Connect with us

Wayanad

470 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം തുടങ്ങി

Published

|

Last Updated

കല്‍പ്പറ്റ: 470 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം തുടങ്ങി. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തിയാണ് വിതരണം ചെയ്യുന്നത്. പല വീടുകളും അടച്ചിട്ടിരിക്കുന്നു. ഇവരെ തേടി വീണ്ടും പടികടന്നുചെല്ലേണ്ട ദുരവസ്ഥയിലാണ് ബി എല്‍ ഒ മാര്‍. അഞ്ച് ദിവസത്തിനുള്ളില്‍ മുഴുവന്‍ വോട്ടര്‍മാരിലും വോട്ടേഴ്‌സ് സ്ലിപ്പ് എത്തിക്കണമെന്നാണ് ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം. ഏകദേശം 500 വീടുകള്‍ ഓരോ ബി എല്‍ ഒക്കും വീതിച്ചു നല്‍കിയിട്ടുണ്ട്. വേനല്‍ കനത്തതോടെ ഒരു ദിവസം അതിരാവിലെ മുതല്‍ സന്ധ്യവരെ ഇറങ്ങിയാലും നൂറോളം വീടുകളില്‍ മാത്രമാണ് എത്താന്‍ കഴിയുക എന്നാണ് ബി എല്‍ ഒ മാര്‍ പറയുന്നത്.
വാര്‍ഷിക ഓണറേറിയം 6000 രൂപയാണ് പ്രതിഫലമായി ഇവര്‍ക്ക് നല്‍കുന്നത്. സ്ലിപ്പ് വിതരണ ചുമതലകള്‍ക്ക് കൂടിയുള്ള പ്രതിഫലമാണിത്. തിരഞ്ഞെടുപ്പ് ദിവസം 500 രൂപയും പ്രത്യേക ഡ്യൂട്ടി അലവന്‍സായി കഴിഞ്ഞതവണ നല്‍കിയിട്ടുണ്ട്. എല്ലാ വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍തന്നെ വോട്ടേഴ്‌സ് സ്ലിപ്പ് എത്തിക്കുന്ന സമ്പ്രദായത്തിന് കഴിഞ്ഞതവണയാണ് തുടക്കംകുറിച്ചത്. ഇതിനുമുമ്പ് രാഷ്ട്രീയപ്പാര്‍ട്ടികളാണ് വോട്ടേഴ്‌സ് സ്ലിപ്പ് വീടുവീടാന്തരം എത്തിച്ചുനല്‍കിയത്. വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള നോട്ടീസിന് താെഴ കീറിയെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് വോട്ടിങ് ബൂത്ത് നമ്പറും മറ്റും വോട്ടേഴ്‌സ് ലിസ്റ്റുനോക്കി ഇവര്‍ എഴുതി നല്‍കിയിരിക്കുന്നത്. ഈ സമ്പ്രദായം വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധത്തില്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ബൂത്ത് ലെവല്‍ ഓഫീസര്‍ എന്ന ആശയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവലംബിച്ചത്.രാഷ്ട്രീയ പക്ഷപാതപരമായി പെരുമാറാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അച്ചടക്കങ്ങള്‍ക്ക് വിധേയമായാണ് ബി എല്‍ ഒമാരുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിരിക്കുന്നത്.
വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും നീക്കുന്നതിനുമെല്ലാം ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സമീപിക്കാം. പുതിയ വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് വീട്ടിലെത്തിച്ച് നല്‍കാനും ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ബൂത്ത് ലെവല്‍ ഓഫീസറെ ചൂണ്ടിക്കാണിക്കും. ഓരോ ബൂത്തിലുമുള്ള ബി എല്‍ ഒമാരെ നേരില്‍ സമീപിച്ചും വോട്ടേഴ്‌സ് സ്ലിപ്പ് കൈപ്പറ്റാം.
തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലും ബൂത്തില്‍ മുഴുവന്‍ സമയം ബി എല്‍ ഒയുടെ സാന്നിധ്യമുണ്ടാകും. വിവിധ വകുപ്പുകളില്‍നിന്നുമാണ് ബി എല്‍ ഒ നിയമനത്തിന് ജീവനക്കാരെ പരിഗണിക്കുന്നത്. ഇവര്‍ക്കുള്ള പരിശീലനവും കാലോചിതമായി നല്‍കുന്നുണ്ട്.

Latest