Connect with us

Wayanad

കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കും: കിസാന്‍ സഭ

Published

|

Last Updated

കല്‍പ്പറ്റ: കര്‍ഷകരെ ദ്രോഹിക്കുന്ന നയങ്ങള്‍ നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരിനും അതിനെ അനുകൂലിക്കുന്ന സംസ്ഥാന സര്‍ക്കാരിനുമെതിരെ കൃഷിക്കാരും ജനങ്ങളും പ്രതികരിക്കുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ. കര്‍ഷകരുടെ ജീവല്‍ പ്രധാനമായ ആവശ്യങ്ങള്‍ക്ക് നേരെ ഇരുസര്‍ക്കാരുകളും മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നും ഇതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കിസാന്‍ സഭാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കസ്തൂരി രംഗന്‍ വിഷയത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതുവരെ ഒരു ചെറുവിരല്‍പോലും അനക്കാത്തവര്‍ ഇപ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നു പറയുന്നത് പരിപൂര്‍ണമായ തട്ടിപ്പാണ്.
കേന്ദ്രമന്ത്രി എ കെ ആന്റണിയും മുഖ്യമന്ത്രിയുമടക്കമുള്ളവര്‍ ജനങ്ങളെ വിഢികളാക്കാനാണ് ശ്രമിക്കുന്നത്. കുളമ്പുരോഗത്തെതുടര്‍ന്ന് പശുക്കള്‍ വ്യാപകമായി മരിക്കുകയും പാലുല്‍പാദനം പകുതിയായി കുറയുകയും ചെയ്തിട്ടും ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന് പകരം സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും, ക്ഷീരവികസന മന്ത്രിയും പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ശ്രമിച്ചത്. കര്‍ഷക ആത്മഹത്യകള്‍ തടയാനും കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനും പ്രഖ്യാപിച്ച വയനാട്, ഇടുക്കി, കുട്ടനാട് പാക്കേജുകള്‍ നടപ്പാക്കാനും ശ്രമം ഉണ്ടായില്ല. സംസ്ഥാന ട്രഷറിയില്‍ പണമില്ലാത്തതടക്കം സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെ ഫലമാണ്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കിയതിനാലോ സാമൂഹ്യക്ഷേമപരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കിയതിനാലോ അല്ല ട്രഷറികള്‍ അടച്ചുപൂട്ടേണ്ടി വന്നതെന്നും ആള്‍ ഇന്ത്യ കിസാന്‍ സഭ കുറ്റപ്പെടുത്തി. കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് വി ചാമുണ്ണി, ദേശീയ കൗണ്‍സില്‍ അംഗം എ എസ് ശിവദാസന്‍, സി പി ഷൈജല്‍, ഡോ. അംബി ചിറയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest