Connect with us

Malappuram

മുസ്‌ലിം ലീഗിന്റെ വോട്ട് കണ്ട് ആരും പനിക്കേണ്ട: ഇ അഹമ്മദ്

Published

|

Last Updated

മലപ്പുറം: എസ് ഡി പി ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും മുസ്‌ലിംലീഗിന്റെ വോട്ട് കണ്ട് പനിക്കേണ്ടെന്ന് മലപ്പുറം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ അഹമ്മദ്. ലീഗിന്റെ വോട്ട് ലീഗിന് തന്നെ ലഭിക്കും. ആര്‍ക്കും മത്സരിക്കാനുള്ള അവകാശമുണ്ട്. മത്സരിക്കുന്നവര്‍ക്കൊക്കെ ലീഗിന്റെ വോട്ടില്‍ കണ്ണുണ്ട്. അവര്‍ക്കൊക്കെ എത്ര വോട്ട് കിട്ടുമെന്ന് കണ്ടറിയാമെന്നും അദ്ദേഹം മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതീക്ഷകളും നിലപാടുകളും:

യു പി എ വീണ്ടും അധികാരത്തില്‍ വരും
തിരഞ്ഞെടുപ്പിന് ശേഷം യു പി എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും. ജനങ്ങള്‍ക്ക് ഈ സര്‍ക്കാറില്‍ വിശ്വാസമുണ്ട്. കോണ്‍ഗ്രസ് കൊട്ടുംകുരവയും കാണിച്ച് ബഹളമുണ്ടാക്കുന്നവരല്ല. ജനങ്ങള്‍ യാഥാര്‍ത്ഥ്യം മനസിലാക്കും.

ഇന്ത്യാ അറബ് ബന്ധം മെച്ചപ്പെടുത്തി
വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ ഇന്ത്യയും അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സാധിച്ചത് നേട്ടമാണ്. സഊദി ഭരണാധികാരി അബ്ദുല്ല രാജാവ് ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഊദി ഭരണാധികാരി ഇന്ത്യ സന്ദര്‍ശിക്കാനെത്തിയത്. കുവൈത്ത്, ദുബൈ ഭരണാധികാരികളു ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഇന്ത്യയും ഈ രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിച്ചു. എല്ലാ അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യക്ക് ഇപ്പോള്‍ നല്ല ബന്ധമാണുള്ളത്. വിദേശത്ത് ജയിലില്‍ കഴിയുന്നവരുടെ മോചനത്തിന് ശ്രമിക്കുകയും പലരെയും വിട്ടയക്കാന്‍ സാധിക്കുകയും ചെയ്തു. നയതന്ത്രപരമായി ഇന്ത്യയുടെ വിജയമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

നിതാഖാതില്‍ ഇടപെട്ടു
സഊദി അറേബ്യയിലെ നിതാഖാതിനെ തുടര്‍ന്ന് 14 ലക്ഷം പേര്‍ നാട്ടിലേക്ക് തിരിച്ച് വരേണ്ട സാഹചര്യമുണ്ടായപ്പോഴും വിദേശകാര്യസഹമന്ത്രിയെന്ന നിലയില്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തൊഴിലാളികള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് സഊദി സര്‍ക്കാറിനോട് ആവശ്യപ്പെടുകയും അബ്ദുല്ല രാജാവ് അത് സ്വീകരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയുണ്ടായി.

റെയില്‍വേയിലും മാറ്റങ്ങളുണ്ടാക്കി
റെയില്‍വേ സഹമന്ത്രിയായിരുന്നപ്പോള്‍ 19 പുതിയ ട്രെയിനുകളാണ് കൊണ്ടുവന്നത്. നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് രാജ്യറാണി എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കാനായതും നേട്ടമാണ്. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന് രൂപരേഖയുണ്ടാക്കുകയും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അലിഗഢ് മുതല്‍ ഇഫഌ വരെ
മാനവവിഭവ ശേഷി മന്ത്രിയായിരുന്നപ്പോള്‍ പല പദ്ധതികളും കേരളത്തില്‍ കൊണ്ടുവരാന്‍ സാധിക്കുകയുണ്ടായി. മലപ്പുറത്തിനും ഇതിന്റെ നേട്ടങ്ങളുണ്ടായി. കാസര്‍കോട് യൂനിവേഴ്‌സിറ്റി ആരംഭിച്ചു. പെരിന്തല്‍മണ്ണയില്‍ അലിഗഢ് ഓഫ് ക്യാമ്പസ്, മലപ്പുറത്തെ ഇഫഌ ഓഫ് ക്യാമ്പസ് എന്നി രണ്ട് കേന്ദ്രസര്‍വകലാശാലകളുടെ സെന്ററുകള്‍ തുടങ്ങി. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള 122 കോടി രൂപ കേരളത്തിന് മാത്രം നേടിക്കൊടുക്കാനും സാധിച്ചു.

ഇനിയും ചെയ്യാന്‍ ഏറെ
മഞ്ചേരി മെഡിക്കല്‍ കോളജിന് സെന്‍ട്രല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ സിന്തറ്റിക്ക് ട്രാക്കിന് ആറ് കോടി രൂപ അനുവദിച്ചു. മഞ്ചേരി എഫ് എം സ്റ്റേഷന്‍ സ്വതന്ത്രന്‍ സ്റ്റേഷനാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മഞ്ചേരി, മലപ്പുറം ശുദ്ധജലം പദ്ധതികള്‍ക്കായി തുക നീക്കിവെക്കും. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പോകുന്നവര്‍ക്കും സ്ത്രീകള്‍ക്കുമായി തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ ആരംഭിക്കും. നിലവില്‍ റായ്ബറേലിയിലാണ് ഇത്തരമൊരു സ്ഥാപനമുള്ളത്. ഇതിന് നൂറ് ഏക്കര്‍ ഭൂമിയാണ് വേണ്ടത്. ഇത് പ്ലാനിംഗ് കമ്മീഷന്റെ പരിഗണനയിലാണ്. മലപ്പുറത്ത് ഒരു കേന്ദ്രീയ വിദ്യാലയം കൂടി ആവശ്യമാണ്. ഇതിന് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രതീക്ഷകള്‍
തിരഞ്ഞെടുപ്പില്‍ തന്റെ ഭൂരിപക്ഷം ഇത്തവണ വര്‍ധിക്കും. എത്രത്തോളമുണ്ടെന്ന് ഫലം വരുമ്പോള്‍ കാണാവുന്നതേയുള്ളു. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ തടസമുണ്ടായില്ല. മലപ്പുറം മണ്ഡലത്തില്‍ വനിതാ വോട്ടര്‍മാരുടെ എണ്ണക്കൂടുതല്‍ തനിക്ക് വെല്ലുവിളിയാകില്ല. രാഷ്ട്രീയ സാഹചര്യം യു ഡി എഫിന് അനുകൂലമാണ്.

Latest