Connect with us

Ongoing News

അരിവാള്‍ നെല്‍ കതിരിന് 63; ചിഹ്നം മാറാതെ സി പി ഐ

Published

|

Last Updated

കണ്ണൂര്‍: അറുപത് വര്‍ഷത്തിലേറെയായി ഒരേ ചിഹ്നത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിയായി സി പി ഐ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടംനേടുന്നു. 1951 മുതല്‍ കഴിഞ്ഞ 63 വര്‍ഷമായി സി പി ഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് അരിവാളും നെല്‍ക്കതിരും അടയാളത്തിലാണ്. പല രാഷ്ട്രീയ കക്ഷികള്‍ക്കും തിരഞ്ഞെടുപ്പ് അടയാളങ്ങള്‍ പലതവണയായി മാറ്റേണ്ടി വന്നിട്ടുണ്ട്. ചില പാര്‍ട്ടികള്‍ക്ക് ചിഹ്നം മാറ്റേണ്ടി വന്നത് പിളര്‍പ്പിനെ തുടര്‍ന്നായിരുന്നു. പാര്‍ട്ടിയിലെ തര്‍ക്കവും പിളര്‍പ്പും കാരണം മരവിപ്പിക്കേണ്ടി വന്നത് ജനപ്രിയങ്ങളായ പല ചിഹ്നങ്ങളായിരുന്നു. കലപ്പയേന്തിയ കര്‍ഷകനും ചര്‍ക്കയുമൊക്കെ ഇതില്‍പ്പെടും.
1964ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) രൂപവത്കരിക്കുകയും ചെയ്തുവെങ്കിലും അവിഭക്ത പാര്‍ട്ടിയുടെ അരിവാളും നെല്‍ക്കതിരും സി പി ഐക്ക് തന്നെ ലഭിച്ചു. സി പി എം ചുറ്റിക അരിവാള്‍ നക്ഷത്രം ചിഹ്നമായി തിരഞ്ഞെടുത്തു. എ കെ ജി തിരഞ്ഞെടുപ്പില്‍ ആദ്യം മത്സരിച്ച് ജയിച്ച ചിഹ്നവും അരിവാളും നെല്‍ക്കതിരുമായിരുന്നു.
കോണ്‍ഗ്രസ് മൂന്ന് തവണയാണ് ചിഹ്നം മാറ്റിയത്. ജവഹര്‍ലാര്‍ നെഹ്‌റു അടക്കമുള്ളവരുടെ കാലത്ത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം നുകം വെച്ച കാളയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്നതിന് ശേഷം ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഐക്ക് രൂപം കൊടുത്തപ്പോള്‍ പശുവും കിടാവുമായിരുന്നു ചിഹ്നം. പിന്നീട് ഇന്ദിരാ ഗാന്ധിക്ക് ഈ ചിഹ്നവും മാറ്റേണ്ടി വന്നു. ഒടുവില്‍ കൈപ്പക്കി ചിഹ്നം ലഭിക്കുകയായിരുന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഐക്ക് രൂപംകൊടുത്തപ്പോള്‍ ഇതിനെതിരെ നിലപാട് സ്വീകരിച്ച മറുവിഭാഗം കോണ്‍ഗ്രസ് എസായി മാറിയപ്പോള്‍ ഉപയോഗിച്ചതാണ് ചര്‍ക്ക ചിഹ്നം. ഏറെക്കാലമായി ഈ ചിഹ്നം ഉപയോഗിച്ചുവെങ്കിലും പിന്നീട് കോണ്‍ഗ്രസ് എസ് നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ലയിച്ചതോടെ ചര്‍ക്ക ചിഹ്നവും മരവിപ്പിച്ചു.
ചക്രത്തിനകത്ത് കലപ്പയേന്തിയ കര്‍ഷകനായിരുന്നു മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ ജനതാ പാര്‍ട്ടിയുടെ ചിഹ്നം. ഏറെക്കാലം വോട്ടര്‍മാരുടെ മനസ്സില്‍ പതിഞ്ഞ ചിഹ്നമാണെങ്കിലും ജനതാ പാര്‍ട്ടി പിളര്‍ന്ന് പല പാര്‍ട്ടികളായി മാറിയതോടെ ഈ ചിഹ്നവും മരവിപ്പിച്ചു. ബി ജെ പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ദീപമായിരുന്നു. പിന്നീട് ബി ജെ പി രൂപം കൊടുത്തതിന് ശേഷം താമര ചിഹ്നം സ്വീകരിക്കുകയായിരുന്നു.

Latest