Connect with us

Articles

ഗുജറാത്ത് വികസനം: പൊരുളും പൊഴിയും

Published

|

Last Updated

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് താടി മാത്രമല്ല, വികസനത്തിന്റെ മോടിയുമുണ്ടെന്നാണ് ബി ജെ പിയുടെ വീരവാദം. അതുകൊണ്ട് 16-ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ തുരുപ്പുചീട്ട് വികസനമാണ്. കാവിസ്വപ്‌നങ്ങള്‍ അവര്‍ കൈവെടിഞ്ഞുവെന്ന് ശുദ്ധാത്മാക്കള്‍ക്ക് വേണമെങ്കില്‍ വിശ്വസിക്കാം. എന്നാല്‍ ഈ മൗനം വാചാലമെന്ന് കാലം തെളിയിക്കും. പുള്ളിപ്പുലിക്ക് തന്റെ പുള്ളി മായ്ക്കാന്‍ പറ്റില്ല, മറയ്ക്കാനേ പറ്റൂ. വികസനത്തെപ്പറ്റിയാകണം ചര്‍ച്ചയെന്ന് നരേന്ദ്ര മോദി ആണയിടുമ്പോഴും ന്യൂനപക്ഷങ്ങളും മതേതര പാര്‍ട്ടികളും വംശഹത്യയുടെ ക്രൂരകാലത്തെപ്പറ്റി അയവിറക്കുന്നത് അതുകൊണ്ടാണ്. 2002ല്‍ ഗുജറാത്തില്‍ നടത്തിയ നരനായാട്ടില്‍ 2000ത്തിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടു. നിരവധി പേരെ കാണാതായി. അവരില്‍ പലരും ഇനിയും തിരിച്ചുവന്നിട്ടില്ല. കലാപം കത്തിനില്‍ക്കുന്ന അക്കാലത്ത് എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ ന്യൂട്ടന്റെ ആക്ഷന്‍ റിയാക്ഷന്‍ സിദ്ധാന്തം അവതരിപ്പിച്ച മോദിയെ എങ്ങനെയാണ് ജനം വിസ്മരിക്കുക? ഗോധ്രക്കുള്ള പ്രതികരണമാണത്രേ ഗുജറാത്ത് കലാപം. ഇതേ സിദ്ധാന്തം അതിന് മുമ്പ് അവതരിപ്പിച്ചത് രാജീവ് ഗാന്ധിയാണ്.
1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സിഖ്‌വിരുദ്ധകലാപത്തെപ്പറ്റിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. വന്‍മരങ്ങള്‍ വീഴുമ്പോള്‍ സ്വാഭാവികമായും അതിനടിയിലെ ചെടികള്‍ നശിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വികാരങ്ങള്‍ക്ക് ജനം അടിപ്പെടാം.പക്ഷേ, ജനനേതാക്കള്‍ ഒരിക്കലും അടിപ്പെട്ടുകൂടാ. ബോഫോഴ്‌സ് കുംഭകോണത്തേക്കാള്‍ രാജീവ് ഗാന്ധിക്കും കോണ്‍ഗ്രസിനും വിനയായത് ഹീനമായ ഈ പ്രതികരണമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് (542ല്‍ 411 സീറ്റ്)1984ല്‍ അദ്ദേഹം അധികാരത്തിലെത്തിയത്. എന്നാല്‍ അത് കോണ്‍ഗ്രസിന്റെ അവസാനത്തെ ഏകകക്ഷി സര്‍ക്കാറായിത്തീരുകയും ചെയ്തു. അതോടെ കൂട്ടുകക്ഷി മന്ത്രിസഭയുടെ കാലം ആരംഭിച്ചു. പിന്നീട് ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഡല്‍ഹിയിലെ രാഷ്ട്രീയസായാഹ്നങ്ങള്‍ക്ക് കുതിരക്കച്ചവടത്തിന്റെ ഗന്ധമായിരുന്നു.
വികസനമാണ് ബി ജെ പിയുടെ മുദ്രാവാക്യം എന്ന മോദിയുടെ വാക്കുകള്‍ തല്‍ക്കാലം വിശ്വസിക്കുക. അദ്ദേഹം വികസനത്തിന്റെ പ്രതീകമാണെന്നും വിശ്വസിക്കുക. എന്താണ് വികസനത്തിന്റെ മാതൃകയായി അദ്ദേഹം അവതരിപ്പിക്കുന്നത്? ഗുജറാത്തിനെയാണ്. ഗുജറാത്താണ് ഇന്ത്യക്ക് മാതൃകയെന്ന് മോദിയും ബി ജെ പിയും ഒരുപോലെ ആണയിടുന്നു. കോര്‍പ്പറേറ്റുകള്‍ വന്‍ തോതില്‍ പണമൊഴുക്കുന്നതും വ്യവസായങ്ങള്‍ പൂത്തുലയുന്നതും ചൂണ്ടിക്കാട്ടി ഒരു സംസ്ഥാനം വികസിക്കുന്നുവെന്ന് വിലയിരുത്താന്‍ സാധിക്കുമോ? അത് പറ്റില്ലെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. ഗുജറാത്ത് ഒരു ഊതിവീര്‍പ്പിച്ച ബലൂണ്‍ ആണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഗുജറാത്തിലെ കര്‍ഷകരുടെ ആത്മഹത്യയും തൊഴിലില്ലായ്മയും കുട്ടികളുടെ പോഷകാഹാരക്കുറവും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ മോദിയുമായി നേരിട്ട് സംവദിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും മോദി അതിന് തയ്യാറായില്ല. പകരം അവസരം കിട്ടിയപ്പോള്‍ പാക്കിസ്ഥാന്‍ ചാരനെന്ന് വിളിച്ച് കെജ്‌രിവാളിനെ അപമാനിക്കാനാണ് മോദി ശ്രമിച്ചത്. മോഡിയുടെ വികസനമോടി വെറും ജാടയാണെന്ന് കൃത്യമായി നിരീക്ഷിച്ചുവെന്നതാണ് കെജ്‌രിവാള്‍ ചെയ്ത തെറ്റ്.
ഒരു രാജ്യത്തിന്റെ വികസനാവസ്ഥ അളക്കുന്നതിന് ഒരു പറ്റം അംഗീകൃത മാനവവികസനസൂചകങ്ങളുണ്ട്. സാക്ഷരതാ നിരക്ക്, ആരോഗ്യം, വിദ്യാഭ്യാസം, ശിശുമരണം, ആയുര്‍ദൈര്‍ഘ്യം, വരുമാനം, തൊഴിലവസരം തുടങ്ങിയവയാണ് മാനവവികസനവുമായി ബന്ധപ്പെട്ട സുപ്രധാന സൂചകങ്ങള്‍. 2011ല്‍ ( 2007-2008നെ അടിസ്ഥാനമാക്കി) കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുകയും ഗുജറാത്ത് സര്‍ക്കാറിന്റെ എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അതിന്റെ സാമൂഹിക, സാമ്പത്തിക അവലോകനത്തിന് അവലംബമായി സ്വീകരിക്കുകയും ചെയ്ത മാനവവികസനസൂചകങ്ങളനുസരിച്ച് ഗുജറാത്തല്ല മാതൃക, കേരളമാണ്. മാനവവികസന കാര്യത്തില്‍ പ്രഥമ സ്ഥാനം കേരളത്തിനാണ്. 2011 ലെ ശരാശരി ദേശീയ വളര്‍ച്ച 0.467 ശതമാനമാണെങ്കില്‍ കേരളത്തിന്റെത് 0.790 ആണ്. രണ്ടാം സ്ഥാനം ഡല്‍ഹിക്കും(0.750 ശതമാനം). ഇക്കാര്യത്തില്‍ 11-ാം സ്ഥാനം(0.527 ശതമാനം) മാത്രമാണ് ഗുജറാത്തിനുള്ളത്. ഒന്നുകില്‍ ഈ റിപ്പോര്‍ട്ട് തെറ്റെന്ന് പറയണം . ഗുജറാത്തിനെ ഇകഴ്ത്തി കാട്ടാന്‍ കേന്ദ്രം നടത്തുന്ന കണക്കുകളിയാണെന്ന് പറയണം. അല്ലെങ്കില്‍ ഗുജറാത്ത് വികസനത്തിന്റെ മാതൃകയല്ലെന്ന് സമ്മതിക്കണം. ഗുജറാത്ത് സര്‍ക്കാര്‍ തന്നെ (സാമൂഹിക, സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്, 2012-2013, ഗുജറാത്ത് സര്‍ക്കാര്‍) വ്യാവസായിക വികസനത്തിനനുസരിച്ച് സാമൂഹിക പുരോഗതി ഗുജറാത്തില്‍ ഉണ്ടായിട്ടില്ലെന്ന കാര്യം സൂചിപ്പിക്കുന്നുണ്ട്. അതിനര്‍ഥം മോദി രോമഹര്‍ഷത്തോടെ പറയുന്ന ജി ഡി പിയിലെ രണ്ടക്ക വളര്‍ച്ച ജനജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല എന്നാണ്. ഇന്ത്യയെപ്പോലെ ഒരു വശത്തേക്ക് വല്ലാതെ ചെരിഞ്ഞാണ് ഗുജറാത്തും വികസിക്കുന്നത്. അതായത് നിര്‍മാനുഷികവും അസമവുമായ വളര്‍ച്ച.
2013 ലെ കണക്കനുസരിച്ച് 97.5 ശതമാനവുമായി സാക്ഷരതാ നിരക്കില്‍ കേരളം തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. അതേസമയം ഗുജറാത്തിന്റെ സ്ഥാനം (81.2ശതമാനം) പതിമൂന്നാമതാണ്. 2011ല്‍ യുനൈറ്റഡ് നാഷനല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം പ്രസിദ്ധീകരിച്ച മാനവവികസന റിപ്പോര്‍ട്ട് പ്രകാരം ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും കേരളം തന്നെയാണ് ഒന്നാമത്. 76.8 വയസ്സാണ് കേരളീയരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം. ഗുജറാത്തിന്റെ കാര്യത്തില്‍ അത് 69.4 ആണ്. സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്തിന്റെ സ്ഥാനം വളരെ പിറകില്‍; അതായത് പന്ത്രണ്ടാം സ്ഥാനത്ത്. 2012 ലെ പഠനമനുസരിച്ച് ഗുജറാത്തിലെ ശിശുമരണനിരക്ക് 4.4 ശതമാനം ആണ്. കേരളത്തിലത് 1.6 ശതമാനം മാത്രമാണ്. അതായത് ശിശുമരണനിരക്കില്‍ പതിനൊന്നാം സ്ഥാനത്താണ് ഗുജറാത്ത് നില്‍ക്കുന്നത്. ശിശുശാപത്തില്‍ നിന്ന് ഗുജറാത്ത് മുക്തമാകണമെങ്കില്‍ മോദി ഇനിയും ഒരുപാട് കിതക്കേണ്ടിവരും. സ്‌കൂളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപ്പോക്കാണ് ഗുജറാത്ത് നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നം. യുനൈറ്റഡ് നാഷന്‍സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം നടത്തിയ പഠനമനുസരിച്ച് ഗുജറാത്തില്‍ 59 ശതമാനം കുട്ടികളും വിദ്യാലയങ്ങള്‍ വിട്ടുപോകുന്നു. ഈ കാര്യത്തിലും ഗുജറാത്തിന ്(18ാം സ്ഥാനം) ഉന്നതസ്ഥാനമുണ്ട്. കേരളത്തിലാണ് കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ്. ഈ രീതിയില്‍ ഗുജറാത്തിന് ഇനിയും നിരവധി അലങ്കാരങ്ങളുണ്ടെന്ന് ആധികാരിക പഠനങ്ങള്‍ തന്നെ തെളിയിക്കുന്നു. ഒരു കാര്യം ശരിയാണ്; പല മാനവ വികസന കാര്യത്തിലും ഇന്ത്യന്‍ ശരാശരിയേക്കാള്‍ അല്‍പ്പസ്വല്‍പ്പം മെച്ചങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഗുജറാത്തിന് കഴിയും. കാരണം ദാരിദ്യത്തിന്റെയും പോഷകാഹാരക്കുറവിന്റെയും കാര്യത്തില്‍ തൊട്ടടുത്ത ബംഗ്ലാദേശിനേക്കാള്‍ മോശമായ സ്ഥിതിയിലാണ് ഇന്ത്യ തുടരുന്നത്. അതുകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വളര്‍ച്ചയിലല്ലെന്ന് ഒരാളും പറയില്ല. പക്ഷേ, ആ വളര്‍ച്ച ജനജീവിതത്തില്‍ സ്പന്ദിക്കുന്നില്ല. വളരുന്നത് കോര്‍പ്പറേറ്റുകളും സമ്പന്നരുമാണ്. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നു. ഇന്ത്യക്കാരില്‍ ആറിലൊരാള്‍ കോടീശ്വരനാണെന്നതിലാണ് നമുക്ക് അഭിമാനം. ബാക്കി അഞ്ച് പേര്‍ക്ക് എന്തു സംഭവിച്ചു? ജീവിതം അവര്‍ക്ക് നഷ്ടസ്വര്‍ഗങ്ങളാണ്. ഗുജറാത്തിലും അതുതന്നെ സംഭവിക്കുന്നു. വികസനത്തിന്റെ പൊങ്ങച്ചകഥകളില്‍ ഗുജറാത്ത് അതിന്റെ സത്യം തമസ്‌കരിക്കുന്നു. ചുരുക്കത്തില്‍ കോണ്‍ഗ്രസിന്റെ അതേ വികസനവണ്ടി തന്നെയാണ് മോദിയും ഓടിക്കുന്നത്. കോണ്‍ഗ്രസിന് മതേതരത്വത്തിന്റെ ഒരു ഉറച്ച പാരമ്പര്യമുണ്ട്. മോദി അത്യുഗ്ര സ്‌ഫോടനശേഷിയുള്ള ഹിന്ദു വര്‍ഗീയവാദത്തിന്റെ കൂടി പ്രതീകമാണ്്. അതായത് മോദി വിഭാവനം ചെയ്യുന്ന ഭാരതത്തില്‍ ദാരിദ്ര്യം മാത്രമല്ല മതവൈരവും മൂര്‍ച്ഛിക്കും.
ബി ജെ പി പറയുന്നതുപോലെ വികസനം തന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ അജന്‍ഡ എന്ന് സമ്മതിക്കുക. കേരളത്തിന്റെ നേട്ടങ്ങള്‍ തത്ക്കാലം വിസ്മരിക്കാം. എന്തുകൊണ്ട് ബീഹാര്‍ മോഡല്‍ ചര്‍ച്ച ചെയ്യുന്നില്ല? ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ സാമ്പത്തിക വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ബീഹാര്‍. പ്രതിവര്‍ഷം 11.95 ശതമാനമാണ് ബിഹാറിന്റെ ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക്(എക്കണോമിക്‌സ് സര്‍വേ, 2012-13) പത്താം പഞ്ചവത്സര പദ്ധതിയുടെ കാലത്ത് 5.67 ശതമാനം മാത്രമായിരുന്നു അവിടുത്തെ വളര്‍ച്ചാ നിരക്ക്. മാത്രമല്ല, ദരിദ്രര്‍ക്കും പിന്നാക്ക സമൂഹത്തിനും വേണ്ടി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന് സാധിച്ചിട്ടുമുണ്ട്. അതോടൊപ്പം പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനു വേണ്ടി അഭിനന്ദനാര്‍ഹമായ പല കാര്യങ്ങളും ബീഹാര്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, അവയെല്ലാം മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിച്ചിരിക്കുന്നു. മാധ്യമങ്ങള്‍ മാത്രമല്ല, ഇന്ത്യയിലും വികസിത രാജ്യങ്ങളിലുമുള്ള കോര്‍പ്പറേറ്റുകളും മോദിയേയും ബി ജെ പിയേയും സദാ വാഴ്ത്തിക്കൊണ്ടിരിക്കുന്നു. അമേരിക്കയിലെ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് എന്ന പ്രശസ്ത ഗവേഷനസ്ഥാപനം 2011 സെപ്തംബറില്‍ ഗുജറാത്തിലെ വികസനത്തെ മുന്‍നിര്‍ത്തി മോദിയെ കലവറയില്ലാതെ പ്രശംസിച്ചിരുന്നു. സദ്ഭരണത്തിന്റെയും ഫലപ്രദമായ വികസനത്തിന്റെയും കാര്യത്തില്‍ ഉത്തമ ഉദാഹരണമാണത്രേ ഗുജറാത്ത്. ചുവപ്പ് നാടയും അഴിമതിയും ഒഴിവാക്കി വികസനപ്രവര്‍ത്തനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ മോദിക്ക് കഴിഞ്ഞുവെന്നും അവര്‍ പറയുന്നു. മാനവ വികസന കാര്യത്തില്‍ പതിനൊന്നാം സ്ഥാനത്ത് മാത്രം നില്‍ക്കുന്ന ഗുജറാത്ത് സംസ്ഥാനത്തിന്റെ പേരില്‍ എങ്ങനെയാണ് മോദി വികസനത്തിന്റെ പ്രതീകമാകുന്നത്? ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തെക്കുറിച്ച് എന്തുകൊണ്ട് മാധ്യമങ്ങള്‍ മൗനം ദീക്ഷിക്കുന്നു? എന്തുകൊണ്ട് അതിവേഗം സാമൂഹിക, സാമ്പത്തിക വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ബീഹാര്‍ ചിത്രത്തില്‍പ്പോലും ഇല്ലാതാകുന്നു? യഥാര്‍ഥത്തില്‍ ആരാണ് ഇന്ത്യക്കുവേണ്ടി പ്രധാനമന്ത്രിയെ കണ്ടെത്തുന്നത്? ഗുജറാത്ത് മോദിയുടെ മാത്രം നാടല്ല അംബാനിയുടെതുമാണെന്നത് യാദൃച്ഛികം മാത്രമാണോ? ഗുജറാത്തിലെ ചോര്‍വാഡ് എന്ന സ്ഥലമാണ് ധീരുബായ് അംബാനിയുടെ ജന്മസ്ഥലം.

Latest