Connect with us

Ongoing News

'സബ്‌സിഡികളെല്ലാം പിന്‍വലിച്ചവരാണ് ഭരിക്കുന്നത്'

Published

|

Last Updated

യു പി എ സര്‍ക്കാറിന്റെ സാമ്പത്തിക നയത്തില്‍ ജനങ്ങള്‍ വളരെയധികം കഷ്ടതയനുഭവിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വന്നതോടെ അവര്‍ ആശ്വാസത്തിലാണ്. അവര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന ജനങ്ങള്‍ക്കുള്ള സബ്‌സിഡികളെല്ലാം പിന്‍വലിച്ച സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. ബി ജെ പിയും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് ജനങ്ങള്‍ ഇതിനകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ മതേതരത്വ ബദലിനെയാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഒരു ബദല്‍ സര്‍ക്കാറിന് വേണ്ടി നടക്കുന്ന തിരഞ്ഞെടുപ്പാണിത്.

കോണ്‍ഗ്രസ്- ബിജെപി
രാജ്യത്ത് വളര്‍ന്നുവന്ന വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാനാകാത്തത് കോണ്‍ഗ്രസിന്റെ പരാജയമായിരുന്നു. പത്ത് വര്‍ഷമായി ഇത് തുടര്‍ന്നു പോരുകയാണ്. വര്‍ഗീയതയെ തടയാന്‍ കോണ്‍ഗ്രസ് കൈക്കൊണ്ട നയങ്ങള്‍ തിരിച്ചടിയായിരിക്കുകയാണ്. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി. മതേതരത്വം കാത്തു സൂക്ഷിക്കാന്‍ ഇടതു മതേതര ശക്തികള്‍ അധികാരത്തില്‍ വരണം. രാജ്യത്തിന്റെ സാമ്പത്തിക നയം വിലക്കയറ്റത്തിലേക്കും കോര്‍പ്പറേറ്റുകളുടെ വളര്‍ച്ചയിലേക്കുമാണ് നയിച്ചത്. കോര്‍പ്പറേറ്റുകളെ സഹായിക്കാനായിട്ടാണ് സര്‍ക്കാര്‍ ഓരോ കാര്യങ്ങവും ചെയ്തു പോന്നിരുന്നത്. വന്‍ തോതിലുള്ള നികുതിയിളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ ചെയ്തു പോന്നിരുന്നത്. രാജ്യത്ത് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ കൊണ്ടുവരികയും വികസനം സാധ്യമാക്കുകയും ചെയ്യണമെങ്കില്‍ ബി ജെ പിക്ക് വോട്ട് ചെയ്യണമെന്ന് 2004ല്‍ ഡല്‍ഹി ഇമാം പറഞ്ഞിരുന്നു. അന്ന് വാജ്‌പേയി സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ഇപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നാണ് അവര്‍ പറയുന്നത്. ബി ജെ പിയുടെ അവസ്ഥ കോണ്‍ഗ്രസിനാണ് ഇനി വരാന്‍ പോകുന്നത്. ജനങ്ങളെ ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍ നടപടികള്‍ അവസാനിക്കേണ്ടിയിരിക്കുന്നു. ആര് അധികാരത്തിലെത്തണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍ തന്നെയാണ്.

മൂന്നാം മുന്നണി
കോണ്‍ഗ്രസ്- ബി ജെ പി ഇതര സര്‍ക്കാര്‍ ആണ് ജനങ്ങളുടെ ആവശ്യം. തിരഞ്ഞെടുപ്പിന് ശേഷം അങ്ങനെ ഒരു മുന്നണി ദേശീയ തലത്തില്‍ രൂപപ്പെടും. തമിഴ്‌നാട്, കേരളം, ഒഡീഷ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മറ്റ് മുന്നണികളും മൂന്നാം ബദലില്‍ ഇടതുപക്ഷത്തിനൊപ്പം പങ്ക് ചേരും. അത്തരം ഒരു സര്‍ക്കാറിന് മാത്രമേ സാധാരണക്കാരന്റെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയൂ. മൂന്നാം മുന്നണി അധികാരത്തിലെത്തിയാല്‍ സര്‍ക്കാറിനെ ആര് നയിക്കുമെന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ല. കഴിഞ്ഞ യു പി എ സര്‍ക്കാറില്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയാകുമെന്ന് ആരും കരുതിയതല്ല. നേതാവിനെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്
ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് കോണ്‍ഗ്രസിനും ബി ജെ പിക്കുമുള്ളത് ജനദ്രോഹപരമായ കാഴ്ചപ്പാടുകളാണ്. കോണ്‍ഗ്രസ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ പിന്തുണക്കുമ്പോള്‍ ബി ജെ പി തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് ശക്തമായി പറയുന്നു. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പ്രദേശങ്ങളാണ് പശ്ചിമഘട്ട മലയോരമേഖലകള്‍. അവിടുത്തെ പരിസ്ഥിതിക്കും ജനജീവിതത്തിനും കോട്ടം തട്ടാത്ത നിലയില്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. അക്കാര്യം ജനങ്ങള്‍ തിരിച്ചറിയുകയും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്യും.

അന്വേഷണ റിപ്പോര്‍ട്ട്
ടി പി വധത്തെക്കുറിച്ച് പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി അന്വേഷണം നടത്താന്‍ സാധിക്കുകയില്ല. ഇക്കാര്യത്തില്‍ ഇനിയൊരു അന്വേഷണത്തിന്റെ കാര്യവുമില്ല. പോലീസ് അന്വേഷണം പൂര്‍ത്തിയായി കോടതി നടപടികളും കഴിഞ്ഞ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇനിയൊരന്വേഷണത്തിന്റെ ആവശ്യമില്ല. സി ബി ഐ തന്നെ അന്വേഷണത്തിന് നിഷേധ നിലപാട് അറിയിച്ചു.

അഭിപ്രായ സര്‍വേകള്‍
മുന്‍കൂട്ടിയുള്ള വിധിയില്‍ വിശ്വാസമില്ല. ഡല്‍ഹിയില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‌രിവാള്‍ അധികാരത്തിലെത്തുമെന്ന് അഭിപ്രായസര്‍വേകള്‍ വിലയിരുത്തിയിരുന്നില്ല. മാധ്യമങ്ങള്‍ ശക്തമായതോടെ അഭിപ്രായസര്‍വേകളും ശക്തമാണ്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന സര്‍വേയുടെ കാര്യം എടുത്താല്‍ തന്നെ ഇതെത്രത്തോളം വിശ്വാസയോഗ്യമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. അതുപോലെ തന്നെ 2004ലും 2009ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഭിപ്രായസര്‍വേകളെ അപ്പാടെ തകിടം മറിക്കുന്ന ഫലം ആണ് വന്നത്.
തയ്യാറാക്കിയത്: വിന്നി സ്വരലയ