Connect with us

Kozhikode

പുഴകള്‍ വരളുന്നു: കുടിവെള്ള പദ്ധതികള്‍ താളംതെറ്റുന്നു

Published

|

Last Updated

താമരശ്ശേരി: വേനല്‍ കനത്തതോടെ മലയോരത്തെ ജല സ്രോതസ്സുകള്‍ വറ്റിവരണ്ടു. വേനല്‍ മഴ ലഭിക്കാത്തതിനാല്‍ പുഴകളിലെ നീരുറവകളുടെ ഒഴുക്ക് ഏപ്രില്‍ ആദ്യത്തോടെ തന്നെ നിലച്ചിരുന്നു. പുഴയോരത്തെ കിണറുകളില്‍ ഫെബ്രുവരി മുതല്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു. ഏപ്രില്‍ ആദ്യത്തോടെ തന്നെ കിണറുകളും വരണ്ടു തുടങ്ങിയത് മലയോരത്തെ ഭീതിയിലാക്കുകയാണ്.
താമരശ്ശേരി, പുതുപ്പാടി, കട്ടിപ്പാറ, കോടഞ്ചേരി പഞ്ചായത്തുകളില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്. പശ്ചിമ ഘട്ടത്തിന്റെ താഴ്‌വാരത്തുള്ള മലകളും കുന്നുകളും ഇടിച്ച് നിരപ്പാക്കിയതിന്റെയും പുഴകള്‍ കുഴിച്ച് മണലൂറ്റിയതിന്റെയും ഫലമാണ് കുടിവെള്ളക്ഷാമമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
നിരവധി കുടിവെള്ള പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന പൂനൂര്‍ പുഴയിലെ നീരൊഴുക്ക് മാര്‍ച്ച് ആദ്യത്തോടെ നിലച്ചിരുന്നു. ഇരുപതോളം കുടിവെള്ള പദ്ധതികളുടെ കിണറുകളാണ് പൂനൂര്‍ പുഴയോരത്ത് സ്ഥിതി ചെയ്യുന്നത്. വേനല്‍ കനത്തതോടെ ചെറിയ വെള്ളക്കെട്ടുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. കോടഞ്ചേരി പഞ്ചായത്തിലെ ജലസ്രോതസ്സുകളായ ചാലിപ്പുഴ, ഇരുവിഞ്ഞി പുഴ, പുതുപ്പാടി പഞ്ചായത്തിലെ കക്കാട് പുഴ, കൈതപ്പൊയില്‍ പുഴ എന്നിവ വറ്റിവരണ്ട അവസ്ഥയിലാണ്. പുഴയോരത്തുള്ള കുടിവെള്ള പദ്ധതികളുടെ കിണറുകളില്‍ വെള്ളം കുറഞ്ഞതിനാല്‍ പമ്പിംഗ് പേരിന് മാത്രമാണ് നടക്കുന്നത്. ഇതോടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം എത്താതായി.
താമരശ്ശേരി – ഓമശ്ശേരി പഞ്ചാത്തുകളിലൂടെ കടന്നുപോകുന്ന ഇരുതുള്ളി പുഴയും വറ്റിത്തുടങ്ങി. പുഴകളുടെ ഒഴുക്ക് നിലച്ചെങ്കിലും വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തുടരുകയാണ്. കെട്ടിക്കിടക്കുന്ന പുഴ വെള്ളത്തില്‍ ചപ്പുചവറുകളും മാലിന്യങ്ങളും നിറഞ്ഞതോടെ ഉള്ള വെള്ളവും ഉപയോഗ ശൂന്യമായി. നിത്യോപയോഗത്തിന് ശുദ്ധജലം കിട്ടാനില്ലാത്തവര്‍ മാലിന്യം നിറഞ്ഞ പുഴ വെള്ളം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. രാവും പകലും പുഴകള്‍ കുഴിച്ചെടുത്ത് മണല്‍ കടത്തുമ്പോള്‍ ഭാവി തലമുറക്ക് ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാകുന്നത് എന്ന യാഥാര്‍ഥ്യം അറിഞ്ഞിട്ടും പുഴകളെയും നീരുറവകളെയും സംരക്ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോ പുഴയോര വാസികളോ തയാറാകുന്നില്ലെന്നത് വരാനിരിക്കുന്ന ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 

Latest