Connect with us

Malappuram

ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലേക്ക്‌

Published

|

Last Updated

മലപ്പുറം: വോട്ടെടുപ്പിന് അഞ്ച് നാള്‍ ശേഷിക്കെ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലേക്ക്.
എണ്ണപ്പെട്ട ദിനങ്ങള്‍ ബാക്കി നില്‍ക്കെ മുന്നണികളും സ്ഥാനാര്‍ഥികളും തങ്ങള്‍ക്ക് അനുകൂലമായി വോട്ട് പെട്ടിയില്‍ വീഴാന്‍ അരയും തലയും മുറുക്കി തന്നെ രംഗത്തുണ്ട്. മണ്ഡലങ്ങളിലെ നഗര പ്രദേശങ്ങളിലും കുഗ്രാമങ്ങളിലും ഉള്‍ വനങ്ങളിലും തീര പ്രദേശങ്ങളിലും ഒരു വീടും പോലും വിടാതെ തങ്ങള്‍ക്ക് വേണ്ട വോട്ടുകള്‍ അനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് ഓരോ മുന്നണിയിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍. എന്നാല്‍ സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ രണ്ടാംഘട്ട പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ഒട്ടുമിക്ക സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിക്കാന്‍ എത്തുന്നത്.
ഈമാസം എട്ടിന് വൈകുന്നേരം അഞ്ച് വരെയുള്ള നിമിഷങ്ങള്‍ തങ്ങള്‍ക്ക് വിലപ്പെട്ടതാണെന്നും ഓരോ വോട്ടും ജയ പരാജയങ്ങളുടെ ഗതി നിര്‍ണയിക്കുമെന്നും കണക്കുകൂട്ടി തന്നെയാണ് പ്രവര്‍ത്തകരുടെ പ്രചാരണം. ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ച് യു ഡി എഫും ഭരണകോട്ടങ്ങളും വിലകയറ്റവും മറ്റു ആനുകാലിക വിഷയങ്ങള്‍ കൂട്ടി കലര്‍ത്തി അവതരിപ്പിച്ച് എല്‍ ഡി എഫും ബി ജെ പിയും തങ്ങള്‍ക്കും ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനമുണ്ടെന്ന് ഉറപ്പിക്കാന്‍ മറ്റു ചെറു പാര്‍ട്ടികളും രംഗത്തിറങ്ങുമ്പോള്‍ പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പ് ജില്ലയിലും ആവേശത്തിന്റെ കൊടുമുടിയിലെത്തിയിരിക്കുകയാണ്.
മലപ്പുറം മണ്ഡലത്തില്‍ യു ഡി എഫിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് പാട്ടു പാടി എത്തിക്കാന്‍ മൂന്ന് പാട്ടു വണ്ടികള്‍ നിരത്തിലിറങ്ങി കഴിഞ്ഞു.
മറു പക്ഷത്തിനെതിരെ ശക്തമായ പ്രചാരണ തന്ത്രങ്ങളാണ് എല്‍ ഡി എഫ് പയറ്റുന്നത്. എന്നാല്‍ ന്യൂ ജനറേഷനായ ആം ആദ്മിയുടെ കടന്നുവരവ് ഇത്തവണ തിരഞ്ഞെടുപ്പിന് ഹരം പകരുന്നുണ്ടെന്നാണ് യുവാക്കളുടെ പക്ഷം.
വയനാട്ടിലെയും പൊന്നാനിയിലെയും ആം ആദ്മി സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് യുവാക്കളാണ്.
പൊതു യോഗങ്ങളില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും യുവാക്കളാണെന്നാണ് വയനാട് മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പി പി സഗീര്‍ സിറാജിനോട് പറഞ്ഞത്. ദേശീയ, സംസ്ഥാന നേതാക്കന്‍മാരുടെ പര്യടനവും ജില്ലയില്‍ ഒട്ടുമിക്കയിടങ്ങളിലും പൂര്‍ത്തിയായിട്ടുണ്ട്.

---- facebook comment plugin here -----

Latest