Connect with us

Kasargod

ഭര്‍തൃ പീഡനത്തിനിരയായ യുവതിക്ക് നീതി ലഭിച്ചില്ലെന്ന് പരാതി

Published

|

Last Updated

കാസര്‍കോട്: ഭര്‍തൃപീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെന്ന് പരവനടുക്കം കൈന്താറിലെ കെ വി രേഖ ആരോപിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തിലാണ് ആരോപണവുമായി രേഖ നീതി നിഷേധത്തെക്കുറിച്ച് അറിയിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ഭര്‍ത്താവിന്റെ വീടായ കോളിയടുക്കം വയലാംകുഴിയിലെ വീട്ടില്‍ എത്തിയ തന്നെ ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അര്‍ബുദരോഗ ബാധിതയായ മാതാവിനെ പരിചരിക്കുന്നതിനായി കുറേ നാളുകളായി സ്വന്തം വീട്ടിലായിരുന്നു. ഈയ്യിടെ അമ്മ മരിച്ചിരുന്നു. ഭര്‍തൃവീട്ടിലായിരുന്ന വസ്ത്രങ്ങളും പുസ്തകങ്ങളും എടുക്കുന്നതിനായി കോളിയടുക്കം വയലാംകുഴി കുഞ്ഞടുക്കത്തെ ഭര്‍ത്താവ് സതീശ്കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു.

മുറിയില്‍ കയറി വസ്ത്രങ്ങളും പുസ്തകങ്ങളും എടുക്കുന്നതിനിടയില്‍ ഭര്‍തൃപിതാവ് നാരായണന്‍ നായര്‍ മുറിയിലെത്തി വാതില്‍ അടക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനിടയില്‍ രക്ഷപ്പെട്ട് മുറിയില്‍നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ഭര്‍ത്താവ് വീടിന്റെ മുന്‍വശത്തെ വാതില്‍ അടക്കുകയും ഇരുവരും ചേര്‍ന്ന് വീണ്ടും ക്രൂരമായി മര്‍ദിച്ച് കൈയ്യൊടിക്കുകയും ചെയ്യുകയായിരുന്നു. പരുക്കേറ്റതിനെത്തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ പരാതിപ്പെട്ടു. എന്നാല്‍ നാളിതുവരെയായി പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഇതേത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തി എഫ് ഐ ആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടെങ്കിലും ഇതു നല്‍കാന്‍ പോലീസുകാര്‍ തയ്യാറായില്ല. മാത്രമല്ല, പരാതിയുമായി മുന്നോട്ടുപോയാല്‍ അതിന്റെ ഭവിഷത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും രേഖ പറയുന്നു.
ഭര്‍തൃവീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും അധ്യാപികയായ രേഖ ആവശ്യപ്പെട്ടു.

Latest