Connect with us

Ongoing News

ശമ്പളം മുടങ്ങാതിരിക്കാന്‍ തിരക്കിട്ട ശ്രമം

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ ധനവകുപ്പിന്റെ തീവ്രശ്രമം. സാമ്പത്തിക വര്‍ഷാവസാനം ട്രഷറികളില്‍ നിന്ന് കോടികള്‍ ഒഴുകിയതോടെ പരമാവധി ധനസമാഹരണം നടത്തി പിടിച്ചുനില്‍ക്കാനാണ് നീക്കം. 2013-14 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പുറത്തുവന്നതോടെ വരവും ചെലവും തമ്മിലുള്ള അന്തരം 2871.15 കോടി രൂപയാണെന്ന് വ്യക്തമായി.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരവില്‍ 10.14 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായെങ്കിലും 15.74 ശതമാനം ചെലവും ഉയര്‍ന്നു. വരും വര്‍ഷങ്ങളിലും സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനകളാണ് കണക്കുകള്‍ നല്‍കുന്നത്.
നോണ്‍പ്ലാന്‍, പ്ലാന്‍, തദ്ദേശസ്ഥാപനങ്ങള്‍, കരാറുകാരുടെ ബില്ലുകള്‍ എന്നിവയിലായി 2,38,807 ബില്ലുകളും 1,60,496 ചെലാനുകളുമാണ് മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ കൈകാര്യം ചെയ്തത്. അവസാനമുള്ള ബില്ലുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയ മാര്‍ച്ച് 25 മുതല്‍ 31 വരെ 5541.75 കോടി രൂപയുടെ പേമെന്റാണ് ട്രഷറികള്‍ വഴി നടന്നത്. മാര്‍ച്ച് 31 ല്‍ മാത്രം 2530 കോടി രൂപയുടെ ബില്ലുകള്‍ ട്രഷറി പാസ്സാക്കി.
2,500 കോടിയോളം രൂപയാണ് പെന്‍ഷനും ശമ്പളത്തിനുമായി വേണ്ടത്. ഇത് നല്‍കാനായി നടത്തുന്ന അധിക വിഭവ സമാഹരണം ലക്ഷ്യം കണ്ടില്ലെങ്കില്‍ ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്യാന്‍ കഴിയുമോയെന്ന് ഉറപ്പില്ല. സാമ്പത്തിക വര്‍ഷാരംഭം എന്ന കാരണത്താല്‍ പലര്‍ക്കും ആദ്യദിവസത്തെ ശമ്പളം മുടങ്ങാനിടയുണ്ട്.
പുതിയ ബില്‍ ബുക്കുകള്‍ എത്തിക്കുക, ജീവനക്കാരുടെ നാല് വര്‍ഷത്തെ ഇന്‍കംടാക്‌സ് അടച്ച തുകയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക തുടങ്ങിയ സാങ്കേതിക പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശമ്പളം വൈകിപ്പിക്കാനാണ് ശ്രമം.
വകുപ്പുകള്‍ ബേങ്കുകളില്‍ നിക്ഷേപിച്ചിട്ടുളള പണം തിരിച്ചുപിടിക്കാനുള്ള ശ്രം തുടരുകയാണ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് നിക്ഷേപിച്ച 137 കോടി രൂപ കൂടി ഉടന്‍ ട്രഷറിയിലെത്തും. 1,500 കോടി രൂപയോളം ബേങ്കുകളിലുണ്ട്. ഇതില്‍ 250 കോടിയോളം രൂപ ട്രഷറിയില്‍ തിരികെയെത്തിയിട്ടുണ്ട്. അതേസമയം, ഭൂരിഭാഗം കരാറുകാര്‍ക്കും ബില്ലുകള്‍ മാറിക്കിട്ടിയിട്ടില്ല. ഇവര്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുകയാണ്.
അതേസമയം മികച്ച ധന മാനേജ്‌മെന്റിലൂടെ ഒരു ദിവസം പോലും ഓവര്‍ ഡ്രാഫ്റ്റ് എടുക്കാതെ ഈ സര്‍ക്കാര്‍ മൂന്ന് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കിയെന്നും അഭിമാനകരമായ ഈ നേട്ടത്തെ വാചക കസര്‍ത്തുകൊണ്ട് തമസ്‌കരിക്കാനാകില്ലെന്നും ധനമന്ത്രി കെ എം മാണി പറഞ്ഞു.