Connect with us

Ongoing News

വേനലില്‍ ഉരുകി സംസ്ഥാനം

Published

|

Last Updated

തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നു. എക്കാലത്തെയും ചൂട് കൂടിയ സ്ഥലങ്ങളായ പാലക്കാട്ടെയും പുനലൂരിലെയും താപനില 40 ഡിഗ്രിയും കടന്നു. വേനല്‍മഴ ലഭിക്കുന്നതുവരെ ചൂട് ഇതേപടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്ന് മുതല്‍ ഈ മാസം പത്ത് വരെയായി സംസ്ഥാനത്ത് വ്യാപകമായി വേനല്‍മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ സന്തോഷ് പറഞ്ഞു. അതേസമയം, ഇന്നലെയും മിനിഞ്ഞാന്നും സംസ്ഥാനത്ത് പലയിടങ്ങളിലും നേരിയ തോതില്‍ മഴ ലഭിച്ചെങ്കിലും ചൂടിന് തെല്ലും ശമനമായിട്ടില്ല. മാര്‍ച്ചില്‍ ലഭ്യമാകേണ്ടിയിരുന്നതിന്റെ പകുതി വേനല്‍മഴ മാത്രമാണ് ഇക്കുറി ലഭിച്ചത്. അതാണ് ചൂട് ഇത്രയും വര്‍ധിക്കുന്നതിന് കാരണം. മാര്‍ച്ച് മുതല്‍ ഏപ്രില്‍ ആദ്യം വരെയായി 3.7 സെ.മീ. മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 1.8 സെ.മീ. മഴ മാത്രമാണ് ലഭിച്ചത്. അന്തരീക്ഷമര്‍ദം ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നത് കടലില്‍ നിന്ന് കാറ്റ് കരയിലേക്കെത്തുന്നതിന് തടസ്സമാണ്. ഇന്ന് മുതല്‍ ഈ അവസ്ഥക്ക് മാറ്റം വരുമെന്നും തുടര്‍ന്ന് മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പാലക്കാടും പുനലൂരിലും താപനില 38 ഡിഗ്രിക്ക് മുകളില്‍ത്തന്നെ സ്ഥിരമായി തുടരുകയാണ്. വ്യാഴാഴ്ച പാലക്കാട്ടും പുനലൂരിലും 39 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. മറ്റ് മിക്ക ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് ചൂട്. തൃശൂര്‍ മുതലുള്ള വടക്കന്‍ ജില്ലകളില്‍ വരണ്ട കാലാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രേഖപ്പെടുത്തിയതിനേക്കാ ള്‍ ഒരു ഡിഗ്രി ചൂട് കൂടുതലാണ് ഈ വര്‍ഷം മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരവധി പേര്‍ക്ക് ഇതിനോടകം സൂര്യാഘാതം ഏറ്റിട്ടുണ്ട്. കൊല്ലം ജില്ലയിലാണ് കൂടുതല്‍ പേര്‍ക്ക് സൂര്യാഘാതമേറ്റത്. നിര്‍മാണത്തൊഴിലാളികളെയാണ് ചൂട് ഏറ്റവും ബാധിക്കുന്നത്. തൊഴില്‍ സമയം പുനഃക്രമീകരിച്ചിട്ടുണ്ടെങ്കിലും രാവിലെ പത്തോടെ ചൂട് ശക്തമാകുന്നതിനാല്‍ ഇതില്‍ നിന്ന് രക്ഷനേടാനാകുന്നില്ല. ഇരുചക്ര വാഹന യാത്രക്കാരെയും ചൂട് വലക്കുന്നുണ്ട്. ചൂട് ശക്തമായതോടെ വഴിയോര ശീതള പാനീയ വിപണികള്‍ സജീവമായിട്ടുണ്ട്. ചൂട് കനത്തതോടെ സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ ഇതിനോടകം തന്നെ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമര്‍ന്നു. പ്രതീക്ഷിക്കുന്ന പോലെ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ കൊടുംചൂടിലേക്കായിരിക്കും തുടര്‍ ദിവസങ്ങളില്‍ സംസ്ഥാനം കടക്കുന്നത്.