ഭാരതപുഴയില്‍നിന്നും മണല്‍ എടുക്കാത്തതിനാല്‍ സര്‍ക്കാരിന് നഷ്ടം ഉണ്ടാകുന്നതായി വിലയിരുത്തല്‍

Posted on: April 5, 2014 8:46 am | Last updated: April 5, 2014 at 8:46 am

പാലക്കാട്: മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അനുവദിക്കപ്പെട്ട മണല്‍ ഭാരതപുഴയില്‍നിന്നും എടുക്കാത്തതുവഴി സര്‍ക്കാരിന് വന്‍ നഷ്ടം ഉണ്ടാകുന്നതായി വിലയിരുത്തല്‍. മണലെടുക്കുന്നതിലെ കുറവ് റിവര്‍മാനേജ്‌മെന്റ് ഫണ്ട് റോയല്‍റ്റി ഇനങ്ങളില്‍ നഷ്ടം വരുത്തുന്നുവെന്ന് വിലയിരുത്തിയിരിക്കുന്നത് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് ഒബ്ജക്്ഷനിലാണ്. 2009- 10 വര്‍ഷത്തില്‍ 64575 ലോഡ് മണല്‍ ഖനനം ചെയ്യാനാണ് അനുമതി നല്‍കിയിരുന്നത്. ഇതില്‍ കുറവുണ്ടായതുപോലെ വരുംവര്‍ഷങ്ങളിലും സംഭവിക്കുകയും അതുവഴി വരുമാന നഷ്ടമുണ്ടായതായും ചൂണ്ടികാണിക്കപ്പെടുന്നു.
പുഴമണല്‍ വിതരണത്തിലൂടെ ലഭിക്കുന്ന തുക സര്‍ക്കാരിന്റെ പ്രധാനവരുമാന മാര്‍ഗങ്ങളിലൊന്നായി വിലയിരുത്തിയുള്ള കണക്കുകളിലാണിത്. എന്നാല്‍, വരുമാനം കൂട്ടുന്നതിന്റെ പേരില്‍ പുഴയിലേക്ക് ലോറികള്‍ ഇറക്കി മണല്‍ ഖനനം വര്‍ധിപ്പിക്കാനുള്ള നിലപാടിലാണ് തൃശൂരിലെ ഭരണകൂടം. അനിയന്ത്രിതമായ മണലെടുപ്പ്് ഭാരതപുഴയെ പൂര്‍ണനാശത്തിലേക്ക് കൂപ്പുകുത്തിക്കുകയാണെന്ന് വ്യാപകമായി ആക്ഷേപമുയര്‍ന്നിട്ടുള്ള പശ്ചാത്തലം നിലനില്‍ക്കുന്നതിനിടയിലാണ് മണല്‍ഖനനത്തിലെ കുറവ് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കുന്നുവെന്ന വാദമുയര്‍ന്നിരിക്കുന്നത്. നിയമങ്ങള്‍ പൂര്‍ണമായും കാറ്റില്‍പറത്തി ഭാരതപുഴയുടെ വിവിധഭാഗങ്ങളില്‍ അനിയന്ത്രിതമായ മണലെടുപ്പ് വ്യാപകമാണ്. പുഴയില്‍ ലോറി ഇറക്കിയാണ് പട്ടാമ്പി അടക്കമുള്ള പ്രദേശങ്ങളില്‍നിന്നും മണലെടുക്കുന്നത്. മഴ നിന്നതോടെ ഭാരതപുഴ വീണ്ടും പഴയ അവസ്ഥയിലെത്തി.പോലീസ്, റവന്യൂ വിഭാഗങ്ങള്‍ മണല്‍കടത്തിനെതിരെ സ്വീകരിച്ചിരുന്ന കര്‍ശന നടപടികള്‍ക്കും അയവുവന്ന അവസ്ഥയാണ്. മണല്‍മാഫിയകള്‍ വീണ്ടും സജീവമാകുന്നതിന്റെ സൂചനകളും വ്യക്തമായി തുടങ്ങി. പാലക്കാട് മുന്‍ ജില്ലാ പോലീസ് മേധാവി മണല്‍മാഫിയകള്‍ക്കെതിരെ കര്‍ശന നടപടികള്‍ അനുവര്‍ത്തിച്ചിരുന്നു.
അദ്ദേഹം സ്ഥലംമാറിപോയതോടെ മണല്‍മാഫിയകള്‍ സജീവമായിമാറി. ഭാരതപുഴയില്‍ മണല്‍കൊള്ള വീണ്ടും പഴയതുപോലെ ആകുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഭാരതപുഴ സംരക്ഷണ പ്രഖ്യാപനങ്ങള്‍ മുഴുവന്‍ ജലരേഖയാക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.