ഷാര്‍ജ പൈതൃക ആഘോഷം: ഞായറാഴ്ച തുടങ്ങും

Posted on: April 4, 2014 8:05 pm | Last updated: April 4, 2014 at 8:05 pm

sharjahഷാര്‍ജ: സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയില്‍ പൈതൃക ദിനാഘോഷ പരിപാടികള്‍ക്ക് ഞായറാഴ്ച തുടക്കമാവും. റോള ബേങ്ക് സ്ട്രീറ്റില്‍ അല്‍ ഹിസ്ന്‍ കോട്ടയോട് ചേര്‍ന്ന ഹെറിറ്റേജ് മ്യൂസിയമാണ് 12ാമത് ഷാര്‍ജ പൈതൃക ദിനാഘോഷ പരിപാടികളുടെ മുഖ്യ വേദി. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. സ്വദേശി പ്രമുഖര്‍ക്കൊപ്പം നിരവധി പേര്‍ പങ്കെടുക്കും.
നൂറ്റാണ്ടുകളുടെ ചരിത്ര സാക്ഷ്യമായ കെട്ടിടങ്ങളും സ്മാരകങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളും പരിചയപ്പെടുത്താനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുസമൂഹത്തിന് രാജ്യത്തിന്റെ പൈതൃകങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
റോള ഹെറിറ്റേജ് മ്യൂസിയത്തിന് പുറമെ കല്‍ബ, ഖോര്‍ഫക്കാന്‍, ദിബ്ബ അല്‍ ഹിസ്ന്‍, ദൈദ്, മദാം, മലീഹ, ഹംരിയ്യ തുടങ്ങിയ മേഖലകളിലും പൈതൃകദിനാഘോഷ പരിപാടികള്‍ നടക്കും. 20 ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 25നാണ് സമാപനം. ആഘോഷ കേന്ദ്രങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ പ്രദര്‍ശനം ആരംഭിക്കും. അര്‍ധരാത്രി വരെ വിവിധ കലാപരിപാടികളും പ്രദര്‍ശന നഗരിയില്‍ അരങ്ങേറും. സാംസ്‌കാരിക പൈതൃക സംബന്ധിയായ സെമിനാറുകള്‍ക്കും ചര്‍ച്ചകള്‍ക്കും ആഘോഷ ദിനങ്ങളില്‍ വേദിയൊരുങ്ങും.
ഷാര്‍ജ ഇസ്‌ലാമിക് സാംസ്‌കാരിക തലസ്ഥാനം 2014 ആഘോഷം നടന്നു വരുന്നതിനാല്‍ 38 ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോകളുടെ പ്രദര്‍ശനം, ഇസ്‌ലാമിക് ഫാഷന്‍ ഷോ, ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പൈതൃക വസ്തുക്കളുടെ പ്രദര്‍ശനം എന്നിവയും ഇതോടൊപ്പം സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കും.
യു എ ഇക്ക് പുറമേ ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, യെമന്‍, ഒമാന്‍, അല്‍ജീരിയ, കെനിയ, ഉക്രെയ്ന്‍, കിര്‍ഗിസ്ഥാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സ്റ്റാളുകളും ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരമ്പരാഗത കലാപ്രകടനങ്ങളും പൈതൃക ദിനാഘോഷ പരിപാടികളെ ശ്രദ്ധേയമാക്കും.
മാജിക് ഷോ, കുട്ടികള്‍ക്കായുള്ള വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. ജനത്തിരക്ക് പരിഗണിച്ച് വാരാന്ത്യ അവധി ദിനങ്ങളില്‍ പ്രവേശനം കുടുംബത്തോടൊപ്പമെത്തുന്നവര്‍ക്ക് മാത്രമായി നിജപ്പെടുത്തും. രാജ്യത്തിന്റെ പൗരാണിക കാലഘട്ടത്തിലെ ജീവിത രീതികള്‍ അപ്പടി ആഘോഷ നഗരിയില്‍ പുനരാവിഷ്‌കരിക്കും. മുന്‍തലമുറകള്‍ സഹിച്ച ത്യാഗങ്ങള്‍ വരച്ചിടുന്ന പൈതൃക തമ്പുകള്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാവും വിധത്തിലാണ് സംവിധാനിക്കുക.
ആദ്യ കാലത്തെ കൃഷിക്കാരും കൃഷിയിടങ്ങളും മത്സ്യബന്ധന ഉപകരണങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, കുടിലുകള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, പാചക രീതികള്‍ തുടങ്ങിയവയുമെല്ലാം പൈതൃക ദിന നഗരിയെ കൗതുക കാഴ്ചയാക്കും.