Connect with us

Ongoing News

ചാലക്കുടി: രാഷ്ട്രീയത്തോട് വെള്ളിത്തിര മല്ലിടുമ്പോള്‍

Published

|

Last Updated

മണ്ഡലങ്ങളിലെ കൗമാരക്കാരന്‍ ചാലക്കുടി ഇന്ന് ഏറെ ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ കേരള രാഷ്ട്രീയവും ചലച്ചിത്ര ലോകവും ഒരുപോലെ ഉറ്റുനോക്കുന്നത് ചാലക്കുടിയിലേക്കാണ്. രണ്ടാം തവണ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ചാലക്കുടയില്‍ ഇത്തവണ രാഷ്ട്രീയ, ചലച്ചിത്ര മേഖലകളിലെ രണ്ട് താരങ്ങളാണ് അങ്കംകുറിക്കുന്നത്. എ ഐ സി സി വക്താവ് പി സി ചാക്കോ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍, മലയാള ചലച്ചിത്ര ലോകത്തെ നിറസാന്നിധ്യമായ ഇന്നസെന്റിനെയാണ് എല്‍ ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണനാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി. ആല്‍ഫ പാലിയേറ്റീവിലൂടെ സാന്ത്വന പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ കെ എം നൂറുദ്ദീന്‍ ആം ആദ്മി പാര്‍ട്ടിക്കായി മത്സര രംഗത്തുണ്ട്.

മലക്കപ്പാറ അടക്കമുള്ള തോട്ടം മേഖലയും ചരിത്രപ്രധാനമായ തീരദേശ പട്ടണമായ കൊടുങ്ങല്ലൂരും ഐ ടി മേഖലയായ ആലുവയും ഉത്തരേന്ത്യക്കാരുടെ നാടായി ഇപ്പോള്‍ അറിയപ്പെടുന്ന പെരുമ്പാവൂരും അന്താരാഷ്ട്ര വിമാനത്താവളം ഉള്‍ക്കൊള്ളുന്ന നെടുമ്പാശ്ശേരിയും ഉള്‍ക്കൊള്ളുന്നതാണ് ചാലക്കുടി മണ്ഡലം. ദേശീയ രാഷ്ട്രീയം തന്നെയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയമെങ്കിലും റബ്ബറിന്റെ വിലയിടിവും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും മുതല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വരെ ചാലക്കുടിയില്‍ ചര്‍ച്ചയാണ്. ഈ വൈവിധ്യം തന്നെയാണ് രാഷ്ട്രീയക്കാരെ പ്രതിസന്ധിയിലാക്കുന്നതും.
ദേശീയ രാഷ്ട്രീയത്തിലെ വെള്ളിത്തിളക്കത്തിനപ്പുറം പ്രാദേശിക രാഷ്ട്രീയത്തിലെ അസ്വാരസ്യങ്ങളാണ് പി സി ചാക്കോയെ ഇത്തവണ ചാലക്കുടിയിലെത്തിച്ചത്. കഴിഞ്ഞ തവണ ടിക്കറ്റ് നല്‍കി വിജയിപ്പിച്ച തൃശൂരിലെ സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് തിരിച്ചടിയാകുമെന്ന തോന്നല്‍, തൊട്ടടുത്ത മണ്ഡലമായ ചാലക്കുടി വേണമെന്ന് ഹൈക്കമാന്‍ഡിനോട് പറയാന്‍ പ്രേരിപ്പിക്കുകയായിരുന്നു. മറുഭാഗത്ത് നര്‍മം നിറഞ്ഞ കര്‍മ മണ്ഡലത്തില്‍ നിന്ന് കുറേക്കൂടി ഗൗരവം നിറഞ്ഞ കഥാപാത്രം തിരഞ്ഞെടുക്കുക എന്ന തീരുമാണ് ഇന്നസെന്റിനെ ഇവിടെ സ്ഥാനാര്‍ഥിയാകാന്‍ പ്രേരിപ്പിച്ചത്. അതോടൊപ്പം പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ മടിക്കുന്നവരെ കൂടി തങ്ങള്‍ക്കൊപ്പം നിര്‍ത്താനാകുമെന്ന സി പി എമ്മിന്റെ ഉറച്ച വിശ്വാസവും.
സ്ഥാനാര്‍ഥിത്വത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ ആദ്യ ഘട്ടത്തില്‍ തന്നെ മണ്ഡലത്തില്‍ ചലനമുണ്ടാക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിഞ്ഞെങ്കിലും അതിനെ വോട്ടാക്കി മാറ്റാനുള്ള പച്ചയായ രാഷ്ട്രീയ പോരാട്ടത്തിലാണ് ഇവിടെ ഇരു മുന്നണികളും ബി ജെ പിയും ഒപ്പം ആം ആദ്മി പാര്‍ട്ടിയും.
പ്രദേശിക വിഷയങ്ങള്‍ തന്നെയാണ് പ്രധാന പ്രചാരണായുധങ്ങള്‍. തൃശൂരില്‍ നടപ്പാക്കിയതു പോലുള്ള സമഗ്ര കോള്‍ വികസന പദ്ധതി, പെരിയാറിലെ മലിനീകരണം വിലയിരുത്താന്‍ പ്രത്യേക സംവിധാനം, നെടുമ്പാശ്ശേരിയില്‍ റെയില്‍വേ സ്റ്റേഷന്‍, കാലടിയില്‍ പുതിയ പാലം, കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടല്‍ തുടങ്ങിയ കാര്യങ്ങളില്‍ പി സി ചാക്കോക്ക് ഏറെ ചെയ്യാന്‍ കഴിയുമെന്ന് യു ഡി എഫ് അവകാശപ്പെടുന്നു.
നിലവിലെ എം പിയായ കെ പി ധനപാലന്‍ മണ്ഡലത്തില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളും യു ഡി എഫിന്റെ പ്രചാരണ വിഷയങ്ങളാണ്. അതോടൊപ്പം പെരിഞ്ഞനത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സി പി എം ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവര്‍ അറസ്റ്റിലായതും യു ഡി എഫിന് വീണുകിട്ടിയ ആയുധമാണ്.
എന്നാല്‍, ഇതേ നാണയത്തില്‍ തിരിച്ചടിച്ചാണ് എല്‍ ഡി എഫിന്റെ പ്രചാരണം. വ്യവസായ പാര്‍ക്ക്, ആലുവ റെയില്‍വേ സ്റ്റേഷന്‍ വികസനം, മലയാറ്റൂര്‍ – കാലടി ടൂറിസം സര്‍ക്യൂട്ട് തുടങ്ങിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും നടപ്പാക്കാന്‍ സിറ്റിംഗ് എം പി. കെ പി ധനപാലന് കഴിഞ്ഞിട്ടില്ലെന്ന് എല്‍ ഡി എഫ് ആരോപിക്കുന്നു. റബ്ബര്‍, ജാതി തുടങ്ങിയ കാര്‍ഷിക വിളകളുടെ വിലയിടിവ് തടയാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പെരിയാര്‍, ചാലക്കുടി പുഴകളിലെ രൂക്ഷമായ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമം നടത്തിയിട്ടില്ലെന്നും ആരോപിക്കുന്നു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭരണ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി ബി ജെ പിയും എ എ പിയും പ്രചാരണ രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ അടുത്ത ഭരണം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ബി ജെ പി സ്ഥാനാര്‍ഥി അഡ്വ. ബി ഗോപാലകൃഷ്ണന്റെ പ്രധാന വാഗ്ദാനം ചാലക്കുടിക്കായി പ്രത്യേക സാമ്പത്തിക പാക്കേജാണ്. അതേസമയം, മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനസഭകള്‍ ചേര്‍ന്ന് ആം ആദ്മി പാര്‍ട്ടി പ്രചാരണ രംഗത്ത് എല്ലാവരെയും കടത്തിവെട്ടി. പുതു വോട്ടര്‍മാര്‍ക്കൊപ്പം രാഷ്ട്രീയ പ്രവര്‍ത്തവനമില്ലാത്തവരെയും സ്ത്രീകളെയുമാണ് എ എ പി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ കെ പി ധനപാലന്‍ 71,679 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫിലെ യു പി ജോസഫിനെ ഇവിടെ പരാജയപ്പെടുത്തിയത്. മുകന്ദപുരം ലോക്‌സഭ മണ്ഡലമായിരുന്നപ്പോള്‍ എല്‍ ഡി എഫിന്റെ കൈവശമായിരുന്ന സീറ്റ് ചാലക്കുടിയായി മാറിയപ്പോള്‍ ഇടതിന് നഷ്ടപ്പെടുകയായിരുന്നു. ഇത് തിരിച്ചുപിടിക്കാനാണ് എല്‍ ഡി എഫിന്റെ പുറപ്പാട്. വിജയ പ്രതീക്ഷ ഇല്ലെങ്കിലും കഴിഞ്ഞ തവണ ലഭിച്ച വോട്ടിനേക്കാള്‍ കൂടുതല്‍ പിടിക്കാനാണ് ബി ജെ പി ശ്രമം.
തൃശൂര്‍ ജില്ലയിലെ മാള, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ വടക്കേക്കര, പെരുമ്പാവൂര്‍, നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്നതായിരുന്നു പഴയ മുകുന്ദപുരം മണ്ഡലം. എന്നാല്‍, തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം, ചാലക്കുടി നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ അങ്കമാലി ആലുവ, കുന്നത്തുനാട്, പെരുമ്പാവൂര്‍ നിയോജക മണ്ഡലങ്ങളും ചേര്‍ന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം.
കുന്നത്തുനാട് താലൂക്ക് അതിര്‍ത്തിയിലുള്ള പെരുമ്പാവൂര്‍ യു ഡി എഫിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. മറിച്ച് സംവരണ മണ്ഡലമായ കുന്നത്തുനാട്ടില്‍ നിലവില്‍ എല്‍ ഡി എഫിന് വ്യക്തമായ സ്വാധീനമുണ്ട്. ആലുവ പൊതുവെ കോണ്‍ഗ്രസിനെ തുണക്കുന്ന മണ്ഡലമാണ്. അങ്കമാലി മണ്ഡലത്തില്‍ എല്‍ ഡി എഫിലെ അഡ്വ. ജോസ് തെറ്റയിലാണ് എം എല്‍ എ എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തുണക്കാറാണ് പതിവ്. കൊടുങ്ങല്ലൂര്‍ ഇടതു പക്ഷത്തിന് ഭൂരിപക്ഷം നല്‍കുന്ന മണ്ഡലമാണ്. നിലവില്‍ ഇടതിനൊപ്പമുള്ള കൈപ്പമംഗലം നിയമസഭാ മണ്ഡലം, ലോക്‌സഭാ തിരഞ്ഞെടുപ്പിലും എല്‍ ഡി എഫിനെ പിന്തുണക്കാറാണ് പതിവ്. ചാലക്കുടി യു ഡി എഫിന് ശക്തമായ വേരുകളുള്ള സ്ഥലമാണ്.
ഫലത്തില്‍ പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, ചാലക്കുടി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ലഭിക്കുമ്പോള്‍ കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം എല്‍ ഡി എഫിന് ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലങ്ങളാണ്. കുന്നത്തുനാട് ആരെ തുണക്കുമെന്നത് പ്രവചനാതീതമാണ്.

Latest