Connect with us

Ongoing News

386 മോഷണങ്ങള്‍; 38 കോടി പിഴ ചുമത്തി

Published

|

Last Updated

തിരുവനന്തപുരം: ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് വ്യാപക വൈദ്യുതി മോഷണമെന്ന് കണക്കുകള്‍. കെ എസ് ഇ ബി ലിമിറ്റഡിന്റെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡുകള്‍ 2013-14ല്‍ കേരളത്തിലുടനീളം നടത്തിയ മിന്നല്‍ പരിശോധനകളില്‍ 38 കോടിയിലധികം രൂപയുടെ വൈദ്യുതി മോഷണം ഉള്‍പ്പെടെയുള്ള വിവിധ ക്രമക്കേടുകളാണ് കണ്ടെത്തിയത്. മൊത്തം 386 മോഷണങ്ങളാണ് ഈ കാലയളവില്‍ പിടികൂടിയത്. 2010-11, 2011-12, 2012-13 കാലയളവില്‍ യഥാക്രമം 15 കോടിയുടെയും 17 കോടിയുടെയും 25 കോടിയുടെയും ക്രമക്കേടുകളാണ് കണ്ടെത്തിയിരുന്നത്.

2013-14ല്‍ കണ്ടെത്തിയ വൈദ്യുതി ക്രമക്കേടുകളില്‍ തിരുവനന്തപുരം മേഖലയിലെ ഫഌറ്റ് സമുച്ചയങ്ങളില്‍ നിന്ന് 19 ക്രമക്കേടുകള്‍ കണ്ടെത്തുകയും 1.90 കോടിയോളം രൂപയുടെ പിഴ ചുമത്തുകയും ചെയ്തു. എറണാകുളം മേഖലയിലെ ക്രഷറുകളിലും പ്ലൈവുഡ് നിര്‍മാണ യൂനിറ്റുകളിലും റൈസ് മില്ലുകളിലും നടത്തിയ പരിശോധനയില്‍ വിവിധ ക്രമക്കേടുകളിലായി 34 ലക്ഷത്തിലധികം രൂപയുടെ പിഴ ചുമത്തി. അരൂര്‍ മേഖലയിലെ ചെമ്മീന്‍ സംസ്‌കരണ യൂനിറ്റുകളിലെ വന്‍ തോതിലുള്ള ക്രമക്കേടുകളും കാസര്‍കോട് ജില്ലയില്‍ വ്യാപകമായി നടത്തുന്ന കാര്‍ഷിക വൈദ്യുതി ദുരുപയോഗവും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് കഞ്ചിക്കോടുള്ള ഹൈടെന്‍ഷന്‍ വ്യവസായ മേഖലയില്‍ നടത്തിയ ഊര്‍ജിത തിരച്ചിലില്‍ വൈദ്യുതി മീറ്ററില്‍ വന്‍തോതിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. കെ എസ് ഇ ബി ലിമിറ്റഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ എന്‍ രാമചന്ദ്രന്‍ ഐ പി എസിന്റെ നിര്‍ദ്ദേദശാനുസരണം നടത്തിയ പരിശോധനകളിലാണ് ഇത്രയധികം ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്റിപവര്‍ തെഫ്റ്റ് സ്‌ക്വാഡ് മൂന്ന് മേഖലകളിലായി 13 സ്‌ക്വാഡുകളായാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ മേഖലയുടെയും ചുമതല ഓരോ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും ഓരോ സ്‌ക്വാഡിന്റെയും ചുമതല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കുമാണ്. ഇത്തരത്തില്‍ സംസ്ഥാന വ്യാപകമായി തുടര്‍ പരിശോധനകള്‍ ശക്തിപ്പെടുത്തുമെന്ന് കേരള സംസ്ഥാന വൈദ്യുതിബോര്‍ഡ് ലിമിറ്റഡ് അറിയിച്ചു. വൈദ്യുതി മോഷണങ്ങളും ക്രമക്കേടുകളും സംബന്ധിച്ച വിവരങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കണം. തിരുവനന്തപുരം0471-2472353, 0471-2444554, കൊല്ലം 0474-2763126, ആലപ്പുഴ/പത്തനംതിട്ട 04692 702702, കോട്ടയം 0481-2340250, എറണാകുളം 0484-2392179, തൃശ്ശൂര്‍0484-2621062, പാലക്കാട് 0491-2546011, ഇടുക്കി 0486 2235281, കോഴിക്കോട് 0495-2368939, മലപ്പുറം/വയനാട്/കണ്ണൂര്‍ 0495 2760601, കാസര്‍കോട ്04994-255666.

Latest