Connect with us

Gulf

ഭക്ഷണത്തില്‍ കുപ്പിച്ചില്ല് കലര്‍ത്തിയ വീട്ടുവേലക്കാരി അറസ്റ്റില്‍

Published

|

Last Updated

ഷാര്‍ജ: ഭക്ഷണത്തില്‍ കുപ്പിച്ചില്ല് കലര്‍ത്തി വിളമ്പിയ എത്യോപ്യക്കാരിയായ വീട്ടുജോലിക്കാരിയെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സ്വദേശിയായ ഗൃഹനാഥന്‍ ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചപ്പോഴാണ് അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതും ചോറും ഇറച്ചിയും ചേര്‍ന്ന ഭക്ഷണം പരിശോധിച്ചതും. ആദ്യ സ്പൂണ്‍ വായില്‍ ഇട്ടപ്പോഴെ അസ്വാഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് കുപ്പിച്ചില്ല് പൊടിച്ചുചേര്‍ത്തതായി ബോധ്യപ്പെട്ടതെന്ന് 40 കാരനായ ഗൃഹനാഥന്‍ വ്യക്തമാക്കി. ആദ്യം മണലായിരിക്കുമെന്ന് സംശയിച്ചുവെങ്കിലും പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് കുപ്പിച്ചില്ലാണെന്ന് ബോധ്യമായത്.
അടുക്കളയില്‍ കയറി ചോറ് ഉണ്ടാക്കിയ പാത്രം നോക്കിയപ്പോള്‍ അതില്‍ ചെറിയ ചില തുണ്ടുകള്‍ തിളങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും സൂക്ഷിച്ചു നോക്കിയപ്പോള്‍ ചില്ലു കഷ്ണങ്ങളാണെന്ന് ഉറപ്പായി. വീട്ടു ജോലിക്കാരിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം ഏറ്റുപറഞ്ഞതായും ഗൃഹനാഥന്‍ പറഞ്ഞു. ഭാര്യയും കുട്ടികളും ഭക്ഷണം കഴിക്കാത്തതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. ഭക്ഷണം എടുക്കുമ്പോള്‍ കൈ കഴുകണമെന്ന് വീട്ടുകാരി പറഞ്ഞതാണ് ജോലിക്കാരിയെ പ്രകോപിപ്പിച്ചത്.
ഗൃഹനാഥന്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ജോലിക്കാരിയോട് മാന്യമായ രീതിയിലാണ് സ്വദേശി കുടുംബം പെരുമാറിയിരുന്നതെന്നും പോലീസ് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത വേലക്കാരിയെ പ്രൊസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Latest