Connect with us

Ongoing News

കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: കുട്ടികളിലെ ബാല്യകാല ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ജില്ലാ ആശുപത്രികളില്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നു. കുട്ടികള്‍ക്ക് ജന്മനായുണ്ടാകുന്ന മാനസികവും ആരോഗ്യപരവുമായ വൈകല്യങ്ങള്‍, അപര്യാപ്തതകള്‍, മറ്റ് അസുഖങ്ങള്‍ എന്നിവക്ക് പരിഹാരമായാണ് ഇന്റന്‍വെന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്.

0-6 വയസ്സുവരെയുള്ള കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ആരോഗ്യവകുപ്പും സാമൂഹിക നീതി വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.18 വയസ്സുവരെയുള്ള മുഴുവന്‍ പേരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ആരോഗ്യകിരണം പദ്ധതിയുടെ ഭാഗമായാണ് എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്.
ഇത്തരത്തില്‍ കുറവുകളുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ബ്ലോക്ക് തലത്തില്‍ ഒരു സംഘത്തെ നിയമിക്കും. സംഘത്തില്‍ രണ്ട് ഡോക്ടര്‍മാര്‍, ഒരു നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് അസിസ്റ്റന്റ് എന്നിവരടങ്ങിയിരിക്കും. ഇവര്‍ എല്ലാ പ്രദേശങ്ങളിലെയും അങ്കണ്‍വാടികളിലും സ്‌കൂളുകളിലും സന്ദര്‍ശനം നടത്തിയായിരിക്കും ഇത്തരത്തില്‍ കുറവുകളുള്ള കുട്ടികളെ കണ്ടെത്തുന്നത്.
സംഘത്തിലുള്ള നഴ്‌സുമാര്‍ ഇത്തരത്തിലുള്ള കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്യുകയും ഇന്റര്‍വെന്‍ഷന്‍ സെന്ററുകളിലേക്ക് നിര്‍ദേശിക്കുകയും ചെയ്യും. കുട്ടികളില്‍ ആദ്യ രണ്ട് വര്‍ഷങ്ങളിലാണ് തലച്ചോറ് വളര്‍ച്ച പ്രാപിക്കുന്നത്. ആറ് വയസ്സുവരെയുള്ള കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഈ ഘട്ടത്തില്‍ തന്നെ മനസിലാക്കാനാകും. കുട്ടികളെ കണ്ടെത്തി സെന്ററുകളിലേക്ക് അയക്കാന്‍ അങ്കണ്‍വാടി പ്രവര്‍ത്തകര്‍ക്കും ആശാ വര്‍ക്കേഴ്‌സിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇവിടെ ശിശുരോഗ വിദഗ്ധന്‍, മെഡിക്കല്‍ ഓഫീസര്‍, ദന്ത ഡോക്ടര്‍, മാനസിക രോഗ വിദഗ്ധന്‍, ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, കണ്ണുരോഗ വിദഗ്ധന്‍, പ്രത്യേക വിദ്യാഭ്യാസ വിദഗ്ധന്‍ അഥവാ സാമൂഹിക പ്രവര്‍ത്തകന്‍, രണ്ട് ലാബ് ടെക്‌നീഷ്യന്‍മാന്‍, മേനേജര്‍, ഒരു ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരാണ് ഉണ്ടാകുക.
ഡൗണ്‍സ് സിന്‍ഡ്രോം, ജന്മനാ ഉള്ള ഹൃദ്രോഗങ്ങള്‍, അപര്യാപ്തതകള്‍, കാഴ്ചശക്തി, കേള്‍വി ശക്തി എന്നിവ ഇല്ലാതിരിക്കുക, വികലാംഗത്വം, ഓട്ടിസം തുടങ്ങിയ 30 രോഗങ്ങള്‍ക്കാണ് സെന്ററുകളില്‍ ചികിത്സ നല്‍കുക.
ഓട്ടിസം പോലുള്ള അസുഖങ്ങള്‍ക്ക് പലപ്പോഴും പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഫലപപ്രദമായ ചികിത്സ നല്‍കാന്‍ കഴിയാറില്ല. പൊതുജനാരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് ഇതിനാവശ്യമായ പരിശീലനം ലഭിച്ചിട്ടില്ല എന്നുള്ളതാണ് കാരണം.
തിരുവനന്തപുരം, കൊല്ലം മലപ്പുറം, പാലക്കാട് ജില്ലകളില്‍ താത്കാലികമായ രീതിയില്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ജില്ലാ ആശുപത്രികളിലും സെന്ററുകള്‍ സ്ഥാപിക്കുന്നതിന് സാമൂഹിക നീതി വകുപ്പ് 25 ലക്ഷം രൂപ വീതമാണ് നല്‍കുന്നത്. 12,000 ചതുരശ്ര അടി സ്ഥലത്താണ് വിവിധ തെറാപ്പി യൂനിറ്റുകളോടുകൂടിയ സെന്ററുകള്‍ ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച വിഷയങ്ങളില്‍ പ്രാഗത്ഭ്യം നേടിയ വിദഗ്ധര്‍ ഓരോ ജില്ലയിലെയും ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജിവനക്കാര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന നിഷ്, ഐക്കണ്‍സ് തുടങ്ങിയ സ്ഥാപനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇവരുമായി കരാര്‍ ഒപ്പുവെക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ് ആരോഗ്യ വകുപ്പ്.

Latest