Connect with us

Kollam

കശുവണ്ടിത്തൊഴിലാളികളുടെ മനസ്സറിഞ്ഞ് ബേബി

Published

|

Last Updated

എം എ ബേബി പ്രചാരണത്തിന് ഒരുങ്ങിയിരിപ്പാണ്. ഭാര്യ ബെറ്റി നല്‍കിയ ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ച് നേരെ കാറിലേക്ക്. കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം എ ബേബിയുടെ ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ പര്യടനത്തിന് മീനാട് പടിഞ്ഞാറുനിന്നാണ് തുടക്കം. രാവിലെ 8.25ന് തന്നെ സ്ഥാനാര്‍ഥി സജീവം.
മാലപ്പടക്കത്തിന്റെ അകമ്പടിയില്‍ ഇവിടെ സ്ഥാനാര്‍ഥിയെ വരവേറ്റു. കശുവണ്ടി, കൈത്തറി മേഖലയിലെ പ്രശ്‌നങ്ങള്‍, കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ എല്ലാം ചുരുങ്ങിയ വാക്കില്‍ അവതരിപ്പിച്ചാണ് ബേബി ആദ്യ സ്വീകരണ സ്ഥലം വിട്ടത്.
പ്രഭാത ഭക്ഷണത്തിന് ശേഷം കയര്‍, കശുവണ്ടി തൊഴിലാളികളുടെ കേന്ദ്രമായ നെടുങ്ങോലത്തേക്ക്. നെടുങ്ങോലം എം എല്‍ എ ജംഗ്ഷിലേക്കുള്ള യാത്രയില്‍ ചെങ്കൊടി കെട്ടിയ അമ്പതോളം ബൈക്കുകള്‍ സ്ഥാനാര്‍ഥിക്ക് അകമ്പടി. തുറന്ന വാഹനത്തില്‍ സഞ്ചരിച്ച എം എ ബേബി റോഡിന് ഇരുവശവും കാത്ത് നിന്ന സ്ത്രീകളെയും കുട്ടികളെയും അഭിവാദ്യം ചെയ്തു. അനൗണ്‍സ്‌മെന്റ് കേട്ട് കൈക്കുഞ്ഞുങ്ങളുമായി വീടുകളില്‍നിന്ന് പുറത്തിറങ്ങി നിന്ന സ്ത്രീകള്‍ നിറഞ്ഞ ചിരിയോടെ കൈവീശി അഭിവാദ്യം നല്‍കി. പോളച്ചിറ നവമി കശുവണ്ടി ഫാക്ടറിയില്‍ സ്ഥാനാര്‍ഥിയുടെ വാഹനമെത്തുമ്പോള്‍ സമയം രാവിലെ ഒമ്പത് മണി.
തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ഥി ചോദിച്ചറിഞ്ഞു. ഒടുവില്‍ ഒരു കാര്യം കൂടി സ്ഥാനാര്‍ഥി തൊഴിലാളികളെ ഓര്‍മിപ്പിച്ചു: “”നിങ്ങള്‍ മാത്രം വോട്ട് ചെയ്താല്‍ പോരാ. മറ്റുള്ളവരെ കൊണ്ട് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വോട്ട് ചെയ്യിപ്പിക്കണം.”” തുടര്‍ന്ന് കുഴിപ്പില്‍ പ്രഭാത് കശുവണ്ടി ഫാക്ടറിയില്‍ .
പാറയില്‍ കാവിലെ വരവേല്‍പ്പിനുശേഷം നെയ്ത്തുകാരുടെ കേന്ദ്രമായ പുക്കുളത്തെ ഫഌറ്റ് മുറ്റത്ത് ബേബിയെത്തിയപ്പോള്‍ പ്രവര്‍ത്തകരുടെയും വീട്ടമ്മമാരുടെയും കുട്ടികളുടെയും ആവേശം അലതല്ലി. സ്വീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ജി എസ് ജയലാല്‍ എം എല്‍ എയും തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായ കെ പി കറുപ്പും ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ടായിരുന്നു.
മാലാക്കായല്‍ മിച്ചഭൂമി സമരത്തിന്റെ മണ്ണിലേക്കായിരുന്നു അടുത്ത യാത്ര. പെരുമ്പുഴ മൂകാംബിക കശുവണ്ടി ഫാക്ടറിയും പെരുമ്പുഴ റേഡിയോ പാര്‍ക്കും സന്ദര്‍ശിച്ച് കല്ലുംകുന്നിലേക്ക് പോകുംവഴി പെരുവിളയില്‍ മാലാക്കായല്‍ സമരസേനാനി മെമ്പര്‍ സുകുമാരന്‍ ബേബിയെ രക്തഹാരം അണിയിച്ചു.
സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി ബേബിയെ കാത്തുനിന്നു. പശുമണ്ണില്‍ പൂത്തിരിയും ലാത്തിരിയും മാലപ്പടക്കവും സ്വീകരണത്തിന് കൊഴുപ്പേകി. കൊന്നപ്പൂവും കുരുത്തോലയും നല്‍കി സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വിലക്കയറ്റത്തിന്റെ പ്രതീകമായി ചാക്കുനിറയെ ഉള്ളിയും ഒഴിഞ്ഞ ഗ്യാസ് സിലണ്ടറും വെളിച്ചെണ്ണയും റോഡില്‍ നിരത്തിവെച്ചത് കൗതുകം ജനിപ്പിച്ചു.
കൂനയില്‍ ജംഗ്ഷനില്‍ അഡ്വ. ജയേഷിന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. ഉച്ചഭക്ഷണത്തിനുശേഷം വെട്ടുവിളയില്‍ നിന്ന് തുടങ്ങിയ പര്യടനം മുപ്പതോളം കേന്ദ്രങ്ങളില്‍ പൂര്‍ത്തിയാക്കി രാത്രി വൈകി എഴിപ്പുറത്ത് സമാപിക്കുമ്പോഴും അടുത്ത ദിവസത്തെ പര്യടനത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു സ്ഥാനാര്‍ഥിയും നേതാക്കളും.