Connect with us

Ongoing News

യുദ്ധകാഹളം മുഴക്ക് മുത്തംവാര്‍; ഗഡ്കരി വിയര്‍ക്കും

Published

|

Last Updated

നാഗ്പൂര്‍: ആര്‍ എസ് എസിന്റെ ആസ്ഥാനം ഉള്‍ക്കൊള്ളുന്ന മണ്ഡലം. ബി ജെ പിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗാഡ്ഗരി മത്സരിക്കുന്നു. അതുകൊണ്ട് മാത്രമല്ല നാഗ്പൂര്‍ ലോക്‌സഭാ മണ്ഡലം ശ്രദ്ധാകേന്ദ്രമാകുന്നത്. ലോക്‌സഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്ന ഗാഡ്ഗരി നേരിടുന്നത് തിരഞ്ഞെടുപ്പില്‍ പയറ്റിത്തെളിഞ്ഞ കോണ്‍ഗ്രസിന്റെ പടക്കുതിരയാണ്. ഏഴ് തവണ ലോക്‌സഭയിലേക്ക് അനായാസം കയറിയെത്തിയ വിലാസ് മുത്തംവാറാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.

ആര്‍ എസ് എസ് ആസ്ഥാനമെന്നൊക്കെ നാഗ്പൂരിനെ വിശേഷിപ്പിക്കുമ്പോള്‍ പറയാമെന്നല്ലാതെ തിരഞ്ഞെടുപ്പില്‍ അതുകൊണ്ട് വലിയ കാര്യമില്ല. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തിനിടെ ഒരു തവണ മാത്രമാണ് നാഗ്പൂരില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ഥി ലോക്‌സഭ കണ്ടത്. അതും രണ്ട് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലിമെന്റിലെത്തിയ ഭന്‍വാരിലാല്‍ പുരോഹിത് പാര്‍ട്ടി മാറി ബി ജെ പിയിലെത്തിയ 96ലെ തിരഞ്ഞെടുപ്പില്‍ മാത്രം. പിന്നീട് നടന്ന നാല് തിരഞ്ഞെടുപ്പുകളിലും വിലാസ് മുത്തംവാറാണ് നാഗ്പൂരിനെ പാര്‍ലിമെന്റില്‍ പ്രതിനിധാനം ചെയ്തത്. അതിന് മുമ്പ് മൂന്ന് തവണ ചിമുര്‍ മണ്ഡലത്തില്‍ നിന്നും മുത്തംവാര്‍ പാര്‍ലിമെന്റിലെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഗാഡ്ഗരി ജനങ്ങളെ അഭിമുഖീകരിക്കുന്നത്. മഹാരാഷ്ട്രയിലെ ശിവസനേ- ബി ജെ പി സര്‍ക്കാറില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നുവെങ്കിലും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വഴിയാണ് മന്ത്രിസ്ഥാനത്തെത്തിയത്. ഇവര്‍ക്കൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ അഞ്ജലി ദമാനിയ ഉള്‍പ്പെടെ മുപ്പത്തിമൂന്ന് സ്ഥാനാര്‍ഥികളാണ് നാഗ്പൂരില്‍ ജനവിധി തേടുന്നത്.
18.5 ലക്ഷം വോട്ടര്‍മാരുള്ള നാഗ്പൂരില്‍ മുപ്പത് ശതമാനത്തോളം ദളിത്, പിന്നാക്ക, മുസ്‌ലിം വിഭാഗങ്ങളാണ്. ഈ വിഭാഗങ്ങള്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരുമാണ്. ഇത്തവണയും ദളിത്, മുസ്‌ലിം വോട്ട് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുത്തംവാര്‍. നാഗ്പൂരില്‍ മോദി തരംഗമില്ലെന്ന് പ്രദേശത്തെ മുതിര്‍ന്ന ബി ജെ പി പ്രവര്‍ത്തകര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് നഷ്ടപ്പെടുത്താതിരിക്കാന്‍ മോദി വിഷയം ഇവിടെ പ്രചാരണത്തില്‍ ഉള്‍പ്പെടുത്താതെ ഭരണവിരുദ്ധ മുദ്രാവാക്യം വോട്ടാക്കി മാറ്റാനാണ് ഗാഡ്ഗരിയുടെ ശ്രമം. ഒപ്പം കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന കുംപി സമുദായത്തിന്റെ വോട്ട് നേടാനും ഗാഡ്ഗരി ശ്രമിക്കുന്നുണ്ട്. ഗാഡ്ഗരി പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് മുംബൈ- പൂനെ എക്‌സ്പ്രസ് വേ പണികഴിപ്പിച്ചതെന്നും ബി ജെ പി ചൂണ്ടിക്കാട്ടുന്നുണ്ട്.
മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വിലാസ് മുത്തംവാര്‍ വോട്ട് പിടിക്കുന്നത്. ഏഴ് തവണ എം പിയായെങ്കിലും അഴിമതി ആരോപണങ്ങളൊന്നും മുത്തംവാറിനെതിരെ ഉയര്‍ന്നിട്ടില്ല. അതേസമയം, ഗാഡ്ഗരിക്കെതതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസ് പ്രചാരണ വേദികളില്‍ ഉയര്‍ത്തുന്നുമുണ്ട്. മണ്ഡലത്തില്‍ സ്വാധീനമുള്ള ബി എസ് പിയുടെ സ്ഥാനാര്‍ഥിയായി മോഹന്‍ ഗെയ്ക്‌വാദും രംഗത്തുണ്ട്.

Latest