Connect with us

Kannur

കണ്ണൂരില്‍ അബ്ദുല്ലക്കുട്ടി പരിധിക്ക്പുറത്ത്‌

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ എ പി അബ്ദുല്ലക്കുട്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് പുറത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ സി പി എമ്മിനെതിരെ കുറിക്കുകൊള്ളുന്ന ആരോപണങ്ങളുമായി യു ഡി എഫ് പ്രചാരണ കേന്ദ്രങ്ങളില്‍ കത്തിക്കയറുന്ന എ പി അബ്ദുല്ലക്കുട്ടി ഇത്തവണ രംഗത്തില്ല. കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ തുടക്കത്തില്‍ അബ്ദുല്ലക്കുട്ടി പങ്കെടുത്തിരുന്നുവെങ്കിലും പിന്നീട് അപ്രത്യക്ഷനാകുകയായിരുന്നു. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് അബ്ദുല്ലക്കുട്ടിയുടെ രഹസ്യവാസമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല.
കണ്ണൂര്‍ മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടെ എ പി അബ്ദുല്ലക്കുട്ടി പങ്കെടുക്കാത്തതിനെക്കുറിച്ച് അഭിപ്രായം തേടിയപ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കാത്തതെന്നും പാര്‍ട്ടി നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം. ഇതിന് ശേഷം ഒന്ന് രണ്ട് പ്രാദേശിക യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. എന്നാല്‍, പ്രചാരണം മുറുകിയപ്പോള്‍ വീണ്ടും അബ്ദുല്ലക്കുട്ടി അപ്രത്യക്ഷനാകുകയായിരുന്നു.
കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ വേളയിലും എ പി അബ്ദുല്ലക്കുട്ടിയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. പിന്നീട് കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരെത്തിയപ്പോഴും അവര്‍ക്കൊപ്പം അബ്ദുല്ലക്കുട്ടി വേദിയിലെത്തിയില്ല. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ കെ സുധാകരന്‍ രണ്ട് തവണ പര്യടനം നടത്തിയപ്പോഴും സ്ഥലം എം എല്‍ എയായ അബ്ദുല്ലക്കുട്ടി ഒപ്പമുണ്ടായിരുന്നില്ല.
അബ്ദുല്ലക്കുട്ടിക്കെതിരെ സരിത നടത്തിയ ആരോപണമാണ് അബ്ദുല്ലക്കുട്ടിയെ കാണാമറയത്തിരുത്തിയതെന്നാണ് സംസാരം. എന്നാല്‍ സരിത പിന്നീട് ആരോപണങ്ങളുമായി രംഗത്തുവരാതിരിക്കുകയും വിഷയം സി പി എമ്മുപോലും പ്രചാരണമായെടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും അബ്ദുല്ലക്കുട്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിയിലും ചര്‍ച്ചയായിട്ടുണ്ട്. നിയമസഭാംഗമെന്ന നിലയില്‍ കണ്ണൂരിലെ പൊതുപരിപാടികള്‍ക്ക് പോലും എ പി അബ്ദുല്ലക്കുട്ടിയെ ലഭിക്കുന്നില്ലെന്ന വ്യാപക പരാതിയുമുണ്ട്. മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ അറ്റന്‍ഡ് ചെയ്യുന്നില്ലെന്നും ജനപ്രതിനിധിയെന്ന നിലയില്‍ ഇത്തരമൊരു സമീപനം ശരിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സി പി എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സി പി എമ്മിനെതിരെ പ്രസംഗിച്ച് കൈയടി നേടിയയാളാണ് എ പി അബ്ദുല്ലക്കുട്ടി. സ്വതസിദ്ധമായ നര്‍മത്തില്‍ പൊതിഞ്ഞ പ്രസംഗം കൊണ്ട് ശ്രോതാക്കളെ കൈയിലെടുക്കാറുമുണ്ട്. എന്നാല്‍, ഓര്‍ക്കാപ്പുറത്തുണ്ടായ ആരോപണവും മറ്റും ഈ നേതാവിനെ പിന്നോട്ട് വലിക്കുകയാണ്. എന്നാല്‍, അദ്ദേഹത്തെ പാര്‍ട്ടിയിലെ ചിലര്‍ നിര്‍ബന്ധിച്ച് “വീട്ടുതടങ്കലിലാക്കിയതാണെന്നും സംസാരമുണ്ട്. എന്നാല്‍, പരസ്യ പ്രചാരണത്തിനിറങ്ങുന്നില്ലെങ്കിലും രഹസ്യമായി എ പി അബ്ദുല്ലക്കുട്ടി വോട്ട് പിടിക്കുന്നുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

Latest