ബയേണും അത്‌ലറ്റിക്കോയും ഒരടി മുന്നില്‍

Posted on: April 3, 2014 7:45 am | Last updated: April 3, 2014 at 7:45 am

article-2594421-1CBF844C00000578-134_634x405ലണ്ടന്‍/മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ബയേണ്‍മ്യൂണിക്കിനും അത്‌ലറ്റിക്കോ മാഡ്രിഡിനും എവേ ഗോള്‍ മുന്‍തൂക്കം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് 1-1ന് സമനില പിടിച്ചപ്പോള്‍ ബാഴ്‌സലോണയുടെ തട്ടകമായ നൗകാംപില്‍ അത്‌ലറ്റികോ മാഡ്രിഡ് ലീഡ് നഷ്ടമാക്കി 1-1ന് സമനില വഴങ്ങി. ക്വാര്‍ട്ടറിന്റെ രണ്ടാം പാദം ഈ മാസം ഒമ്പതിന്. ഹോംഗ്രൗണ്ടിലെ രണ്ടാം പാദത്തില്‍ ഗോള്‍ വഴങ്ങാതിരുന്നാല്‍ മാത്രം മതി ബയേണിനും അത്‌ലറ്റിക്കോക്കും സെമി ബെര്‍ത് ഉറപ്പിക്കാന്‍.

വിദിചിന്റെ ഹെഡര്‍ ഗോളിന് ഷൈ്വന്‍സ്റ്റിഗറുടെ മറുപടി
ബയേണ്‍ മ്യൂണിക്കിനെ ഞെട്ടിച്ചു കൊണ്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഡ് നേടി. രണ്ടാം പകുതിയില്‍, അമ്പത്തെട്ടാം മിനുട്ടിലായിരുന്നു ഗോള്‍. വെയിന്‍ റൂണിയുടെ കോര്‍ണര്‍ ബോളില്‍ മനോഹരമായ ഹെഡറിലൂടെയാണ് പ്രതിരോധഭടനായ വിദിചിന്റെ ഗോള്‍.
പിറകോട്ട് പൊസിഷന്‍ ചെയ്ത് വായുവില്‍ ഉയര്‍ന്നു ചാടി ഗോളിക്ക് അവസരം നല്‍കാതെ വലയുടെ വലത് മൂലയില്‍ പന്ത് പതിക്കുമ്പോള്‍ എതിരില്ലായിരുന്നു. ബോക്‌സിനുള്ളില്‍ എട്ട് കളിക്കാരെ അണി നിരത്തിയാണ് അതുവരെ മാഞ്ചസ്റ്റര്‍ കളിച്ചതെങ്കില്‍, ബയേണ്‍ ഗോള്‍ മടക്കാന്‍ വ്യഗ്രത കാണിച്ചപ്പോള്‍ യുനൈറ്റഡിന് ഡിഫന്‍സില്‍ പാളിച്ചസംഭവിച്ചു.
തോമസ് മുള്ളര്‍ക്ക് പകരം ഗ്രൗണ്ടിലിറങ്ങിയ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍ഡുകിചിന്റെ പാസില്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗറുടെ തകര്‍പ്പന്‍ ഫസ്റ്റ് ടൈം ടാര്‍ഗറ്റില്‍ വലയുടെ മുകളറ്റം കുലുങ്ങി.

ഷൈ്വന്‍സ്റ്റിഗര്‍ക്ക് റെഡ് കാര്‍ഡ്
മത്സരത്തിലെ വിവാദ നിമിഷം ഇതായിരുന്നു. അവസാന മിനുട്ടില്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. വെയിന്‍ റൂണിയുടെ കാലില്‍ നിന്ന് പന്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് പുറത്താകലില്‍ കലാശിച്ചത്. റൂണി തന്ത്രപരമായി ഡൈവ് ചെയ്ത് അഭിനയിക്കുകയായിരുന്നു. ഇത് റഫറിയുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
ബയേണ്‍ താരം ടാക്ലിംഗില്‍ പന്ത് മാത്രമാണ് തൊട്ടത്. റൂണിയാകട്ടെ, അവസരം മുതലെടുത്ത് ഡൈവ് ചെയ്തു.
ഇംഗ്ലണ്ട് താരത്തിന്റെ മര്യാദകേടിനെ ചോദ്യംചെയ്ത ശേഷമാണ് ജര്‍മന്‍ താരം കളം വിട്ടത്. ബയേണ്‍ കോച്ച് പെപ് ഗോര്‍ഡിയോള റൂണിയെ അസ്സല് ചാട്ടക്കാരന്‍ എന്ന് പരിഹസിക്കുകയും ചെയ്തു. ഷൈ്വന്‍സ്റ്റിഗറിന് രണ്ടാം പാദം നഷ്ടമായി. ബയേണ്‍ ഡിഫന്‍ഡര്‍ ജാവി മാര്‍ട്ടിനസും തുടരെ രണ്ടാം മത്സരത്തിലും മഞ്ഞ കണ്ട് അടുത്ത മത്സരത്തില്‍ സസ്‌പെന്‍ഷന്‍ വാങ്ങി.

മോയസ് പയറ്റിയ
തന്ത്രം
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഡേവിഡ് മോയസ് ഗോര്‍ഡിയോളയുടെ ബയേണിനെ തളയ്ക്കാന്‍ രണ്ട് ഫോര്‍മേഷനുകള്‍ മാറി മാറി പയറ്റുകയായിരുന്നു.
4-5-1 ഫോര്‍മേഷനില്‍ റൂണിയെ മുന്നിലും വെല്‍ബെക്കിനെ ഇടത് വിംഗിലുമാക്കിയപ്പോള്‍ 4-4-1-1 ശൈലിയില്‍ വെല്‍ബെക്കിന് പിറകില്‍ റൂണിയെ നിര്‍ത്തി.
കൗണ്ടര്‍ അറ്റാക്കിംഗ് മാത്രമായിരുന്നു പന്ത് വിട്ടുകൊടുക്കാതെ കളിക്കുന്ന ബയേണിനെതിരെ മാഞ്ചസ്റ്ററിന് ചെയ്യാനുണ്ടായിരുന്നത്. വെല്‍ബെക്കിന്റെ വേഗം ബയേണിന്റെ പ്രതിരോധത്തില്‍ തുടരെ പ്രശ്‌നം സൃഷ്ടിച്ചു.
ആദ്യ പകുതിയില്‍ വെല്‍ബെക്കിനൊപ്പം വണ്‍ ടു കളിച്ച് റൂണി ഗോളി മാത്രം മുന്നില്‍ നില്‍ക്കെ തൊടുത്ത ഷോട്ട് മടങ്ങിയതും പ്രതിരോധനിരയിലെ അവസാനക്കാരനെയും മറികടന്ന വെല്‍ബെക്കിന് ഗോളി ന്യൂവറിന്റെ വലത് കൈപ്പടത്തെ മാത്രം കീഴടക്കാന്‍ സാധിക്കാതെ പോയതും യുനൈറ്റഡിന് ഉറച്ച രണ്ട് ഗോളുകളാണ് നിഷേധിച്ചത്.

റോബന്റെ മെയ്‌വഴക്കം
യുനൈറ്റഡിന്റെ പ്രതിരോധ നിരയില്‍ എട്ട് പേരാണ് തമ്പടിച്ചത്. പക്ഷേ, റോബന്റെ മെയ് വഴക്കത്തിന് മുന്നില്‍ അവര്‍ പലപ്പോഴും പതറി.
സെന്ററില്‍ നിന്ന് ഇടത് ബോക്‌സിനുള്ളിലേക്ക് റോബന്‍ ഓടിക്കയറി പന്തെടുത്ത് ക്രോസ് നല്‍കുന്ന കാഴ്ച അവിശ്വസനീയം. നിര്‍ഭാഗ്യം കൊണ്ട് മാത്രം ചിലതൊന്നും ഗോളായില്ല.

ഫെലെയ്‌നി പരാജയം
എവര്‍ട്ടനില്‍ നിന്ന് 27.5 ദശലക്ഷം പൗണ്ടിന് യുനൈറ്റഡ് സ്വന്തമാക്കിയ സെന്റര്‍ മിഡ്ഫീല്‍ഡറാണ് മറൗനെ ഫെലെയ്‌നി.
സീസണില്‍ മോശം ഫോം തുടരുന്ന ഫെലെയ്‌നി ബയേണിനെതിരെ തികഞ്ഞ പരാജയമായി. ഷൈ്വന്‍സ്റ്റിഗര്‍ ഓടിക്കയറി ഗോളടിക്കുമ്പോള്‍ മാര്‍ക്ക് ചെയ്യാതെ ആ ഗോള്‍ ആസ്വദിക്കുകയായിരുന്നു ഫെലെയ്‌നി ! ടാക്ലിംഗില്‍ 76 ശതമാനവും പിഴച്ചപ്പോള്‍ വായുവിലെ പോരാട്ടത്തില്‍ 83 ശതമാനം പരാജയം.

ക്ഷുഭിതനായി ഗോര്‍ഡിയോള 

മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ ബയേണ്‍ കോച്ച് പെപ് ഗോര്‍ഡിയോള ഗാര്‍ഡിയന്‍ ലേഖകനുമായി കൊമ്പുകോര്‍ത്തു. മോയസിന്റെത് മോശം ടീമെന്ന് കരുതിയോ എന്ന ചോദ്യം ഗോര്‍ഡിയോളയെ ഒന്നിരുത്തി. ഒരിക്കലുമില്ല. താനങ്ങനെ എവിടെയും പറഞ്ഞിട്ടില്ല എന്ന് മറുപടി. ഇതിനിടെ, ലേഖകന്‍ തന്നെ ശ്രദ്ധിക്കാത്തതില്‍ ഗോര്‍ഡിയോള ഇടപെട്ടു. നിങ്ങള്‍ എന്റെ മുഖത്ത് നോക്കൂ എന്നാവര്‍ത്തിച്ചു ഗോര്‍ഡിയോള. ടാക്‌സ് ഡ്രൈവറെ പോലെ സംസാരിക്കരുതെന്ന് ഹാസ്യാത്മക മറുപടി നല്‍കി ലേഖകന്‍ പരിഹസിച്ചു. ഇതോടെ, ഗോര്‍ഡിയോളയുടെ നില തെറ്റി. ഉടന്‍ തന്നെ വാര്‍ത്താ സമ്മേളനം നിര്‍ത്തുകയും ചെയ്തു. മാഞ്ചസ്റ്റര്‍ സെമിയിലെത്തുമെന്ന് മോയസ് പറഞ്ഞു.

നെയ്മര്‍ രക്ഷകന്‍
രണ്ടാം പകുതിയിലായിരുന്നു ഗോളുകള്‍. അമ്പത്താറാം മിനുട്ടില്‍ ഡിയഗോയിലൂടെ അത്‌ലറ്റികോ മാഡ്രിഡ് മുന്നിലെത്തി. എഴുപത്തൊന്നാം മിനുട്ടില്‍ നെയ്മറിലൂടെ ബാഴ്‌സ സമനില നേടി. സൂപ്പര്‍ സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റ പരിക്കേറ്റ് പിന്‍മാറിയതിനെ തുടര്‍ന്ന് കളത്തിലിറങ്ങിയ മറ്റൊരു ഡിയഗോ അത്‌ലറ്റിക്കോയുടെ രക്ഷകനായി.
മെസിയും ഇനിയെസ്റ്റയും ഫാബ്രിഗസും നെയ്മറും കിണഞ്ഞു പരിശ്രമിച്ചിട്ടും അത്‌ലറ്റികോയുടെ പ്രതിരോധം മറികടക്കാനായില്ല. ഒടുവില്‍ ഇനിയെസ്റ്റയുടെ ബുദ്ധിപരമായ പാസില്‍ ഒരു വെട്ടിത്തിരിയലില്‍ നെയ്മര്‍ വല കുലുക്കി. മെസിയെ തളച്ചിടുന്നതില്‍ ഡിയഗോ സിമിയോണിയുടെ തന്ത്രം വിജയിച്ചു. എങ്കിലും മെസി ഇടക്കിടെ ആ പൂട്ട് പൊളിച്ചു. ബാഴ്‌സ ഡിഫന്‍ഡര്‍ ജെറാര്‍ഡ് പീക്വെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് കളം വിട്ടു.