Connect with us

Ongoing News

ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ക്യാന്‍സര്‍ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് സംസ്ഥാനത്ത് കൂടുതല്‍ ക്യാന്‍സര്‍ സെന്ററുകളും ക്യാന്‍സര്‍ കെയര്‍ യൂനിറ്റുകളും വരുന്നു. നിലവില്‍ തിരുവനന്തപുരത്തുള്ള റീജ്യനല്‍ ക്യാന്‍സര്‍ സെന്ററും മലബാര്‍ ക്യാന്‍സര്‍ സെന്ററും മാത്രമാണ് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്രയമായുള്ളത്. വളരെ അപകടകരമായ ക്യാന്‍സര്‍ രോഗത്തിന് ഈ രണ്ട് കേന്ദ്രങ്ങള്‍ പര്യാപ്തമല്ലാത്തതിനാലാണ് ആരോഗ്യ വകുപ്പ് പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
നാല് ജില്ലാ ആശുപത്രികളില്‍ ക്യാന്‍സര്‍ കെയര്‍ സെന്ററുകളും മറ്റ് ആറ് ജില്ലകളില്‍ ക്യാന്‍സര്‍ കെയര്‍ യൂനിറ്റുകളും തുടങ്ങാനാണ് തീരുമാനം. ഇതിലൂടെ നിലവിലുള്ള ക്യാന്‍സര്‍ സെന്ററുകളിലെ തിരക്ക് നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ക്യാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിക്കുന്നത് ആലപ്പുഴ, തൃശൂര്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ്. ക്യാന്‍സര്‍ സ്‌ക്രീനിംഗ്, ടെസ്റ്റിംഗ് തുടങ്ങി വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്ന രീതിയിലുള്ള ക്യാന്‍സര്‍ കെയര്‍ സെന്ററുകളായിട്ടായിരിക്കും ഇവ ആരംഭിക്കുക. പുതിയ ക്യാന്‍സര്‍ കെയര്‍ യൂനിറ്റുകള്‍ ആരംഭിക്കുന്നത് കൊല്ലം, പാലക്കാട്, വയനാട്, മലപ്പുറം, കാസര്‍കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ്. ഇവിടെ റേഡിയോ തെറാപ്പി ചികിത്സ ഉറപ്പു വരുത്തും.
ദന്ത രോഗ വിദഗ്ധന്‍, ഗൈനക്കോളജിസ്റ്റ്, സര്‍ജന്‍ തുടങ്ങിയവരെപ്പോലെ ക്യാന്‍സര്‍ കണ്ടെത്തുന്നതിനുള്ള പരിശീലനം നല്‍കി ഈ മേഖലയിലും കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കും. മാത്രമല്ല താലൂക്ക് ആശുപത്രികളില്‍ റേഡിയോ തെറാപ്പി യൂനിറ്റുകളും സ്ഥാപിക്കും. ഏഴ് ജില്ലകളിലെ താലൂക്ക് ആശുപത്രികളാണ് ഇതിനായി നിലവില്‍ പരിഗണനയിലുള്ളത്. പിന്നീട് മറ്റുള്ള ജില്ലകളിലെ താലൂക്ക് ആശുപത്രികളിലേക്ക്കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം.
ജില്ലാ ആശുപത്രികളിലെ ക്യാന്‍സര്‍ കെയര്‍ സെന്ററുകളില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം എത്തുന്ന രോഗികളെ പരിശോധിക്കുകയും കീമോതെറാപ്പിയടക്കമുള്ള ചികിത്സകള്‍ നല്‍കുകയും ചെയ്യും. മറ്റ് ക്യാന്‍സര്‍ സെന്ററുകളില്‍ ചികിത്സ ആരംഭിച്ചവര്‍ക്ക് തുടര്‍ ചികിത്സ നല്‍കുന്നതിനുള്ള സംവിധാനവും ഇവിടെ ഉണ്ടായിരിക്കും. റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിലോ മലബാര്‍ ക്യാന്‍സര്‍ സെന്ററിലോ പരിശീലനവും പരിചയസമ്പത്തും ഉള്ള വിദഗ്ധരായിരിക്കും ഇത്തരം ക്യാന്‍സര്‍ സെന്റുകളുടെ മേല്‍നോട്ടം വഹിക്കുക.
എന്‍ പി സി ഡി സി എസ് (നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ക്യാന്‍സര്‍, ഡയബെറ്റിസ്, കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ് ആന്‍ഡ് സ്‌ട്രോക്) പദ്ധതിപ്രകാരം ലഭ്യമാകുന്ന തുകയാണ് പദ്ധതിക്കായി വിനിയോഗിക്കുക.
ഇതിനു പുറമെ സംസ്ഥാന സര്‍ക്കാര്‍ 30 ലക്ഷം രൂപയാണ് ഇതിനായി നല്‍കുന്നത്. ഈ തുക നാല് ജില്ലാ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലേക്കുള്ള ചെലവിനായി ഉപയോഗിക്കും.
എഴ് ജില്ലകളില്‍ ആരംഭിക്കുന്ന യൂനിറ്റുകള്‍ക്ക് ഓരോന്നിനും പത്ത് ലക്ഷം രൂപ വീതമാണ് നല്‍കുന്നത്. മാത്രമല്ല ജില്ലകള്‍ തോറും ക്യാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി ഓരോ ജില്ലക്കും ഒരു ലക്ഷം രൂപയാണ് നല്‍കുന്നത്. ഇതിനു പുറമെ ഓറല്‍ ക്യാന്‍സര്‍ ഡിറ്റക്ഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനായി 25,000 രൂപ വീതവും നല്‍കുന്നുണ്ട്. 30 വയസ്സിനു മുകളിലുള്ള ഓരോ വ്യക്തിയും ഓറല്‍ ക്യാന്‍സര്‍ പരിശോധനയും മുപ്പത് വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളും ഗര്‍ഭാശയ-ബ്രസ്റ്റ് ക്യാന്‍സര്‍ പരിശോധനയും നിര്‍ബന്ധമായും നടത്തിയിരിക്കണം.

 

---- facebook comment plugin here -----

Latest