ദക്ഷിണേന്ത്യന്‍ മാനേജ്‌മെന്റ് മീറ്റിന് എം ഇ എസില്‍ തുടക്കം

Posted on: April 3, 2014 7:40 am | Last updated: April 3, 2014 at 7:40 am

കുറ്റിപ്പുറം : കുറ്റിപ്പുറം എം ഇ എസ് എന്‍ജിനീയറിംഗ് കോളജിലെ എം ബി എ വകുപ്പ് സംഘടിപ്പിച്ച രണ്ടു ദിവസത്തെ ദക്ഷിണേന്ത്യന്‍ മാനേജ്‌മെന്റ്മീറ്റ് ‘മെസ്മറൈസ -14’മാനേജ്‌മെന്റ് വിദഗ്ദ്ധനും പ്രമുഖ വ്യവസായിയും വികെസി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ വി നൗഷാദ് ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ ഉപഭോഗം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ 95 ശതമാനവും പുറത്തുനിന്നാണ് വരുന്നതെങ്കിലും പാദരക്ഷകളുടെ കാര്യത്തില്‍ 50 ശതമാനം സ്വയംപര്യാപ്തത കൈവരിക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നൗഷാദ് പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും സിന്‍ഡിക്കേറ്റ് അംഗവും കോളജ് പ്രിന്‍സിപ്പലുമായ ഡോ. വി എച്ച് അബ്ദുല്‍ കലാം അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടര്‍ ഡോ. കെ പി മുഹമ്മദ്, പ്രോഗ്രാം പാട്രണ്‍ പ്രൊഫ. കെ. പി. ജാബിര്‍ മൂസ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രൊഫ. ഐസക് ജോര്‍ജ്ജ പ്രസംഗിച്ചു. എം ബി എ വകുപ്പ് മേധാവി ഡോ. സണ്ണി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കെ. സവാദ് മുഹമ്മദ് നന്ദിയും പറഞ്ഞു.
ദക്ഷിണേന്ത്യയിലെ നൂറില്‍ പരം കോളജുകളില്‍ നിന്നും മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നുമായി അഞ്ഞൂറോളം വരുന്ന ബി ബി എ, ബി കോം, എം സി എ , എം കോം വിദ്യാര്‍ഥികള്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. ബിസിനസ്സിലെ നൂതന രീതികള്‍” എന്ന വിഷയത്തില്‍ ഇരുപത്തിയഞ്ചോളം പ്രബന്ധങ്ങള്‍ മേളയില്‍ അവതരിപ്പിച്ചു.