പ്രഭാഷണത്തിനിടെ സ്വാമി സാന്ദീപാനന്ദഗിരിയെ ആര്‍ എസ് എസുകാര്‍ ഓടിച്ചിട്ടു തല്ലി

Posted on: April 1, 2014 11:54 pm | Last updated: April 1, 2014 at 11:54 pm

sandeepananda-giriതിരൂര്‍: തുഞ്ചന്‍പറമ്പില്‍ പ്രഭാഷണത്തിനിടെ സ്വാമി സാന്ദീപാനന്ദ ഗിരിയെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഓടിച്ചിട്ടു തല്ലി. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം.
അമൃതാനന്ദമയിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് വിവിധ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിന് പാത്രമായ സ്വാമി തുഞ്ചന്‍പറമ്പില്‍ മൂന്ന് ദിവസത്തെ ആധ്യാത്മിക ക്ലാസ് സംഘടിപ്പിച്ചിരുന്നു. ആദ്യ ദിവസം ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല തുടങ്ങിയവരെ ഇദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നുവത്രേ. ഇതില്‍ പ്രകോപിതരായ ഒരു സംഘം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഇന്നലെ സ്ഥലത്തെത്തി സ്വാമിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയുണ്ട്. ഇവര്‍ പിരിഞ്ഞു പോയതിനെ തുടര്‍ന്ന് സ്വാമി സാന്ദീപാനന്ദഗിരി പ്രസംഗം തുടര്‍ന്നതോടെ പത്തോളം വരുന്ന സംഘം തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഓടിച്ചിട്ട് തല്ലിയ സ്വാമിയുടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞു. മര്‍ദനം ശക്തമായതോടെ സ്വാമി തുഞ്ചന്‍പറമ്പിലെ ഓഫീസിലേക്ക് ഓടിക്കയറി. ഓഫീസ് ജീവനക്കാര്‍ സ്വാമിയെ എം ടി വാസുദേവന്‍ നായരുടെ റൂമിലേക്ക് കൊണ്ടു പോയി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പോലീസ് സംരക്ഷണത്തില്‍ പ്രഭാഷണം തുടര്‍ന്നു.