര വികസനമാണ്. അതായത് താഴേത്തട്ടില്‍ നിന്നുള്ള വികസനം.

? തിരഞ്ഞെടുപ്പില്‍ മോദിയെ സഹായിക്കുന്ന ഘടകങ്ങള്‍
നവ ഉദാരവത്കരണ നടപടികള്‍ ചെറിയ വിഭാഗം ഇടത്തരക്കാര്‍ക്ക് ഗുണകരമായിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. ഉദാഹരണത്തിന് ബേങ്ക് ഉദ്യോഗസ്ഥര്‍ ഇതിന്റെ ഗുണം അനുഭവിച്ചിട്ടുണ്ടാകാം. അതുവഴി അവരുടെ മക്കള്‍ക്ക് മികച്ച ജീവിത സാഹചര്യമുണ്ടായിട്ടുണ്ടാകാം. നവ ഉദാരവത്കരണ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കണമെന്ന് ഇത്തരം ആളുകള്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. മോദി അധികാരത്തിലെത്തണമെന്ന് ഇത്തരത്തിലുള്ള ആളുകള്‍ ആഗ്രഹിച്ചേക്കാം. എങ്കിലും ബി ജെ പിക്ക് കേവല ഭൂരിപക്ഷത്തിലെത്താന്‍ ഒരിക്കലും സാധിക്കില്ല.

? യുവാക്കളുടെ സി പി എമ്മിലേക്കുള്ള കടന്നുവരവ് കുറയുന്നതിനെ കുറിച്ച്
ശരിയാണ്. വിവിധ മേഖലകളില്‍ നിന്ന് യുവാക്കള്‍ പാര്‍ട്ടിയിലേക്ക് കടന്നുവരേണ്ടതുണ്ട്. യുവാക്കളില്‍ കൂടുതല്‍ ആകര്‍ഷണമുണ്ടാക്കുന്ന തരത്തിലുള്ള ഒന്നല്ല ഇടതുപക്ഷം. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെ അന്താരാഷ്ട്രതലത്തില്‍ തന്നെ ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ട്.
ദേശീയതലത്തില്‍, നവ ഉദാരവത്കരണ നയങ്ങള്‍ പുതിയ യുവതലമുറയെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ക്ക് അവരുടെ തൊഴില്‍ മേഖലകളെ കുറിച്ച് മാത്രമാണ് താത്പര്യം. കുറച്ച് പേര്‍ക്ക് മാത്രമാണ് രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടാകുന്നത്. അതില്‍ നല്ലൊരു വിഭാഗം ഇടത് രാഷ്ട്രീയത്തില്‍ ആകൃഷ്ടരാകുന്നുണ്ട്.

? പാര്‍ട്ടിയില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങള്‍
എല്ലാക്കാലത്തും ആശയങ്ങളും നയങ്ങളും പുതുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് രാജ്യത്ത് ഏകകക്ഷി ഭരണമെന്നതായിരുന്നു പാര്‍ട്ടി നിലപാട്. എന്നാല്‍, ഇപ്പോള്‍ ബഹുകക്ഷി രാഷ്ട്രീയത്തോട് അനുകൂലമാണ് പാര്‍ട്ടി.

? ബംഗാളില്‍ സി പി എം അധികാരത്തില്‍ നിന്ന് പുറത്താകാനുള്ള കാരണം
ഇക്കാര്യം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒന്നാമതായി, കാര്‍ഷിക മേഖലയിലെ വിജയം മാത്രം മുന്നോട്ടു നയിക്കില്ലെന്നതായിരുന്നു ഇടത് സര്‍ക്കാറിന്റെ നയം. അത് ശരിയുമായിരുന്നു. അതുകൊണ്ടാണ് ജ്യോതി ബസു സര്‍ക്കാര്‍ വ്യവസായ മേഖലയെ മുന്നോട്ടു നയിക്കുന്നതിന് പുതിയ പദ്ധതികള്‍ കൊണ്ടുവന്നത്. പക്ഷേ, ഭൂമിയേറ്റെടുക്കലുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. സിംഗൂര്‍ വിഷയത്തില്‍ ഭൂരിഭാഗം ആളുകളും സ്വമേധയാ ഭൂമി നല്‍കാന്‍ തയ്യാറായവരാണ്. അവര്‍ക്ക് മതിയായ നഷ്ടപരിഹാരവും നല്‍കിയിട്ടുണ്ട്. നന്ദിഗ്രാമില്‍ ഭൂമിയേറ്റെടുക്കാന്‍ തുടങ്ങിയപ്പോഴേക്കും പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കലില്‍ നിന്ന് പിന്മാറുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. ഇതോടെ ഒരുവിഭാഗം ആളുകള്‍ സി പി എമ്മില്‍ നിന്നകന്നു.
രണ്ടാമതായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണത്തില്‍ വര്‍ഗ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ഒരു വിഭാഗം ആളുകള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സ്ഥിതി വന്നു. 2008ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും ഇതിന്റെ ഫലം അനുഭവിച്ചതാണ്.
(കടപ്പാട്: ദ ടെലിഗ്രാഫ്)

Latest