Connect with us

Kozhikode

തിരഞ്ഞെടുപ്പ് നീരീക്ഷണം കൂടുതല്‍ ശക്തമാക്കുന്നു

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയകളുടെ നിരീക്ഷണത്തിന് പോളിംഗ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ സി എ ലത പറഞ്ഞു.
ജില്ലയില്‍ 227 പേര്‍ക്കാണ് ഇതിനുള്ള നിയമന ഉത്തരവ് നല്‍കിയിട്ടുള്ളത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 108 പേര്‍ക്കും ഉച്ചക്ക് ശേഷം 119 പേര്‍ക്കും ഇതിനുള്ള പരിശീലനം നല്‍കി. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനുകളിലെ നിരീക്ഷണത്തിനാണ് മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇലക്ഷന്‍ കമ്മിഷന്റെ പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകരായ അശോക് കുമാര്‍ സാന്‍വാരിയ, രമണ്‍കുമാര്‍ എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും ഇവര്‍ പ്രവര്‍ത്തിക്കുക. തിരഞ്ഞെടുപ്പ് വേളയില്‍ ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെ പ്രത്യേകം നിയോഗിക്കും. സഹവരണാധികാരികളും പരിശീലന വേളയില്‍ പങ്കെടുത്തു.
മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പുറമെ 54 ബൂത്തുകളില്‍ നിരീക്ഷണത്തിന് വെബ് കാസ്റ്റിംഗ് സംവിധാനവും നടപ്പിലാക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയിലെ നിര്‍ണായക ബൂത്തുകളുള്‍പ്പെടെയാണ് 54 പോളിംഗ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. 24 കേന്ദ്രങ്ങളിലായാണ് ഈ ബൂത്തുകളുള്ളത്. ബി എസ് എന്‍ എല്ലിന്റെ സഹകരണത്തോടെയാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കുന്നത്. ഇതിനാവശ്യമായ സാങ്കേതിക സഹായം കെല്‍ട്രോണ്‍ നല്‍കും. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഇതിനാവശ്യമായ ലാപ്‌ടോപ്പുകളും വെബ്ക്യാമുകളും സജ്ജമാക്കും. കൂടാതെ വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങളും അനുബന്ധ സാമഗ്രികളും ഏറ്റുവാങ്ങുന്ന അസംബ്ലി മണ്ഡലാടിസ്ഥാനത്തിലുള്ള 13 കേന്ദ്രങ്ങളിലും സമാന സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ അറിയിച്ചു. ഇവക്കു പുറമേ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടുന്ന പോളിംഗ് സ്റ്റേഷനുകളില്‍ അധിക സുരക്ഷാ ഭടന്മാരുടെയും സേവനം ഉറപ്പാക്കും. വെബ് കാസ്റ്റിംഗ് സജ്ജീകരണങ്ങള്‍ ഈ മാസം 8ന് പൂര്‍ത്തീകരിക്കുമെന്നും 10ന് രാവിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നതു മുതല്‍ അവസാനിക്കുന്നതു വരെ തുടരുമെന്നും കലക്ടര്‍ വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇതിനുള്ള മുന്നൊരുക്കങ്ങള്‍ കലക്ടര്‍ അവലോകനം ചെയ്തു.